തെരഞ്ഞെടുപ്പ് ഫലം നിരാശജനകം -കോൺഗ്രസ്; പണമൊഴുക്കിയിട്ടും ബി.ജെ.പിക്ക് ലഭിച്ചത് നേരിയ വിജയം -പി.ബി

ന്യൂഡൽഹി: ത്രിപുര, നാഗാലാൻഡ്, മേഘാലയ തെരഞ്ഞെടുപ്പ് ഫലം നിരാശജനകമാണെന്ന് കോൺഗ്രസ്. എന്നാൽ മൂന്ന് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വിജയം പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നതാണെന്നും കോൺഗ്രസ് മാധ്യമപ്രചാരണ വിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ഉടൻ യോഗം ചേരുമെന്നും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ നില കൂടുതൽ മെച്ചപ്പെടുത്തും. ഭാവി ലക്ഷ്യംെവച്ചാണ് ഇത്തവണ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ യുവാക്കളെ രംഗത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. മേഘാലയയിൽ പാർട്ടിക്ക് അഞ്ചു സീറ്റ് മാത്രമാണ് ലഭിച്ചത്.

നാഗാലാന്‍ഡിൽ ഒരു സീറ്റ് പോലും നേടാനായില്ല. ത്രിപുരയിൽ 13 സീറ്റിൽ മത്സരിച്ചെങ്കിലും മൂന്ന് സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. അതേസമയം ദേശീയ നേതാക്കൾ പ്രചാരണത്തിന് എത്താത്തത് പാർട്ടിയെ പ്രതികൂലമായി ബാധിച്ചതായി സംസ്ഥാന നേതൃത്വങ്ങൾ വിലയിരുത്തി.

ബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പാർട്ടി വിജ‍യിച്ചത്. ഇവിടങ്ങളിൽ പതിറ്റാണ്ടുകളായി എതിർകക്ഷികൾ കൈവശംവെക്കുന്ന സീറ്റുകൾ പാർട്ടി പിടിച്ചെടുക്കുകയായിരുന്നു.

ന്യൂഡല്‍ഹി: പണമൊഴുക്കിയിട്ടും ക്രമക്കേട് നടത്തിയിട്ടും ത്രിപുരയില്‍ ബി.ജെ.പിക്ക് നേരിയ വിജയം മാത്രമാണ് ലഭിച്ചതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ.

ഇടത് മുന്നണിക്കും പ്രതിപക്ഷത്തിനും വോട്ട് ചെയ്തവര്‍ക്ക് അഭിവാദ്യം ചെയ്യുന്നതായും ജനതാൽപര്യം മുന്‍നിര്‍ത്തി പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ അറിയിച്ചു. ജനങ്ങളുടെ താൽപര്യങ്ങള്‍ സംരക്ഷിക്കാന്‍ സി.പി.എം ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    
News Summary - Election results are disappointing - Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.