ന്യൂഡൽഹി: ബി.ജെ.പി കോടികൾ വാരിയ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ പൊതുതെരഞ്ഞെടുപ്പ് കഴിയുംവരെ സമയം ചോദിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒത്തുകളിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നു. എസ്.ബി.ഐ ‘മൊദാനി’ കുടുംബത്തിന്റെ ഭാഗമായെന്ന് രാഹുൽ ഗാന്ധിയും രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെ ബി.ജെ.പി പരിചയാക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കുറ്റപ്പെടുത്തി. എസ്.ബി.ഐക്കെതിരെ രാജ്യവ്യാപക പ്രതിഷേധവും കോൺഗ്രസ് പ്രഖ്യാപിച്ചു. ബി.ജെ.പിയെ സഹായിക്കുന്ന എസ്.ബി.ഐക്കെതിരെ സി.പി.എമ്മും രംഗത്തുവന്നു.
എസ്.ബി.ഐയുടെ മുംബൈ ശാഖയിലുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ സമയം ചോദിച്ചത് പരിഹാസ്യമാണെന്ന് വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് വിമർശിച്ചു. രാജ്യത്തെ ഡിജിറ്റൽ ഇന്ത്യയാക്കിയ മോദിയെ ഇതിലൂടെ അവഹേളിച്ച എസ്.ബി.ഐ ചെയർമാനെയും ഡയറക്ടർമാരെയും ശിക്ഷിക്കണമെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പരിഹസിച്ചു.
തെരഞ്ഞെടുപ്പ് ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയവരുടെ മുഴുവൻ വിവരങ്ങളും മാർച്ച് ആറിനകം തെരഞ്ഞെടുപ്പ് കമീഷന് കൈമാറാൻ പദ്ധതി റദ്ദാക്കിയുള്ള വിധിയിൽ കോടതി എസ്.ബി.ഐയോട് നിർദേശിച്ചിരുന്നു. മാർച്ച് 13 ഓടെ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിടണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഫെബ്രുവരി 15നാണ് ഉത്തരവിട്ടത്. എന്നാൽ, അതിനാവില്ലെന്നും ജൂൺ 30 വരെ സമയം വേണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് എസ്.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്.
2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകൾ വിതരണം ചെയ്തുവെന്നും ഇവയുടെ വിവരങ്ങൾ മുദ്രവെച്ച കവറുകളിൽ മുംബൈയിലെ പ്രധാന ശാഖയിലാണെന്നും ബാങ്ക് ബോധിപ്പിച്ചിട്ടുണ്ട്. ഇവ ഡീകോഡ് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയപരിധി അപര്യാപ്തമാണെന്നാണ് എസ്.ബി.ഐയുടെ അവകാശവാദം.
മോദിയെയും ബി.ജെ.പിയെയും രക്ഷിക്കാൻ തെരഞ്ഞെടുപ്പ് കഴിയും വരെ സമയം ചോദിച്ചത് നീതിയോടുള്ള പരിഹാസമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ‘ഒന്നിന് പകരം മറ്റൊന്ന്’ എന്ന നിലക്കുള്ള ഇടപാടാണ് ഇലക്ടൽ ബോണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് യെച്ചൂരി ഓർമിപ്പിച്ചു.
ഡിജിറ്റൽ കാലത്ത് ഈ വിവരങ്ങളെല്ലാം കേവലമൊരു മൗസ് ക്ലിക്കിനപ്പുറമുള്ളപ്പോൾ ഇത്രയും സമയം നീട്ടിച്ചോദിച്ചത് സംശയങ്ങളുയർത്തുന്നുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളെക്കുറിച്ച വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് കൈമാറാൻ സുപ്രീംകോടതിയോട് മൂന്നര മാസത്തിലധികം സമയം നീട്ടിച്ചോദിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യുടേത് അപഹാസ്യ നിലപാടാണെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത. ഇലക്ടറൽ ബോണ്ട് സംബന്ധിച്ച വിവരങ്ങൾ തരംതിരിച്ച് സൂക്ഷിക്കണമെന്ന് 2019ൽ ജസ്റ്റിസ് ദീപക് ഗുപ്ത കൂടി അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചിരുന്നു. വിവരങ്ങൾ കൈമാറണമെന്ന് കോടതി ആവശ്യപ്പെട്ടാൽ എത്രയും പെട്ടെന്ന് നൽകേണ്ടത് ബാങ്കിന്റെ ബാധ്യതയാണെന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു. വിവരങ്ങൾ ക്രോഡീകരിച്ച് കൈമാറാൻ മണിക്കൂറുകളോ ദിവസങ്ങളോ മാത്രം മതിയെന്നിരിക്കെ എസ്.ബി.ഐ ഇത്രയും വൈകിപ്പിക്കുന്നത് എന്തിനാണ്? വോട്ടെടുപ്പിന് അഞ്ചോ ആറോ ദിവസം മുമ്പ് വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.