നീറ്റ് പേപ്പർ ചോർച്ച: രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് സി.ബി.ഐ

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷ‍യായ നീറ്റ് - യു.ജിയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ രണ്ട് പേരെ കൂടി സി.ബി.ഐ അറസ്റ്റ് ചെയ്തു. പേപ്പർ ചോർത്തിയെന്ന് സംശയിക്കുന്ന ബിഹാർ സ്വദേശിയും എൻജിനീയറുമായ പങ്കജ് കുമാർ, ഇയാളുടെ സഹായി രാജു സിങ് എന്നിവരാണ് അറസ്റ്റിലായത്. ഹസാരിബാഗിൽവച്ച് പങ്കജ് കുമാർ പേപ്പർ മോഷ്ടിച്ചതായാണ് വിവരം. പിന്നീട് ഇയാൾ വിൽപ്പനക്ക് വെച്ചതായും സി.ബി.ഐ പറയുന്നു. പേപ്പർ ചോർന്നിട്ടില്ലെന്ന് പരീക്ഷാ നടത്തിപ്പുകാരായ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ആവർത്തിക്കുന്നതിനിടെയാണ് സി.ബി.ഐ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുന്നത്.

മേയിൽ നടന്ന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നെന്ന് കാണിച്ച് വിദ്യാർഥികൾ പ്രക്ഷോഭവുമായി രംഗത്തുവന്നതോടെയാണ് സംഭവത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. ജൂൺ ഒടുവിൽ ബിഹാറിൽ നിന്നാണ് സി.ബി.ഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. പട്നയിൽനിന്നാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ മഹാരാഷ്ട്ര‍യിലും ഗുജറാത്തിലും ഉൾപ്പെടെ ക്രമക്കേട് നടന്നതായാണ് സി.ബി.ഐയുടെ കണ്ടെത്തൽ.

വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി കേന്ദ്രത്തെ നിശിതമായി വിമർശിച്ചു. പരീക്ഷയുടെ പവിത്രത കളങ്കപ്പെടാൻ അനുവദിക്കരുതെന്നും കുറ്റക്കാർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി. ക്രമക്കേടിന്‍റെ വ്യാപ്തി കണ്ടെത്താൻ കോടതി നിർദേശിച്ചിട്ടുണ്ട്. പുനഃപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജികൾ സുപ്രീംകോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Tags:    
News Summary - NEET-UG Paper Leak Probe: CBI Makes Two More Arrests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.