രാഹുൽ പക്വതയുള്ള രാഷ്ട്രീയക്കാരനായി; ​ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയഭൂമികയെ തന്നെ മാറ്റി-അമർത്യാസെൻ

ന്യൂഡൽഹി: കഴിഞ്ഞ 10 വർഷം കൊണ്ട് രാഹുൽ ഗാന്ധി പക്വതയുള്ള രാഷ്ട്രീയ നേതാവായി മാറിയെന്ന് നൊബേൽ സമ്മാന ജേതാവ് അമർത്യസെൻ. മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ ഭരണകാലത്ത് പ്രതിപക്ഷത്തെ നയിക്കുകയെന്നതാണ് രാഹുലിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്ര രാഹുലിനെ മാത്രമല്ല ഇന്ത്യയുടെ രാഷ്ട്രീയഭൂമികയേയും മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. രാഹുലിനെ ട്രിനിറ്റി കോളജിൽ പഠിക്കുമ്പോൾ മുതൽ എനിക്കറിയാം. ആ സമയത്ത് രാഹുൽ തന്നെ കാണാൻ വന്നിരുന്നു. പക്ഷേ രാഷ്ട്രീയത്തെ കുറിച്ച് രാഹുലിന് അന്ന് ഒന്നും അറിയുമായിരുന്നില്ലെന്നും അമർത്യാസെൻ പറഞ്ഞു.

രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചപ്പോൾ രാഹുൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടു. എന്നാൽ, അതിൽ നിന്നെല്ലാം പാഠം ഉൾക്കൊണ്ട് രാഹുൽ മികച്ച രാഷ്ട്രീയക്കാരനായി മാറിയെന്നും അമർത്യാസെൻ പറഞ്ഞു. സ്വന്തം സ്വഭാവ സവിശേഷതകൾ കൊണ്ട് മാത്രം തെരഞ്ഞെടുപ്പിനെ നേരിടാനാവില്ല. രാജ്യത്തിന്റെ നിലവിലെ അവസ്ഥയും​ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, രാഹുൽ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകുമോയെന്ന ചോദ്യത്തിന് മറുപടി പറയാൻ താൻ തയാറല്ലെന്നും അമർത്യാസെൻ കൂട്ടിച്ചേർത്തു. ഒട്ടും താൽപര്യമില്ലാതെയാണ് മൻമോഹൻ സിങ് പ്രധാനമന്ത്രിയായത്. എന്നാൽ, മികച്ച രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും സെൻ ചൂണ്ടിക്കാട്ടി.

അസമത്വവും വിഭാഗീയതയും വർധിച്ചു വരുന്ന ഒരു രാജ്യത്ത് രാഹുൽ എങ്ങനെ പ്രതിപക്ഷത്തെ നയിക്കുന്നുവെന്നത് പ്രധാനപ്പെട്ട വിഷയമാണ്. ഭൂരിപക്ഷ സമുദായം ന്യൂനപക്ഷങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിക്കുന്ന കാലത്ത് ഇത് ഒന്നുകൂടി പ്രാധാന്യമർഹിക്കുന്നുണ്ടെന്നും അമർത്യാസെൻ പറഞ്ഞു.

Tags:    
News Summary - Rahul has matured as politician, will be tested as Oppn leader: Amartya Sen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.