ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപ്പിടിച്ചു; കത്തിനശിച്ചത് 20 പുത്തൻ ഇ.വികൾ, അപകടമുണ്ടായത് ട്രക്കിൽ കൊണ്ടുപോകുന്നതിനിടെ

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന 20 ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു. ജിതേന്ദ്ര ഇ.വി എന്ന കമ്പനിയുടെ സ്കൂട്ടറുകളാണ് കത്തിനശിച്ചത്.

40 ഇലക്ട്രിക് സ്കൂട്ടറുകളാണ് ട്രക്കിൽ കൊണ്ടുപോയിരുന്നത്. കമ്പനി കേന്ദ്രത്തിൽ നിന്ന് ട്രക്ക് പുറപ്പെട്ടതിന് പിന്നാലെ പുക ഉയരുകയായിരുന്നു. തുടർന്നാണ് സ്കൂട്ടറുകൾക്ക് തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. ട്രക്കിലെ മുകൾ നിലയിലുണ്ടായിരുന്ന 20 സ്കൂട്ടറുകളും കത്തിനശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും സുരക്ഷക്ക് വലിയ പ്രാധാന്യമാണ് തങ്ങൾ നൽകുന്നതെന്നും കമ്പനി വ്യക്തമാക്കി.

സമീപകാലത്തായി ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർധിക്കുകയാണ്. ആറ് സംഭവങ്ങൾ ഈയിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ച് 26ന് ഒലയുടെ എസ്1 പ്രൊ സ്കൂട്ടറിന് പൂനയിൽ തീപിടിച്ചിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ ഇലക്ട്രിക് സ്കൂട്ടറിന് തീപ്പിടിച്ച് 13കാരിയും പിതാവും മരിച്ചിരുന്നു. ബാറ്ററി ചാർജ് ചെയ്യാൻ വെച്ച് ഉറങ്ങുന്നതിനിടെയായിരുന്നു അപകടം.


തീപിടിത്ത സംഭവങ്ങൾ ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്നത് കുതിപ്പ് നടത്താനൊരുങ്ങുന്ന ഇലക്ട്രിക് വാഹന മേഖലക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്. 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് 1,34,821 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2021-22ൽ 4,29,417 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. 

Tags:    
News Summary - Electric vehicles catch fire again, 20 e-scooters burst into flames in Nashik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.