ജോഷിമഠിൽ ഒഴിപ്പിക്കൽ തുടങ്ങി; 50 കുടുംബങ്ങളെ മാറ്റി

െഡറാഡൂൺ: വിചിത്രമായ പ്രതിഭാസംമൂലം ഭൂമി ഇടിഞ്ഞുതാഴ്ന്നും വിള്ളല്‍ വീണും നിരവധി വീടുകള്‍ അപകടാവസ്ഥയിലായ ജോഷിമഠ് പട്ടണത്തിൽ കുടുംബങ്ങളെ മാറ്റിത്തുടങ്ങി. 600ഓളം കുടുംബങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാൻ ഉത്തരഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി. 50ഓളം കുടുംബങ്ങളെ മാറ്റി.

വിഷ്ണു പ്രയാഗ് ജൽ വിദ്യുത് പരിയോജന ജീവനക്കാർക്കുള്ള കോളനിയിലെ 60 കുടുംബങ്ങളെ നേരത്തെ മാറ്റിയിരുന്നു. ശനിയാഴ്ച ജോഷിമഠം സന്ദർശിച്ച മുഖ്യമന്ത്രി ദുരിതബാധിതരെ നേരിൽക്കണ്ടു. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പൗരന്മാരുടെ ജീവൻ രക്ഷിക്കുന്നതിനാണ് മുഖ്യ പരിഗണനയെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കും. ആളുകളെ വിമാനത്തിൽ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കും.

ദുരന്തനിവാരണ മുറി സ്ഥാപിക്കും. ദുരിതബാധിതരെ സഹായിക്കാൻ സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനകളെ വിന്യസിക്കും. ആവശ്യമെങ്കിൽ ഹെലികോപ്ടർ സേവനം ലഭ്യമാക്കും.

ജോഷിമഠിലെ സ്ഥിതിഗതികൾ പരിഹരിക്കുന്നതിനുള്ള ഹ്രസ്വ, ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യും-അദ്ദേഹം പറഞ്ഞു.

ഗർവാൾ കമീഷണർ സുശീൽ കുമാറും ഡിസാസ്റ്റർ മാനേജ്‌മെന്റ് സെക്രട്ടറി രഞ്ജിത് കുമാർ സിൻഹയും വിദഗ്ധ സംഘവും അവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. സിംഗ്ധറിൽ വെള്ളിയാഴ്ച വൈകീട്ട് ഒരു ക്ഷേത്രം തകർന്നിരുന്നു. 15 ദിവസമായി വലിയ വിള്ളലുകൾ ഉണ്ടായതിനെത്തുടർന്ന് ഉപേക്ഷിച്ച ക്ഷേത്രമാണ് തകർന്നത്. നിരവധി വീടുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും തകരുകയും ചെയ്തു. ചാർധാം ഓൾ-വെതർ റോഡ്, നാഷനൽ തെർമൽ പവർ കോർപറേഷന്റെ ജലവൈദ്യുതി പദ്ധതി തുടങ്ങിയ ബൃഹദ് പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ ഓലി റോപ് വേക്കടിയിൽ വലിയ വിള്ളൽ വീണു, പ്രവർത്തനം നിർത്തിവെച്ചു. ഒരു വർഷത്തിലേറെയായി മണ്ണിടിച്ചിലുണ്ടെങ്കിലും രണ്ടാഴ്ചയായി പ്രശ്നം രൂക്ഷമാണ്.

മൂന്നുദിവസം മുമ്പ് ഒരു ജലാശയം പൊട്ടിത്തെറിച്ച മാർവാരി പ്രദേശത്താണ് ഏറ്റവും കൂടുതൽ നാശനഷ്ടം.

അതേസമയം, പുനരധിവാസം ആവശ്യപ്പെട്ട് ജോഷിമഠ് തഹസിൽദാർ ഓഫിസിൽ ജനങ്ങൾ വെള്ളിയാഴ്ചയും പ്രതിഷേധ ധർണ നടത്തി. ഭരണകക്ഷിയായ ബി.ജെ.പി സ്ഥിതിഗതികൾ വിലയിരുത്താൻ സംഘത്തെ അയച്ചു.

ദുരിതാശ്വാസം വേണം - ശങ്കരാചാര്യർ

ഹരിദ്വാർ: ജീവൻ അപകടത്തിലായ ജോഷിമഠിലെ ജനങ്ങൾക്ക് പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്ന് ജ്യോതിഷ് പീഠ് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് ആവശ്യപ്പെട്ടു.

വികസനത്തിന്റെ പേരിൽ ഹിമാലയൻ മേഖലയെ ആസൂത്രിതമായി നശിപ്പിക്കുകയാണെന്നാരോപിച്ച ശങ്കരാചാര്യ അതിർത്തി പട്ടണത്തിലെ ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞു.

Tags:    
News Summary - Evacuation begins in Joshimath; 50 families were relocated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.