ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി രണ്ടു വർഷം ജയിലിലടച്ച പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ സുപ്രീംകോടതി വിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ജാമ്യമായില്ല. യു.പി സ്വദേശികളായ രണ്ടു പേരുടെ ആൾജാമ്യം വേണമെന്ന എൻ.ഐ.എ കോടതിയുടെ വ്യവസ്ഥയാണ് യു.എ.പി.എ കേസിൽ മോചനത്തിന് തടസ്സം.
സിദ്ദീഖിനെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് ലഖ്നോ ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇതിനു മുമ്പ്, യു.എ.പി.എ കേസിൽ ജയിൽ മോചനത്തിനായി രണ്ട് യു.പി സ്വദേശികളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണെന്ന് ഡൽഹിയിൽനിന്ന് ലഖ്നോവിലെത്തിയ അഭിഭാഷകൻ കെ.എസ്. മുഹമ്മദ് ഡാനിഷ് മാധ്യമത്തോട് പറഞ്ഞു. യു.പി സ്വദേശികൾക്കു പകരം സിദ്ദീഖിന്റെ ഭാര്യ റൈഹാനത്തും സഹോദരനും ആൾജാമ്യം നിൽക്കാമെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
മൂന്നു ദിവസത്തിനകം വിചാരണ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്ന ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ യു.പി പൊലീസ് സിദ്ദീഖിനെ തിങ്കളാഴ്ച ലഖ്നോ എൻഐ.എ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് രണ്ട് യു.പി സ്വദേശികളുടെ ആൾജാമ്യവും ലക്ഷം രൂപ വീതവും വേണമെന്ന വ്യവസ്ഥവെച്ചത്. ഇ.ഡി കേസിൽ നൽകിയ ജാമ്യ അപേക്ഷ നേരത്തെ പരിഗണിക്കണമെന്ന അപേക്ഷ ജില്ലാ കോടതി അംഗീകരിച്ചതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.