ന്യൂഡൽഹി: ദുരിതാശ്വാസ പ്രവർത്തനം പോലും ദുഷ്കരമായ സ്ഥിതിവിശേഷത്തിലേക്ക് മണിപ്പൂർ എത്തിയിരിക്കുകയാണെന്ന് കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷൻ പ്രഫ. മുഹമ്മദ് സലീമും ദേശീയ സെക്രട്ടറി മൗലാനാ ശാഫി മദനിയും വാർത്തസമ്മേളനത്തിൽ അറിയിച്ചു. മറുവിഭാഗത്തിന്റെ മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതുപോലും തടയുന്ന തരത്തിലേക്ക് മെയ്തേയി-കുക്കി അകൽച്ച മണിപ്പൂരിനെ കൊണ്ടെത്തിച്ചുവെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ഇസ്ലാമോഫോബിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളിൽപോലും പടർത്തുന്ന സംഭവങ്ങൾ മുസഫർ നഗറിലും ഡൽഹിയിലും കർണാടകയിലും റിപ്പോർട്ട് ചെയ്തതിൽ പ്രഫ. സലീം ആശങ്കപ്രകടിപ്പിച്ചു. വടക്കേ ഇന്ത്യയിൽനിന്ന് തെക്കേ ഇന്ത്യയിലേക്കും ഇസ്ലാമോഫോബിയ പടരുകയാണ്. ഇതൊരു സാമൂഹികതിന്മയായി കണ്ട് നേരിടാൻ സർക്കാർ തയാറാകണമെന്നും ഇതിനായി നിയമനിർമാണം നടത്തണമെന്നും മുഹമ്മദ് സലീം ആവശ്യപ്പെട്ടു.
പൗരനുമേൽ സർക്കാറിന്റെ നിരീക്ഷണം വർധിപ്പിക്കുന്നതും വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യുന്നതുമാണ് കേന്ദ്രസർക്കാറിന്റെ ഡേറ്റ സംരക്ഷണ ബിൽ എന്ന് ജമാഅത്തെ ഇസ്ലാമി മാധ്യമവിഭാഗം ദേശീയ സെക്രട്ടറി കെ.കെ. സുഹൈൽ അഭിപ്രായപ്പെട്ടു. വ്യക്തികളുടെ അനുമതികൂടാതെ അവരുടെ വിവരങ്ങൾ തേടാൻ സർക്കാറിന് അധികാരം നൽകുന്ന ബിൽ ജനാധിപത്യത്തെ കൂടുതൽ ദുർബലപ്പെടുത്തുമെന്നും സുഹൈൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.