ന്യൂഡൽഹി: വോട്ടുയന്ത്രത്തെക്കുറിച്ചുള്ള സംശയങ്ങൾ ചർച്ചചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിളിച്ച സർവകക്ഷിേയാഗം വെള്ളിയാഴ്ച ഡൽഹിയിൽ നടക്കും. വോട്ടുയന്ത്രത്തിൽ കൃത്രിമം നടത്താൻ സാധിക്കുമെന്ന് തെളിയിക്കാൻ കഴിയുന്നവർക്ക് മേയ് ആദ്യം അവസരമൊരുക്കുമെന്ന് കമീഷൻ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ആ തീയതി മാറ്റിയാണ് മേയ് 12ന് തീരുമാനിച്ചത്. സർവകക്ഷിയോഗം ഏതു രീതിയിലാണ് നടത്തേണ്ടതെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളോട് കഴിഞ്ഞ ദിവസം കമീഷൻ നിർദേശം ആരാഞ്ഞിരുന്നു. അതിനിടെ, വോട്ടുയന്ത്രത്തിൽ കൃത്രിമം ആരോപിച്ച് വ്യാഴാഴ്ച ‘ജനാധിപത്യത്തെ സംരക്ഷിക്കുക’ എന്ന പേരിൽ ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പു കമീഷൻ ആസ്ഥാനം ഉപരോധിച്ചു.
ഡൽഹി ഗതാഗത മന്ത്രി ഗോപാൽ റായിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് കമീഷൻ ആസ്ഥാനത്ത് തടഞ്ഞതോടെ പൊലീസും പ്രവർത്തകരുമായി നേരിയ തോതിൽ സംഘർഷമുണ്ടായി. ഇതേത്തുടർന്ന് കമീഷൻ ആസ്ഥാനം പ്രവർത്തകർ ഉപരോധിച്ചു. വോട്ടുയന്ത്രത്തിൽ കൃത്രിമം നടത്താൻ സാധിക്കുമെന്ന് ചൊവ്വാഴ്ച ഡൽഹി നിയമസഭയിൽ സൗരഭ് ഭരദ്വാജ് എം.എൽ.എ പ്രദർശിപ്പിച്ചിരുന്നു.
90 സെക്കൻഡ് സമയം ലഭിക്കുകയാണെങ്കിൽ കോഡ് ഉപയോഗിച്ച് വോട്ടു യന്ത്രത്തിൽ തിരിമറി നടത്താമെന്നായിരുന്നു എം.എൽ.എ വിശദീകരിച്ചത്. ഇതിനു പിന്നാലെയാണ് ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന പേരിൽ കാമ്പയിന് ആം ദ്മി പാർട്ടി തുടക്കമിട്ടത്.
എന്നാൽ, ഡൽഹി നിയമസഭയിൽ ഉപയോഗിച്ചത് യഥാർഥ വോട്ടുയന്ത്രമല്ലെന്നു പറഞ്ഞ കമീഷൻ, സർവകക്ഷിയോഗത്തിൽ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച യഥാർഥ യന്ത്രത്തിൽ കൃത്രിമം നടത്തി കാണിക്കാൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. വെല്ലുവിളി ഏറ്റെടുത്ത ആം ആദ്മി പാർട്ടി കമീഷെൻറ യന്ത്രങ്ങളിലും കൃത്രിമം നടത്തിക്കാണിക്കാമെന്നു പ്രതികരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.