ചെന്നൈ: ചെന്നൈ വ്യാസർപാടി എം.പി.കെ നഗർ കോർപറേഷൻ ഹൈസ്കൂളിലെ 150ാം നമ്പർ പോളിങ് ബൂത്തിലെ വോട്ടുയന്ത്രത്തിൽ ഏത് ബട്ടൺ അമർത്തിയാലും ബി.ജെ.പിയുടെ ‘താമര’ ചിഹ്നത്തിൽ വോട്ടുകൾ വീഴുന്നതായി പരാതി. വോട്ട് രേഖപ്പെടുത്തിയ ഉടൻ വിവിപാറ്റ് മെഷീനിൽ നോക്കുമ്പോഴാണ് താമരക്ക് വോട്ടുകൾ വീഴുന്നത് ശ്രദ്ധയിൽപ്പെട്ടത്. സംഭവം വിവാദമായതോടെ പാർട്ടി പ്രവർത്തകർ ബഹളമുണ്ടാക്കി.
ബൂത്ത് ഏജന്റുമാർ പ്രതിഷേധവുമായി കുത്തിയിരിപ്പ് സമരവും നടത്തി. ഉടനടി വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചു. പിന്നീട് പുതിയ വോട്ടുയന്ത്രം സ്ഥാപിച്ച് വോട്ടെടുപ്പ് പുനരാരംഭിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡി.എം.കെ, അണ്ണാ ഡി.എം.കെ ഭാരവാഹികൾ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്.
മധ്യ ചെന്നൈ ലോക്സഭ മണ്ഡലത്തിലെ പല്ലവൻ ഇല്ലം എന്ന ബൂത്തിലെ വോട്ടുയന്ത്രത്തിൽ നാം തമിഴർ കക്ഷിയുടെ സ്ഥാനാർഥിയുടെ ബട്ടൺ അമർത്തിയാൽ ലൈറ്റ് കത്തുന്നില്ലെന്ന് പരാതി ഉയർന്നതും ഒച്ചപ്പാടിനിടയാക്കി. പ്രതിഷേധത്തെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു. സാങ്കേതിക പ്രശ്നം പരിഹരിച്ചതായി അധികൃതർ അറിയിച്ചതിനെ തുടർന്ന് പോളിങ് പുനരാരംഭിച്ചു. തേനാംപേട്ടയിൽ കമൽഹാസൻ വോട്ട് ചെയ്തപ്പോൾ ബീപ് ശബ്ദം കേൾക്കാത്തതിനെ തുടർന്ന് അദ്ദേഹം അധികൃതരെ വിളിച്ച് സംശയനിവാരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.