മുസ്​ലിംകളും ദലിതരും ഭരണകൂട പരിരക്ഷയോടെ കൊല്ലപ്പെടുന്നു-യു.പിയിലെ ഭരണത്തകർച്ചയെ കുറിച്ച്​ മുൻ ഉദ്യോഗസ്​ഥർ

ലഖ്​നോ: ഉത്തർപ്രദേശിലെ ഭരണത്തകർച്ചയെയും നിയമവാഴ്ചയുടെ കൂസലില്ലാത്ത ലംഘനങ്ങളെയും കുറിച്ച്​ വിരമിച്ച ഉന്നത ഉദ്യോഗസ്​ഥരുടെ തുറന്ന കത്ത്​. അഖിലേന്ത്യ സേവനത്തിലും കേന്ദ്ര സർവീസുകളിലും പതിറ്റാണ്ടുകൾ പ്രവർത്തിച്ചിട്ടുള്ള, ഒരു രാഷ്​​ട്രീയ പാർട്ടിയുമായും ബന്ധമില്ലാത്ത 87 മുൻ ഐ.എ.എസ്​, ഐ.പി.എസ്​, ഐ.എഫ്​.എസ്​ ഉദ്യോഗസ്​ഥരാണ്​ കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്​. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 236 പേർ ഇതിനെ പിന്തുണച്ചിട്ടുമുണ്ട്​. ഭരണഘടനാ മൂല്യങ്ങളിൽ നിന്നും നിയമവാഴ്ചയിൽ നിന്നും പ്രതിദിനം കൂടുതൽ വ്യതിചലിച്ചുകൊണ്ടിരിക്കുന്ന ഒരു ഭരണക്രമമാണ്​ യു.പിയിൽ ഇപ്പോൾ ഭരണാധികാരികൾ നടപ്പാക്കുന്നതെന്ന്​ കത്തിൽ പറയുന്നു. ജില്ലാ മജിസ്​ട്രേറ്റും പൊലീസും ഉൾപ്പെ​െട ഭരണത്തിന്‍റെ എല്ലാ ശാഖകളും അധഃപതിച്ചിരിക്കുകയാണ്​. നിയമവാഴ്ചക്കും ഭരണവ്യവസ്​ഥക്കും സംഭവിച്ചിരിക്കുന്ന ഈ വീഴ്ച തടഞ്ഞില്ലെങ്കിൽ അത്​ ജനാധിപത്യത്തിന്‍റെ വിനാശത്തിന്​ വഴിവെക്കുമെന്നും കത്ത്​ മുന്നറിയിപ്പ്​ നൽകുന്നു.

2017നും 2020നും ഇടക്ക്​ നടന്ന 'ഏറ്റുമുട്ടൽ' കൊലപാതകങ്ങളിൽ 124 പേരാണ്​ കൊല്ലപ്പെട്ടത്​. ഇതിൽ കൂടുതലായും മുസ്​ലിം, ദലിത്​, പിന്നാക്കജാതി വിഭാഗങ്ങളിൽപ്പെട്ടവരാണ്​. 2020 ആഗസ്റ്റ്​ വരെ കൊല്ല​പ്പെട്ടവരിൽ അധികവും മുസ്​ലിമുകളാണ്​ എന്നത്​ അതി​േന്‍റതായ ഭീകരസന്ദേശമാണ്​ നൽകുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആദ്യത്തെ മൂന്ന്​ വർഷത്തിൽ ഒാരോ അഞ്ചുമണിക്കൂറിൽ ഒരു 'ഏറ്റുമുട്ടൽ' എന്ന നിലയിലാണ് സംഭവിച്ചിരിക്കുന്നത്​.​ ഹിന്ദു സ്​ത്രീകളുമായി സൗഹൃദമോ പ്രണയമോ വൈവാഹികമോ ആയി ബന്ധം പുലർത്തുന്ന നിരപരാധികളായ മുസ്​ലിം പുരുഷന്മാരെ 'ലവ്​ ജിഹാദി'ന്‍റെ പേരിൽ കള്ളക്കേസുകളിൽ കുരുക്കാൻ നിയമവിരുദ്ധ മതപരിവർത്തന നിരോധന ഓർഡിനൻസ്​ മത പരിവർത്തന നിരോധന ഓർഡിനൻസ്‌ ഉപയോഗിക്കുകയാണ്​. പ്രണയത്തിനോ വിവാഹത്തിനോ മതപരിവർത്തനം ചെയ്​തുവെന്നാരോപിച്ച്​ 86 പേർക്കെതിരെ കേസെടുക്കുകയും 54 പേരെ അറസ്റ്റ്​ ചെയ്യുകയുമുണ്ടായി. എല്ലാ കേസുകളിലും പ്രതി മുസ്​ലിം പുരുഷനാണെന്നത്​ യു.പി സർക്കാറിന്‍റെ മുസ്​ലിം വിരുദ്ധ നിലപാടിന്‍റെ പ്രകടമായ ഉദാഹരണമാണ്​.

സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവക്കെതിരായ സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന്​ യു.പി സർക്കാർ ഉപയോഗിച്ച രീതികൾ കത്തിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്​. പ്രതിഷേധ പ്രകടനം നടത്തിയ അലിഗഢ്​ മുസ്​ലിം യൂനിവേഴ്​സിറ്റിയിലെ വിദ്യാർഥികൾക്കുനേരെ കണ്ണീർവാതകവും ഗ്രനേഡും ഉപയോഗിച്ച്​ പൊലീസ്​ ആക്രമിച്ചതും 10,900 കേസുകളെടുത്തതും 22 പേരെ വെടിവെച്ച്​ കൊന്നതും കത്തിൽ പറയുന്നുണ്ട്​. ഹഥ്​റസ്​ സംഭവം റിപ്പോർട്ട്​ ചെയ്യാൻ പോയ മലയാളി പത്രപ്രവർത്തകൻ സിദ്ദീഖ്​ കാപ്പന്‍റെ അഹസ്റ്റും കത്തിൽ ഇടംപിടിച്ചിട്ടുണ്ട്​. കാപ്പൻ ജയിലിലായിട്ട് 200ലധികം ദിവസങ്ങൾ പിന്നി​ട്ടെന്നും അടുത്തകാലത്തായി ഈ ഒതുക്കൽ നയം യു.പിയിലെ ആശുപത്രി-ചികിത്സ സംവിധാനത്തിന്‍റെ പരിമിതികൾ ചൂണ്ടിക്കാണിക്കുന്നവ​ർക്കെതിരെയുള്ള ശിക്ഷാനടപടികളുടെ രൂപമെടുത്തിട്ടുണ്ടെന്നും കത്തിൽ പറയുന്നു. നിയമം കയ്യിലെടുക്കുന്ന, ഭരണകൂട പരിരക്ഷയോടെ എന്ത്​ അക്രമവും നടത്താം എന്ന്​ ഉറപ്പുള്ള ഹിന്ദു യുവ വാഹിനി പോലുള്ള സംഘങ്ങളുടെ കുറ്റകൃത്യങ്ങളെയും ഭരണകൂട നടപടികളെയും വേർതിരിക്കുന്ന അതിരുകൾ യു.പിയിൽ മാഞ്ഞുകൊണ്ടിരിക്കുകയാണ്​. ഇത്തരം സംഘങ്ങളിൽ ഉള്ളവരെ പൊലീസ്​ മിത്രങ്ങളായി അവ​േരാധിച്ച് അവർക്ക്​ അധികാരവും നിയമസാധുതയും നൽകുകയാണ്​ ചെയ്യുന്നത്​. സമീപകാല സർക്കാർ ഉത്തരവുകൾ സാമൂഹിക പൊലീസിങിന്‍റെ പുറംതോടണിഞ്ഞുള്ള ആൾക്കൂട്ടനീതി നടപ്പാക്കൽ അക്രമങ്ങളെ സ്​ഥാപനവത്​കരിക്കുകയാണ്​. 'എസ്​10', 'പ്രാന്തീയ രക്ഷക്​ ദൾ' തുടങ്ങിയവയുടെ നിയമവിരുദ്ധ ആൾക്കൂട്ട പ്രവൃത്തികൾക്ക്​ 'സാമൂഹിക പൊലീസിങ്​' സംരംഭങ്ങൾ എന്ന പേരിൽ നിയമസാധുത നൽകുകയാണ്​.

മുസ്​ലിമുകൾക്കും ദലിതർക്കും വിയോജിപ്പ്​ പ്രകടിപ്പിക്കുന്നവർക്കും എതിരെ ദേശീയ സുരക്ഷാ നിയമം (എൻ.എസ്​.എ) ഉദ്യോഗസ്​ഥർ ദുരുപയോഗം ചെയ്യുകയാണ്​. 2020ൽ ഈ നിയമപ്രകാരം കേസെടുത്തിട്ടുള്ള 139ൽ 76 പേരും പശുകശാപ്പ്​ ആരോപിക്കപ്പെട്ടവരാണ്​. 13പേർ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പേരിലും. പശു കശാപ്പ്​ അല്ലെങ്കിൽ കശാപ്പ്​ ചെയ്യുന്നതിനായി പശുക്കളെ കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾക്കായി കേസെടുക്കുന്നത്​ എൻ.എസ്​.എ പ്രകാരം ആയിരിക്കണമെന്ന്​ ഡി.ജി.പി നിർദേശം നൽകിയിട്ടുമുണ്ട്​. കോവിഡ്​ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും യു.പി സർക്കാർ പരാജയ​പ്പെട്ടു. മുഖ്യമന്ത്രിയെ സന്ദർശിച്ച്​ സ്​ഥിതി വിശദീകരിക്കാൻ ശ്രമിച്ച ഡോക്​ടർമാരെ തടവിലാക്കുകയാണ്​ ചെയ്​തത്​. പൊതുവേദികളിൽ ഇത്​ ആരോപിക്കുന്നവരെ അറസ്റ്റ്​ ചെയ്യുമെന്നും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നുമാണ്​ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്​. കോവിഡ്​ രോഗികൾക്ക്​ ആരോഗ്യ സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയ​പ്പെട്ടതിന്‍റെ ഏറ്റവും ഭയാനകമായ തെളിവ്​ ആയിരക്കണക്കിന്​ മൃതദേഹങ്ങൾ ഗംഗാനദിയിൽ പൊങ്ങിയൊഴുകിയതും മണൽത്തീരത്തിൽ മാന്തിയ കുഴിമാടങ്ങളുമാണെന്ന്​ കത്തിൽ പറയുന്നു.

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ തോന്നിയതുപോലെ തടവിലാക്കുന്നതും പൊലീസിനെ ഉപയോഗിച്ച്​ പീഡിപ്പിക്കുന്നതും നിർത്തലാക്കണമെന്നും മുസ്​ലിം, ദലിത്​, പിന്നാക്ക വിഭാഗക്കാ​രെ ലക്ഷ്യമിട്ടുള്ള നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ 'ഏറ്റുമുട്ടൽ' സ​മ്പ്രദായം അവസാനിപ്പിക്കണമെന്നും 'പൊലീസ്​ മിത്രങ്ങളെ' നിയമിച്ചുകൊണ്ട്​ പശുസംരക്ഷകരെ നിർബാധം ഹിംസ നടത്താൻ അനുവദിക്കുന്നത്​ അവസാനിപ്പിക്കണമെന്നും നിയമപരമോ ഔദ്യോഗികമോ ആയ ഒരടിസ്​ഥാനവുമില്ലാത്ത 'ലവ് ജിഹാദ്​' എന്ന ആശയം തൂത്തെറിയണമെന്നും എൻ.എസ്​.എയുടെ ദുരുപയോഗം നിർത്തണമെന്നും കോവിഡ്​ പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യണമെന്നും അവർ കത്തിലൂടെ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ്​ വരാനിരിക്കുന്ന സാഹചര്യത്തിൽ യു.പി സർക്കാറിന്‍റെ ഇത്തരം നടപടികൾ നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ സാമുദായിക ധ്രുവീകരണത്തിനും അസ്വസ്​ഥതകൾക്കും കാരണമാകുമെന്ന്​ ഭയപ്പെടുന്നെന്നും കത്തിൽ അവർ ചൂണ്ടിക്കാട്ടി.

കത്തിന്‍റെ പൂർണരൂപം ഇവിടെ വായിക്കാം- ​

 

Tags:    
News Summary - Ex-bureaucrats write open letter alleging breakdown of governance in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.