ഹൈദരാബാദ്: ബാബരി മസ്ജിദ് തകര്‍ത്ത കർസേവയിൽ പങ്കെടുത്തതിലെ പശ്ചാത്താപം കാരണം പിന്നീട് ഇസ്‌ലാം സ്വീകരിച്ച് 91 പള്ളികള്‍ നിര്‍മിച്ച ബല്‍ബീര്‍ സിംഗ് എന്ന മുഹമ്മദ് ആമിര്‍ മരണപ്പെട്ട നിലയില്‍. ഹൈദരബാദ് പഴയ നഗരത്തിലെ ഹാഫിസ് ബാബ നഗറിലെ വാടക വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു മസ്ജിദ് നിർമാണവുമായി ബന്ധപ്പെട്ടാണ് പഴയ സംഘ് പരിവാർ നേതാവു കൂടിയായ മുഹമ്മദ് ആമിർ ഇവിടെ വാടകക്ക് താമസിച്ചിരുന്നത്.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കാഞ്ചന്‍ബാഗ് പൊലീസ് എത്തി വീട്ടിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മരണ കാരണം ഇപ്പോള്‍ വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. 'മരണത്തെക്കുറിച്ച് കുടുംബാംഗങ്ങൾ സംശയമുന്നയിക്കുകയും പരാതി നൽകുകയും ചെയ്യുകയാണെങ്കിൽ, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയും കേസെടുത്ത് അന്വേഷിക്കുകയും ചെയ്യാം' - കാഞ്ചന്‍ബാഗ് പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജെ വെങ്കട്ട് റെഡ്ഡി പറഞ്ഞു.
ബാബരി മസ്ജിദ് തകർത്ത കർസേവയിൽ പങ്കെടുത്ത ബൽബീർ സിംഗിന് തിരിച്ചെത്തിയപ്പോൾ നാട്ടിൽ വലിയ സ്വീകരണം ലഭിച്ചിരുന്നു. എന്നാൽ, മതേതര മൂല്യങ്ങൾ മുറുകെ പിടിച്ചിരുന്ന കുടുംബത്തിൽ അദ്ദേഹത്തിന് ഒരു പിന്തുണയും ലഭിച്ചില്ല. കുടുംബത്തിൽ നിന്ന് കടുത്ത എതിർപ്പുകൾ നേരിടേണ്ടിയും വന്നു. ഇതേ തുടർന്നാണ് ഇദ്ദേഹത്തിൻെറ മനസു മാറുന്നത്.
1993 ൽ ഇസ്‌ലാം സ്വീകരിച്ച ബൽബീർ സിംഗ് പിന്നീട് മുഹമ്മദ് ആമിര്‍ എന്ന് പേരു മാറുകയായിരുന്നു. ബാബരി തകർത്തതിൽ പങ്കാളിയായതിന് പ്രായശ്ചിത്തമായി 100 പള്ളികൾ നിർമിച്ച് സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. പിന്നീട് ഈ ദൗത്യത്തിന് പിറകെയായിരുന്നു മുഹമ്മദ് ആമിർ.
ഹൈദരബാദിൽ 91 ാംമത്തെ പള്ളിയുടെ നിർമാണവുമായി ബന്ധപ്പെട്ട കഴിയുന്നതിനിടെയാണ് മുഹമ്മദ് ആമിറിന്‍റെ മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.