ജുനൈദിന്‍റെ കൊലപാതകം: ആരും മൊഴി നൽകാനെത്തിയില്ല

ന്യൂഡൽഹി: 16കാരനായ ജുനൈദിനെ ട്രെയിനില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ദൃക്സാക്ഷികളാരും മൊഴി നല്‍കാനെത്തിയില്ല. ജുനൈദിനെ കുത്തിയ അക്രമിയെ തിരിച്ചറിയുന്നവര്‍ക്കുള്ള പ്രതിഫലം പൊലീസ് 2 ലക്ഷം രൂപയായി ഉയര്‍ത്തി. ഒരു ലക്ഷം രൂപയാണ് പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് ഇനാമായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. 

ജുനൈദിനെ കുത്തിയ അക്രമിയെ തിരിച്ചറിയാന്‍ സഹായിക്കുന്നയാളെ സംബന്ധിച്ച വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ഹരിയാന റെയില്‍വേ പൊലീസിലെ ഡപ്യൂട്ടി സൂപ്രണ്ട് മോഹിന്ദര്‍ സിങ് വ്യക്തമാക്കി. ജൂണ്‍ 22നാണ് ഡല്‍ഹി- മധുര ട്രെയിനില്‍ വെച്ച് ജുനൈദ് കൊല്ലപ്പെട്ടത്. ജുനൈദിന്‍റെ കൂടെയുണ്ടായിരുന്ന രണ്ട് സഹോദരന്മാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. 

കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ജുനൈദിനെയും സഹോദരങ്ങളെയും മര്‍ദ്ദിച്ചെങ്കിലും തങ്ങളല്ല കത്തി ഉപയോഗിച്ച് കുത്തിയതെന്നാണ് ഇവരുടെ വാദം. ജുനൈദിന്‍റെ വസ്ത്രത്തില്‍ കണ്ട രക്തക്കറയുടെ സാമ്പിള്‍ ഡി.എൻ.എ പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം അക്രമിയെ കുറിച്ചുള്ള സൂചന നല്‍കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. അഞ്ചടി പൊക്കം, ഒത്ത ശരീരം, ക്ലീന്‍ ഷേവ് എന്നിങ്ങനെ ജുനൈദിന്‍റെ സഹോദരങ്ങള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അക്രമിയുടെ രേഖാചിത്രം തയാറാക്കിക്കൊണ്ടിരിക്കുകയാണ്.

Tags:    
News Summary - Eyewitnesses did not submit statement in Junaid lynching; The reward is two lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.