അപകടകാരിയായ സംഘടനയെന്ന റിപ്പോർട്ടിന് ശേഷവും സംഘപരിവാർ കുടക്കീഴിലുള്ള ബജ്റംഗ്ദളിനെതിരേ നടപടി എടുക്കാൻ ഫേസ്ബുക്ക് മടിച്ചെന്ന് വാൾസ്ട്രീറ്റ് ജേർണൽ. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെ ബജ്റംഗ്ദൾ പിന്തുണച്ചതായും വൻതോതിൽ വ്യാജ പ്രചരണങ്ങൾ നടത്തുന്നതായും ഫേസ്ബുക്ക് സേഫ്റ്റി ടീം കണ്ടെത്തിയിരുന്നു. എന്നിട്ടും അവർക്കെതിരേ നടപടി എടുക്കാൻ ഫേസ്ബുക്ക് താൽപര്യം കാട്ടിയില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. ബിസിനസ് സാധ്യതകളേയും ജീവനക്കാരുടെ സുരക്ഷയെയും അപകടത്തിലാക്കുമെന്ന് ഭയന്നാണ് നടപടി എടുക്കാത്തതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ബജ്റംഗ്ദളിനെതിരായ നടപടി 'ഇന്ത്യയിലെ ഭരണകക്ഷിയായ ഹിന്ദു ദേശീയ വാദികളെര പ്രകോപിപ്പിക്കുമെന്നും' രാജ്യത്തെ ബിസിനസ്സ് സാധ്യതകളെ ബാധിക്കുമെന്നും ടെക് ഭീമൻ ഭയപ്പെടുന്നു. ഗ്രൂപ്പിനെ നിരോധിക്കുന്നത് ജീവനക്കാർക്കും ഒാഫീസുകൾക്കുമെതിരെ ആക്രമണത്തിന് കാരണമാകുമെന്ന് ഭയപ്പെടുന്നതായും ഞായറാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലുടനീളമുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെ ബജ്റംഗ്ദൾ പിന്തുണച്ചിരുന്നുവെന്നും അവർ 'അപകടകരാകളായ സംഘടന' ആണെന്നും ഫേസ്ബുക്ക് സുരക്ഷാ സംഘം റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ട് അനുസരിച്ച് ബജ്റംഗ്ദളിനെ ഫേസ്ബുക്കിെൻറ എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും നിരോധിക്കുകയാണ് വേണ്ടത്.
ഫേസ്ബുക്കിന് രാജ്യത്ത് ചില താൽപ്പര്യങ്ങളുണ്ട്. അതിെൻറ ഏറ്റവും വലിയ ഉപഭോക്തൃ അടിത്തറകളിലൊന്ന് ഇന്ത്യയാണ്. ഡൽഹി, മുംബൈ, എന്നിവിടങ്ങളിലുൾപ്പടെ അഞ്ച് ഓഫീസുകളും റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളർ നിക്ഷേപവും ഫേസ്ബുക്കിനുണ്ട്. ഇതൊക്കെയാണ് നടപടികളിൽ നിന്ന് ഫേസ്ബുക്കിനെ പിന്തിരിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരേ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്ന വിവരങ്ങൾ ബജ്റംഗ്ദൾ തുടർച്ചയായി ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നുണ്ട്.
വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് അനുസരിച്ച്, ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ ദില്ലിക്ക് പുറത്ത് ഒരു പെന്തക്കോസ്ത് പള്ളിയിൽ നടത്തിയ നുഴഞ്ഞുകയറ്റത്തിെൻറ ഉത്തരവാദിത്തം ബജ്റംഗ്ദൾ ഏറ്റെടുത്തിരുന്നു. ഇൗ വീഡിയോ 250,000 പേരാണ് കണ്ടത്. 21 വയസുകാരനും ബജ്റംഗ്ദളിെൻറ ജില്ലാ പ്രസിഡെൻറന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീത് വശിഷ്ഠാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
വാൾസ്ട്രീറ്റ് റിപ്പോർട്ട് അനുസരിച്ച് യുഎസ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ബജ്റംഗ്ദളിനെ 'മതതീവ്രവാദ സംഘടന' ആയാണ് കണക്കാക്കുന്നത്. 2020 ൽ ബജ്റംഗ്ദളിനായി നീക്കിവച്ചിരിക്കുന്ന ഒരുപിടി ഗ്രൂപ്പുകളിൽ നിന്നും പേജുകളിൽ നിന്നും 5.5 ദശലക്ഷത്തിലധികം ഇൻററാക്ഷൻസ് ലഭിച്ചിരുന്നു എന്നാണ് ഫേസ്ബുക്കിെൻറ ഉടമസ്ഥതയിലുള്ള അനലിറ്റിക്‌സ് സംവിധാനമായ ക്രൗഡ് ടാംഗിൾ കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.