ഡൽഹി വംശഹത്യ ആളിക്കത്തിച്ചതിന്​​ അമിത്​ ഷാ ഉത്തരവാദിയെന്ന്​ വസ്​തുതാന്വേഷണ റിപ്പോർട്ട്​

ന്യൂഡൽഹി: ഡൽഹി വംശഹത്യ ആളിക്കത്തിച്ച്​ അക്രമം വ്യാപിപ്പിച്ചതിന്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക്​ ഉത്തരവാദിത്വമു​ണ്ടെന്ന്​ വസ്തുതാന്വേഷണ റിപ്പോർട്ട്. അക്രമത്തി​െൻറ തീവ്രത വർധിപ്പിച്ചതിൽ അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയത്തിന് പങ്കുണ്ടെന്നാണ്​​ സി.പി.എം ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ 'വടക്കുകിഴക്കൻ ഡൽഹി വർഗീയ കലാപം: വസ്‌തുതാ റിപ്പോർട്ട്‌' ചൂണ്ടിക്കാട്ടുന്നത്​.

വംശഹത്യ ഇരകളും ദൃക്​സാക്ഷികളുമായ 400 ഓളം പേ​െ​ര നേരിൽകണ്ട്​ അഭിമുഖം നടത്തിയാണ്​ റിപ്പോർട്ട്​ തയ്യാറാക്കിയതെന്ന്​ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ഡൽഹി സംസ്ഥാന സെക്രട്ടറി കെ.എം. തിവാരിയും പറഞ്ഞു.


ഇരുപക്ഷത്തിനും തുല്യ പങ്കാളിത്തമുള്ള അക്രമത്തെയാണ്​ 'കലാപം' കൊണ്ട്​ ഉദ്ദേശിക്കുന്നത്​. എന്നാൽ, ഡൽഹിയിൽ പൗരത്വഭേദഗതി നിയമത്തിന്‌ എതിരായ പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ ഹിന്ദുത്വ സംഘങ്ങൾ ഏകപക്ഷീയമായാണ്​ അക്രമം അഴിച്ചുവിട്ടത്​. മറുവിഭാഗം ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധത്തിലായിരുന്നു. ഈ സാഹചര്യത്തിൽ ഡൽഹി വംശഹത്യയെ 'ഡൽഹി കലാപ'മെന്ന്​ വിശേഷിപ്പിക്കുന്നത്​ തെറ്റാണെന്നും റിപ്പോർട്ട്​ വ്യക്​തമാക്കി.

കൊല്ലപ്പെട്ട 53 പേരിൽ 40ഉം ന്യൂനപക്ഷ സമുദായാംഗങ്ങളായിരുന്നു. 13 പേരാണ്​ മറുവിഭാഗത്തിൽനിന്ന്​ കൊല്ലപ്പെട്ടത്​. ഭൂരിഭാഗം പ്രദേശങ്ങളിലും ഹിന്ദുത്വ അക്രമികളോടൊപ്പമായിരുന്നു പൊലീസ്​ എന്നതിന്​ വീഡിയോ തെളിവുകൾ ഉണ്ട് -റിപ്പോർട്ടിൽ​ ചൂണ്ടിക്കാണിച്ചു.

അഴിഞ്ഞാടാൻ സമയം നൽകി പൊലീസ്​

വംശഹത്യ വേളയിൽ അക്രമം തടയാൻ ഡൽഹിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി​ മാർച്ച് 11ന് അമിത്​ ഷാ പാർലമെൻറിനെ അറിയിച്ചിരുന്നു. അക്രമം 36 മണിക്കൂറിനുള്ളിൽ 'നിയന്ത്രിച്ചതിന്' പൊലീസിനെ പ്രശംസിക്കാനും ആഭ്യന്തരമന്ത്രി സമയം കണ്ടെത്തിയിരുന്നു. എന്നാൽ, വംശഹത്യയുടെ അഞ്ചാംദിവസമായ ഫെബ്രുവരി 28നും പ്രദേശത്ത്​ അക്രമങ്ങൾ അരങ്ങേറിയതായി വസ്​തുതാന്വേഷണസംഘം റിപ്പോർട്ട്​ ചെയ്യുന്നു.

ഫെബ്രുവരി 24ന്​ അക്രമം മൂർച്ഛിച്ചിട്ടും കർഫ്യൂ ഏർപ്പെടുത്തുകയോ സൈന്യത്തെ വിന്യസിക്കു​കയോ ചെയ്​തില്ല. ഡൽഹി പൊലീസ്​, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത്​ പോലും അപര്യാപ്തമാണെന്നിരിക്കെ ഇത​ും ഏറെ വൈകിച്ചു. ഫെബ്രുവരി 23 മുതൽ 27 വരെ നീണ്ടുനിന്ന വംശഹത്യ നിയന്ത്രിക്കാൻ 4,756 പൊലീസ്​ ഉദ്യോഗസ്ഥരെയാണ്​ വിന്യസിച്ചത്​.


ആദ്യം അമിത്​ ഷാ പറയുന്നു; പിന്നെ പൊലീസ് അത്​​ 'കണ്ടെത്തുന്നു'

ഡൽഹി പൊലീസി​െൻറ അന്വേഷണരീതിയെ തെളിവുകൾ സഹിതം റിപ്പോർട്ടിൽ അടിമുടി വിമർശിക്കുന്നുണ്ട്​. ആദ്യം അമിത്​ ഷാ പറയുന്ന കാര്യങ്ങളാണ്​ പിന്നെ പൊലീസ്​ കണ്ടെത്തലുകളായി പുറത്തുവരുന്ന​ത്​. വംശഹത്യയിൽ പൊലീസ്​ അന്വേഷണ റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് മാർച്ച് 11ന് ആഭ്യന്തരമന്ത്രി അമിത്​ഷാ ലോക്സഭയിൽ ത​െൻറ 'കണ്ടെത്തലുകൾ' നിരത്തി. കലാപത്തിന്​ പ്രതിപക്ഷവും ന്യൂനപക്ഷവും ആസൂത്രിത ഗൂഢാലോചന നടത്തിയെന്നായിരുന്നു ഇതിൽ മുഖ്യം.​ തുടർന്ന്​ ഇതിനെ സാധൂകരിക്കുന്ന രീതിയിലായിരുന്നു​ ഡൽഹി പൊലീസി​െൻറ അന്വേഷണം.

കലാപത്തി​െൻറ ഏതാനും ദിവസം മുമ്പാണ്​ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്ന 'രാജ്യദ്രോഹികളെ' വെടിവക്കാൻ ബി.ജെ.പി നേതാക്കൾ ആഹ്വാനം ചെയ്​തത്​. ന്യൂനപക്ഷ സമുദായാംഗങ്ങൾ ഹിന്ദുക്കളുടെ വീടുകളിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യാനും കൊല്ലാനും സാധ്യതയുണ്ടെന്ന്​ ഇവർ പ്രചരിപ്പിക്കുകയും ചെയ്​തിരുന്നു. ഈ പ്രസംഗങ്ങളൊന്നും കലാപാഹ്വാനമായി ഷാ കണക്കാക്കിയില്ല. പകരം, പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്ത്​ 2019 ഡിസംബർ 14 ന് കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രസംഗങ്ങളാണ്​ കലാപത്തിന്​ വഴിമരുന്നിട്ടതെന്ന്​ അദ്ദേഹം വിലയിരുത്തി​. അക്രമത്തിന് പ്രേരിപ്പിച്ചത് പ്രതിപക്ഷമാണെന്നും അക്രമികൾ ന്യൂനപക്ഷ സമുദായമാണെന്നും സ്​ഥാപിക്കാനും അദ്ദേഹം ശ്രമിച്ചു. ഇതി​െൻറ ചുവടുപിടിച്ചായിരുന്നു ഡൽഹി പൊലീസി​െൻറ അന്വേഷണവും എഫ്​.ഐ.ആറും അറസ്​റ്റുകളുമൊക്കെ.

വിവിധ കേസുകളിൽ പൊലീസ്​ ഭാഷ്യത്തിന്​ വിരുദ്ധമായ നിരവധി സംഭവങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്​. എഫ്​.ഐ.ആറുകളിലെയും കുറ്റസമ്മത മൊഴികളിലെയും വൈരുധ്യവും മർദന പരാതികളും ഇതിൽ ഉൾപ്പെടും.

സമരക്കാർക്കെതിരെ തിരിയാൻ പരസ്യാഹ്വാനം; ലൈസൻസ്​ നൽകി പൊലീസ്​

"സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്താനും കള്ളപ്രചരണം നടത്താനും അക്രമിക്കാനും​" ബി.ജെ.പി നേതാക്കൾക്ക്​ ലൈസൻസ്​ നൽകുന്ന നിലപാടാണ്​ ഡൽഹി പൊലീസ്​ സ്വീകരിച്ചതെന്ന്​ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ജൂലിയോ റിബീറോ അഭിപ്രായപ്പെട്ടത്​. കടുത്ത വിദ്വേഷം പ്രചരിപ്പിച്ച ബി.ജെ.പി എം.പി പർവേഷ് വർമ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, ബി.ജെ.പി നേതാവ്​ കപിൽ മിശ്ര എന്നിവരുടെ കാരയത്തിൽ പൊലീസ് കുറ്റകരമായ നിഷ്‌ക്രിയത്വമാണ്​ പുലർത്തിയത്​.



സാമുദായികവി​േദ്വഷം പ്രചരിപ്പിച്ചതിന്​ ഇവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി വരെ സ്വീകരിച്ചിരുന്നു. ഇതിൽ വർമയുടെയും കപിൽ മിശ്രയുടെയും പ്രസംഗം ഏറെ വിവാദമായിരുന്നു. "കശ്മീരിൽ കശ്മീരി പണ്ഡിറ്റുകളുമായി സംഭവിച്ചത് ഡൽഹിയിലും സംഭവിക്കാം. ലക്ഷക്കണക്കിന് ആളുകൾ ശാഹീൻ ബാഗിൽ ഒത്തുകൂടുന്നു, അവർ വീടുകളിൽ കയറി നിങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യാനും കൊല്ലാനും സാധ്യതയുണ്ട്​. ജനങ്ങൾ ഇപ്പോൾ തീരുമാനമെടുക്കണം... "

എന്നായിരുന്നു വർമയുടെ പ്രസംഗം. ഇത്​ വാർത്ത ഏജൻസിയായ പിടിഐ ജനുവരി 28 ന് റിപ്പോർട്ട്​ ചെയ്​തിരുന്നു. ഫെബ്രുവരി 23നാണ്​ കപിൽ മിശ്ര കലാപാഹ്വാന പ്രസംഗം നടത്തിയത്​. ഫെബ്രുവരി 21ലെ ശിവരാത്രി ഘോഷയാത്രകളിൽ പ്രകോപനപരമായ മുദ്രാവാക്യം ഉയർത്തിയതും കലാപപ്രേരണയായി വസ്​തുതാന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, പൊലീസി​ന്​ വീഴ്​ച സംഭവിച്ചെന്നത്​ അടിസ്​ഥാന രഹിതമായ ആരോപണമാണെന്നാണ്​ പൊലീസ് കമ്മീഷണർ എസ്. ശ്രീവാസ്തവ പറയുന്നത്​. മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ന്യൂനപക്ഷങ്ങളുടെ പരാതിയിലാണ്​ കൂടുതൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അദ്ദേഹത്തി​െൻറ ന്യായീകരണം.

വംശഹത്യാനന്തരം ഡൽഹി സർക്കാർ നഷ്​ടപരിഹാരം വിതരണം ചെയ്യുന്നതിൽ വരുത്തിയ കാലതാമസത്തിനും വിവേചനത്തിനു​മെതിരെ റിപ്പോർട്ടിൽ ആഞ്ഞടിക്കുന്നുണ്ട്​. വംശഹത്യയെ കുറിച്ച് അന്വേഷിക്കാൻ റിട്ട. ഹൈകോടതി ജഡ്ജിയുടെ പദവിയുള്ള സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നും വസ്​തുതാന്വേഷണസംഘം ആവശപ്പെടുന്നു.


വംശഹത്യക്ക്​ പിന്നിൽ പ്രക്ഷോഭങ്ങൾ ഇല്ലാതാക്കുകയെന്ന അജൻഡ -വൃന്ദ കാരാട്ട്‌ ‌

പൗരത്വഭേദഗതി നിയമത്തിന്‌ എതിരായ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കുകയെന്ന രാഷ്ട്രീയ അജൻഡയാണ്‌‌ ഡൽഹി കലാപത്തിന്‌ പിന്നിലെന്ന്‌ വസ്‌തുതാ റിപ്പോർട്ട്‌ പ്രകാശനം ചെയ്​ത്​ വൃന്ദ കാരാട്ട്‌ അഭിപ്രായപ്പെട്ടു. സമാധാനപൂർവം പ്രതിഷേധിച്ചവർക്കു‌നേരെയാണ്‌ ആക്രമണമുണ്ടായത്‌. എട്ട്‌ പ്രക്ഷോഭവേദിയിലേക്കും ആക്രമണമുണ്ടായി. പൗരത്വഭേദഗതി നിയമത്തിന്‌ എതിരെ പ്രതിഷേധിച്ചാൽ ആക്രമിക്കപ്പെടുമെന്ന രാഷ്ട്രീയസന്ദേശം നൽകുകയായിരുന്നു കലാപത്തി​െൻറ ലക്ഷ്യം. ആഭ്യന്തരവകുപ്പും പൊലീസും ഇൻറലിജൻസും കലാപത്തിന്‌ കൂട്ടുനിന്നുവെന്നും വൃന്ദ പറഞ്ഞു.


എല്ലാ മതങ്ങൾക്കും രാജ്യത്ത്‌ ഒരേ അവകാശമാണുള്ളതെന്ന് കേന്ദ്രസർക്കാരും പൊലീസും അന്വേഷണഏജൻസികളും വിസ്‌മരിക്കരുതെന്ന് ചടങ്ങിൽ സംബന്ധിച്ച സുപ്രീംകോടതി മുൻ ജഡ്‌ജി ഗോപാലഗൗഡ പറഞ്ഞു. ഡൽഹി പൊലീസ്‌ ആഭ്യന്തരമന്ത്രാലയത്തിന്‌ കീഴിലായതിനാൽ കേന്ദ്രസർക്കാരിന്‌ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.