ഏകാന്തതയും അനാരോഗ്യവും തമ്മിൽ ഗാഢബന്ധമെന്ന് ഗവേഷകർ

ലണ്ടൻ: ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും വിവിധ രോഗങ്ങളിലേക്കും മരണത്തിലേക്കുംവരെ കൊണ്ടെത്തിക്കുമെന്ന് ഗവേഷകർ. കേംബ്രിഡ്ജ് സർവകലാശാല, ചൈനയിലെ ഫുഡാൻ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. ‘രോഗാതുരതക്കും മരണനിരക്കിനും കാരണമാവുന്ന സാമൂഹിക ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും പ്ലാസ്മ പ്രോട്ടോമിക് സിഗ്നേച്ചറുകൾ' എന്ന പേരുള്ള പഠനം നേച്ചർ ഹ്യൂമൻ ബിഹേവിയർ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. മാനസികാരോഗ്യത്തിനും ക്ഷേമത്തിനും മാത്രമല്ല, ശാരീരിക ആരോഗ്യത്തിനും മറ്റുള്ള ആളുകളുമായി ബന്ധം പുലർത്തേണ്ടതുണ്ടെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു.

ഏകാന്തതയുടെയും സാമൂഹികമായ ഒറ്റപ്പെടലിന്റെയും പ്രത്യാഘാതങ്ങൾ ആളുകളെ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ നമ്മൾ ആരംഭിക്കേണ്ടതുണ്ടെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ പഠനത്തിന്റെ സഹ രചയിതാവായ പ്രഫ. ബാർബറ സഹകിയൻ പറഞ്ഞു.

പഠനത്തിന്റെ ഭാഗമായി 40-69 വയസ്സുള്ള 42,000ലധികം മുതിർന്നവരുടെ രക്തസാമ്പിളുകളുടെ ‘പ്രോട്ടോമുകൾ’ ഗവേഷകർ പരിശോധിച്ചു. ഒരു ലക്ഷത്തിലധികം പ്രോട്ടീനുകളും അവയുടെ പല വകഭേദങ്ങളും മനുഷ്യശരീരത്തിലുണ്ട്. സാമൂഹിക ഒറ്റപ്പെടലുമായി ബന്ധപ്പെട്ട 175 പ്രോട്ടീനുകളും സ്വയം സൃഷ്ടിച്ച ഏകാന്തതയുമായി ബന്ധപ്പെട്ട 26 പ്രോട്ടീനുകളും ഗവേഷകർ തിരിച്ചറിഞ്ഞു. സാമൂഹിക ഒറ്റപ്പെടൽ റിപ്പോർട്ട് ചെയ്ത 9.3ശതമാനം പേർക്കും ഏകാന്തത റിപ്പോർട്ട് ചെയ്ത 6.4ശതമാനം പേർക്കും അവരുടെ രക്തത്തിൽ വ്യത്യസ്ത അളവിലുള്ള പ്രോട്ടീനുകൾ ഏതൊക്കെയെന്ന് നിർണയിക്കാനും കഴിഞ്ഞു.

സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും, പ്രോട്ടീനുകളും തമ്മിലുള്ള ബന്ധം പരിശോധിക്കാൻ ‘മെൻഡലിയൻ റാൻഡമൈസേഷൻ’ എന്ന സ്റ്റാറ്റിസ്റ്റിക്കൽ സാങ്കേതികത ഗവേഷകർ ഉപയോഗിച്ചു. വീക്കം, വൈറൽ അണുബാധ, രോഗപ്രതിരോധവുമായി ബന്ധപ്പെട്ടതും ഹൃദയ സംബന്ധമായതുമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, സ്ട്രോക്ക്, നേരത്തെയുള്ള മരണം എന്നിവയുമായും ന്ധപ്പെട്ടിരിക്കുന്നവയാണ് ഈ പ്രോട്ടീനുകളിൽ പലതും.

ഏകാന്തത കാരണം ഉയർന്ന അളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനുകളിലൊന്ന് എ.ഡി.എം ആണെന്ന് ഗവേഷകർ കണ്ടെത്തി. സമ്മർദ്ദത്തോട് പ്രതികരിക്കുന്നതിലും സ്ട്രെസ് ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നതിലും ‘ഓക്സിടോസിൻ’ പോലുള്ള ‘സാമൂഹ്യ ഹോർമോണുകൾ’ നിയന്ത്രിക്കുന്നതിലും എ.ഡി.എം പങ്കു വഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയതായും അവർ പറഞ്ഞു. ‘ലവ് ഹോർമോൺ’എന്ന് വിളിക്കപ്പെടുന്ന സമ്മർദ്ദം കുറക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യു​ന്ന ഹോർമോണിൽപ്പെട്ടതാണ് ‘ഓക്സിടോസിൻ’.

ഉയർന്ന അളവിലുള്ള ASGR1 എന്നറിയപ്പെടുന്ന മറ്റൊരു പ്രോട്ടീൻ കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. തിരിച്ചറിഞ്ഞ മറ്റ് പ്രോട്ടീനുകൾ ഇൻസുലിൻ പ്രതിരോധം, കാൻസർ മുതലായവയിലേക്ക് നയിക്കുന്നതിലും ഒരു പങ്കു വഹിക്കുന്നു.

Tags:    
News Summary - Link between loneliness and ill health, according to a new study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.