ജയ്പുർ: ഡൽഹി ജയ്പുരിലെ ഗോൾഡൻ ആശുപത്രിയിൽ ഏപ്രിൽ 23 -24 തീയതികളിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 21 പേരാണ് മരിച്ചത്. ഓക്സിജൻ ക്ഷാമത്തെ തുടർന്നായിരുന്നു ഈ മരണമെല്ലാം. നിരവധിപേർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായതോടെ പരസ്പരം ആശങ്കകൾ പങ്കുവെക്കുന്നതിനായി ബന്ധുക്കളുടെ നേതൃത്വത്തിൽ ഒരു വാട്സ്ആപ് ഗ്രൂപ് ആരംഭിക്കുകയായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനായിരുന്നു പ്രധാനമായും ആ ഗ്രൂപ്പ്. പരസ്പരം ആശങ്കകൾ പങ്കുവെച്ചതോടെ നിരവധി സംശയങ്ങൾ ബന്ധുക്കൾ രൂപപ്പെടുകയായിരുന്നു ബന്ധുക്കൾക്ക്. ഇതോടെ വാട്സ്ആപ് ഗ്രൂപ്പ് ഒരുക്കിയ കൂട്ടായ്മയിലൂടെ നിയമത്തിന്‍റെ വഴിക്ക് നീങ്ങാനൊരുങ്ങുകയാണ് മരിച്ചവരുടെ ബന്ധുക്കൾ.
പ്രിയപ്പെട്ടവർ നഷ്ടമായി മൂന്നാഴ്ച കഴിഞ്ഞിട്ടും 21 പേരുടെ മരണത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. എങ്ങനെയാണ് അവർ മരിച്ചതെന്നോ ആശുപത്രിയുടെ അകത്ത് എന്താണ് സംഭവിച്ചതെന്നോ വ്യക്തമല്ല. ഏപ്രിൽ 23ന് വെളുപ്പിന് രണ്ടുമണി മുതൽ ആശുപത്രി അധികൃതർ അവ്യക്തമായ ഫോൺ വിളികൾ തങ്ങൾക്ക് ലഭിച്ചതായി ചിലർ പറയുന്നു. പിന്നീട് തങ്ങളുടെ പ്രിയപ്പെട്ടവർ മരിച്ചുവെന്ന വാർത്തകളും പുറത്തുവരാൻ തുടങ്ങി.
സൊനാലി ഗോയലിന്‍റെ മാതാവ് 59കാരിയായ നിഷ ഗോയലും മരിച്ചവരിൽ ഉൾപ്പെടും. 'അന്നേ ദിവസം, ഏകദേശം അഞ്ചരയോടെയാണ് ഞാൻ ആശുപത്രി വിടുന്നത്. ഏഴുമണിയോടെ സഹോദരൻ ഭക്ഷണവുമായി പോയി. എന്നാൽ സഹോദരനെ അകത്ത് പ്രവേശിപ്പിച്ചിരുന്നില്ല. ചില രോഗികൾക്ക് അത്യാഹിതം സംഭവിച്ചുവെന്നും ആരെയും അകത്തേക്ക് കടത്തിവിടുന്നില്ലെന്നുമായിരുന്നു സുരക്ഷാ ജീവനക്കാരുടെ പ്രതികരണം. ഇതോടെ അദ്ദേഹം ആശുപത്രി ജീവനക്കാരെ ഭക്ഷണം ഏൽപ്പിച്ചശേഷം വീട്ടിലേക്ക് മടങ്ങി. മാതാവിന് ഉടൻ അസുഖം ഭേദമാകുമെന്ന വിശ്വാസത്തിൽ കിടന്നുറങ്ങി. ഏകേദഹം രാത്രി ഒന്നരയോടെ ആശുപത്രിയിൽ നിന്ന് ഒരു ഫോൺ വരുകയും ഉടൻ അവിടെയെത്താൻ നിർദേശിക്കുകയുമായിരുന്നു. ഞങ്ങൾ രണ്ടുപേരും അവിടെയെത്തിയപ്പോൾ മാതാവ് മരിച്ചുവെന്ന വാർത്തയാണ് ലഭിച്ചത്. അമ്മയുടെ ശരീരം മരവിച്ചിരുന്നു. ജീവൻ നഷ്ടമായിട്ട് മണിക്കൂറുകൾ കഴിഞ്ഞുവെന്ന് തോന്നി. എന്നാൽ അൽപ്പ സമയം മുമ്പാണ് മരണമെന്നായിരുന്നു ഡോക്ടർമാരുടെ പ്രതികരണം' -സൊനാലി ഗോയൽ പറയുന്നു.
ഡൽഹി സർക്കാർ ഓക്സിജൻ കൃത്യസമയത്ത് എത്തിക്കാത്തതിനാലാണ് ദുരന്തമുണ്ടായതെന്ന് ആശുപത്രി അധികൃതർ ഹൈകോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഓക്സിജൻ ക്ഷാമം മൂലമല്ല ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് മരണമെന്ന് ഡൽഹി സർക്കാർ ഹൈകോടതിയെ അറിയിക്കുകയായിരുന്നു.
ഡൽഹി സർക്കാറിന്‍റെയും ആശുപത്രി അധികൃതരുടെയും ഈ കൈയൊഴിയൽ ബന്ധുക്കളെ ചൊടിപ്പിച്ചതിനാൽ ആശുപത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് മരിച്ചവരുടെ കുടുംബങ്ങൾ. വാട്സ്ആപ് ഗ്രൂപിലൂടെ വിവരങ്ങൾ പങ്കുവെച്ചാണ് നീക്കം.
ഗൗരവ് ഗേരയുടെ 49കാരനായ പിതാവിനും ദുരന്തത്തിൽ ജീവൻ നഷ്ടമായിരുന്നു. കൃത്യസമയത്ത് ഐ.സി.യു കിടക്ക ലഭിക്കാത്തതിനാൽ ഗൗരവിന്‍റെ മാതാവിനും ജീവൻ നഷ്ടമായിരുന്നു. 'രാത്രി രണ്ടരയോടെ എന്‍റെ അടുത്ത ബന്ധുവിന് ആശുപത്രിയിൽനിന്ന് ഫോൺ സന്ദേശമെത്തി. ഉടൻ ആശുപത്രിയിലെത്തണമെന്നും അത്യാഹിതം സംഭവിച്ചുവെന്നുമായിരുന്നു സന്ദേശം. അവിടെയെത്തിയപ്പോൾ, പിതാവിന് ജീവൻ നഷ്ടമായിരുന്നു. ഓക്സിജൻ ലഭിക്കാതെയാണ് മരിച്ചതെന്ന് അവർ സൂചിപ്പിച്ചിരുന്നു. എന്നാൽ മരണ സർട്ടിക്കറ്റിൽ അവർ കാരണം ചേർക്കാൻ തയാറായില്ല. ആശുപത്രിയിൽ ഓക്സിജൻ ലഭ്യമല്ലെന്ന് പറഞ്ഞിരുന്നെങ്കിൽ ഒാക്സിജൻ സംഘടിപ്പിച്ച് നൽകുമായിരുന്നു. ഇത് മാപ്പ് അർഹിക്കാത്ത കുറ്റമാണ്. അവർ പിതാവിന്‍റെ മരണത്തിന് ഉത്തരം നൽകണം' -ഗൗരവ് പറയുന്നു.
എറിക് മാസ്സിക്ക് മാതാവ് ഡെൽഫിൻ മാസിയെയാണ് ദുരന്തത്തിൽ നഷ്ടമായത്. ഏപ്രിൽ 22ന് അമ്മയുമായി കുടുംബം വാട്സ്ആപിൽ വിഡിയോ കോളിൽ സംസാരിച്ചിരുന്നു. 'ഓക്സിജൻ മാസ്ക് ഉണ്ടായിരുന്നതിനാൽ അവർക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല, എന്നാൽ ആരോഗ്യവതിയായിരുന്നു. അഞ്ച് ആറുമിനിട്ടുനേരം അവർ കിടക്കയിൽ ഇരുന്നാണ് ഫോൺ ചെയ്തത്. ഏപ്രിൽ 23ന് നഴ്സിന്റെ അടുത്തെത്തി സുഖവിവരങ്ങൾ ആരായുകയും ചെയ്തിരുന്നു. എന്നാൽ ഏപ്രിൽ 24ന് രാത്രി രണ്ടരയോടെ ആശുപത്രിയിൽനിന്ന് ഫോൺ വിളിയെത്തി. ഹൃദയാഘാതം സംഭവിച്ചുവെന്നായിരുന്നു സന്ദേശം. ഇപ്പോൾ ആശുപത്രിയിലേക്ക് വരേണ്ടെന്നും രാവിലെ എത്തിയാൽ മതിയെന്നും ആശുപത്രി അധികൃതർ പറഞ്ഞു. രാവിലെ ഏഴരയോടെ ഞാൻ െഎ.സി.യുവിലെത്തി. ഐ.സി.യു മുഴുവൻ നിശബ്ദതയായിരുന്നു. ഒന്നോ രണ്ടോ രോഗികൾ മാത്രമാണ് ജീവിച്ചിരിക്കുന്നുണ്ടായിരുന്നത്. ഞാൻ റിസപ്ഷനിൽ എത്തിയപ്പോൾ നിരവധിപേർ അവിടെ കൂടിനിൽക്കുന്നുണ്ടായിരുന്നു. അവിടെനിന്ന് സംഭവം അറിഞ്ഞു. ഏപ്രിൽ 23ന് രാത്രിവരെ എല്ലാവരും ആരോഗ്യവനാൻമാരായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ പിന്നീട് മരണസന്ദേശം എത്തുകയായിരുന്നു് ആശുപത്രി അധികൃതർ കൃത്യമായ വിവരം പങ്കുവെച്ചിരുന്നെങ്കിൽ എന്തെങ്കിലുഒ ചെയ്യാമായിരുന്നു' -എറിക് പറയുന്നു.
മരണത്തിൽ ദുരൂഹത തോന്നിയതോടെ എറികിന്‍റെ നേത്യത്വത്തിലായിരുന്നു വാട്സ്ആപ് ഗ്രൂപ്പ് രൂപീകരണം. ജയ്പുർ ഗോൾഡൻ കേസ് എന്ന് ഗ്രൂപ്പിന് പേരിടുകയും ചെയ്തു. ഇതുവഴി തങ്ങളുടെ അഭിഭാഷകരോട് വിവരങ്ങൾ പങ്കുവെക്കുകയും കേസുമായി മുന്നോട്ടുപോകുകയായിരുന്നുവെന്നും എറിക് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.