രാകേഷ് ടികായത്ത്

ഫെബ്രുവരി 16ന് കർഷക സംഘടനകളുടെ ഭാരത് ബന്ദ്, രാജ്യത്തിന് നൽകുന്ന വലിയ സന്ദേശമെന്ന് രാകേഷ് ടികായത്ത്

ന്യൂഡൽഹി: രാജ്യത്ത് കർഷകർ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 16ന് ഭാരത് ബന്ദ് ആചരിക്കുമെന്ന് ഭാരതീയ കിസാൻ യൂനിയൻ (ബി.കെ.യു) രാകേഷ് ടികായത്ത് അറിയിച്ചു. വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കുന്നതിന് നിയമം കൊണ്ടുവരണമെന്നാണ് കർഷകർ ഉന്നയിക്കുന്ന ​പ്രധാന ആവശ്യങ്ങളിലൊന്ന്.

സംയുക്ത കിസാൻ മോർച്ച (എസ്.കെ.ഐം) ബന്ദിനെ പിന്തുണക്കുമെന്ന് ടിക്കായത്ത് പറഞ്ഞു. കർഷകരുടെ വിവിധ കൂട്ടായ്മക​ളെ കൂടാതെ കച്ചവടക്കാർ, ഗതാഗത സംവിധാനങ്ങൾ എന്നിവരോട് ഒരുദിവസം പണിമുടക്കി ബന്ദിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടതായും ബി.കെ.യു ദേശീയ വക്താവായ ടികായത്ത് വ്യക്തമാക്കി.


ഫെബ്രുവരി 16ന് പ്രഖ്യാപിച്ച ബന്ദിൽ നിരവധി കർഷക സംഘടനകൾ പ​​ങ്കെടുക്കും. സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെ ബന്ദിന് പിന്തുണ നൽകുന്നുണ്ട്. കർഷകർ കൃഷിയിടങ്ങളിൽ പോകാതെ പൂർണമായും പണിമുടക്കും. രാജ്യത്തിന് നൽകുന്ന വലിയ സന്ദേശമായിരിക്കും ഇത്’ -മുസഫർനഗറിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ടികായത്ത് വിശദീകരിച്ചു.

‘കച്ചവടക്കാർ കടകളടച്ച് സമരത്തെ പിന്തുണക്ക​ണമെന്ന് അഭ്യർഥിക്കുകയാണ്. ആളുകൾ സാധനങ്ങളൊന്നും വാങ്ങാതെ ഈ ബന്ദുമായി സഹകരിക്കണം. താങ്ങുവില പ്രഖ്യാപിക്കാൻ നിയമം കൊണ്ടുവരണമെന്നാണ് ഞങ്ങളുടെ പ്രധാന ആവശ്യം. തൊഴിലില്ലായ്മയും അഗ്നിവീർ പദ്ധതി, പെൻഷൻ പദ്ധതി എന്നിവയിലെ പ്രശ്നങ്ങളുമെല്ലാം സമരത്തിന് കാരണങ്ങളാണ്. ഇത് കർഷകരുടെ മാത്രം സമരമല്ലെന്നും മറ്റു പല സംഘടനകളും ഇതിന്റെ ഭാഗമാകുമെന്നും ടികായത്ത് പറഞ്ഞു. അപകടങ്ങളിൽ ഡ്രൈവർമാർക്കെതിരെ എടുക്കുന്ന കടുത്ത ശിക്ഷാനടപടികളുള്ള പുതിയ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഗതാഗത ജോലിക്കാരും ഫെബ്രുവരി 16ന് പണിമുടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Farmer groups to observe 'Bharat Bandh' on Feb 16: Rakesh Tikait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.