ജ​ഗ്ജി​ത്ത് സി​ങ് ദ​ല്ലെ​വാ​ൽ, സ​ർ​വ​ൻ സി​ങ് പാ​ന്ത​ർ

കർഷക സ​മ​രം: ആവശ്യങ്ങളിലും ​നേതൃത്വത്തിലും വലിയ മാറ്റങ്ങൾ

ന്യൂഡൽഹി: രണ്ടുവർഷം മുമ്പ് ഡൽഹിയിൽ നടന്ന കർഷക പ്രക്ഷോഭത്തിന്റെ തുടർച്ചയായിട്ടാണ് പുതിയ സമരവും വിലയിരുത്ത​പ്പെടുന്നതെങ്കിലും സമരക്കാരുടെ ആവശ്യങ്ങളിലും സമര​നേതൃത്വത്തിലും വലിയ മാറ്റങ്ങളുണ്ട്. നേരത്തെ, മോദി സർക്കാറിന്റെ മൂന്ന് വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരമെങ്കിൽ, ഇപ്പോൾ അത് പ്രധാനമായും കാർഷികോൽപന്നങ്ങൾക്ക് താങ്ങുവില ഉറപ്പുവരുത്തണമെന്ന കാലങ്ങളായുള്ള ആവശ്യം മുൻനിർത്തിയാണ്. ഇതിനുപുറമെ, മറ്റു പത്തിന ഡിമാൻഡുകൾകൂടി കർഷക സംഘടനകൾ മു​ന്നോട്ടുവെച്ചിട്ടുണ്ട്.

കർഷക​ ക​ട​ങ്ങൾ എഴുതിത്തള്ളുക, 2013ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മം പു​ന​രാ​വി​ഷ്ക​രി​ക്കു​ക, സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ റ​ദ്ദാ​ക്കു​ക; ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങു​ക, ക​ർ​ഷ​ക​ർ​ക്കും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും പെ​ൻ​ഷ​ൻ ഉ​റ​പ്പാ​ക്കു​ക, മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ ഡ​ൽ​ഹി ക​ർ​ഷ​ക സ​മ​ര​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, തൊ​ഴി​ലു​റ​പ്പ് ദി​ന​ങ്ങ​ൾ 200 ആ​ക്കു​ക; മി​നി​മം കൂ​ലി 700 ആ​ക്കി ഉ​യ​ർ​ത്തു​ക തുടങ്ങിയവയാണ് അതിൽ പ്രധാനപ്പെട്ടത്.

സമര നേതൃത്വത്തിലും കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സർവൻ സിങ് പാന്തർ, ജഗ്ജിത്ത് സിങ് ദല്ലെവാൽ എന്നീ കർഷക നേതാക്കളാണിപ്പോൾ ‘ഡൽഹി ചലോ’യുടെ നേതാക്കൾ. ഫെബ്രുവരി എട്ടിനും 12നും ഛണ്ഡിഗഡിൽ കേന്ദ്രമന്ത്രിമാരുമായി ചർച്ചക്ക് നേതൃത്വം നൽകിയതും ഇവർതന്നെ. കിസാൻ മസ്ദൂർ മോർച്ചയുടെ (കെ.എം.എം) കോഓഡിനേറ്ററാണ് പാന്തർ; സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ) -എസ്.കെ.എം-കൺവീനറാണ് ജഗ്ജിത്ത്.

രാജ്യത്തെ വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മയാണ് കെ.എം.എമ്മും എസ്.കെ.എമ്മുമെങ്കിലും ‘ഡൽഹി ചലോ’യിൽ കാര്യമായും പ​ങ്കെടുക്കുന്നത് പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നുമുള്ള കർഷകരാണ്. കഴിഞ്ഞ നവംബറിൽ പാന്തർ ഉത്തരേന്ത്യയിലെ 18 കർഷക സംഘടനകളുമായി ചേർന്ന് ദേശീയ സമരത്തിന് പദ്ധതിയിട്ടിരുന്നു. ജനുവരി ആയ​പ്പോഴേക്കും ആ സംഘത്തിൽ 100ലധികം സംഘടനകൾ അണിനിരന്നു. സമാന്തരമായി ജഗ്ജിത്തും നൂറിലധികം സംഘടനകളെ വിളിച്ചുചേർത്തു. ജനുവരി രണ്ടിനാണ് ഈ രണ്ട് സംഘടനകളും ‘ഡൽഹി ചലോ’ക്ക് ആഹ്വാനം ചെയ്തത്.

രാ​കേ​ഷ് ടി​കാ​യ​ത്ത് എ​വി​ടെ​?

2020-21ലെ ​ഡ​ൽ​ഹി ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്റെ മു​ന്ന​ണി​പ്പോ​രാ​ളി​യാ​യ ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ൻ (ബി.​കെ.​യു) നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത്ത് ഈ ​സ​മ​ര​നേ​തൃ​ത്വ​ത്തി​ൽ ഇ​ല്ല. എ​സ്.​കെ.​എ​മ്മും ​ബി.​കെ.​യു​മാ​യി​രു​ന്നു മു​ൻ സ​മ​ര​ത്തി​ന്റെ ചാ​ല​ക​ശ​ക്തി. പി​ന്നീ​ട്, എ​സ്.​കെ.​എ​മ്മി​ലെ ഒ​രു വി​ഭാ​ഗം പ​ഞ്ചാ​ബ് അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ​തോ​ടെ​യാ​ണ് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച (നോ​ൺ പൊ​ളി​റ്റി​ക്ക​ൽ) എ​ന്ന​പേ​രി​ൽ ജ​ഗ്ജി​ത്ത് സി​ങ് മ​റ്റൊ​രു സം​ഘ​ട​ന​ക്ക് രൂ​പം ന​ൽ​കി​യ​ത്. സ​മാ​ന​മാ​യ ‘വി​ഭ​ജ​നം’ യു.​പി​യി​ൽ ടി​കാ​യ​ത്തി​ന്റെ സം​ഘ​ട​ന​ക്കു​മു​ണ്ടാ​യി. എ​ന്നാ​ൽ, നോ​യി​ഡ​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​ര​ത്തി​ന്റെ മു​ൻ​നി​ര​യി​ൽ ടി​കാ​യ​ത്തു​ണ്ട്. അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ‘ഡ​ൽ​ഹി ച​ലോ’​യു​ടെ ഭാ​ഗ​മാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Tags:    
News Summary - Farmers' protest​: Major Changes in Demands and Leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.