ന്യൂഡൽഹി: രാജ്യവ്യാപകമായി ഉപവാസസമരം നടത്തി വിട്ടുവീഴ്ചയില്ലാതെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുന്ന കർഷകർക്കിടയിൽ വിള്ളൽ വീഴ്ത്താൻ കേന്ദ്ര സർക്കാർ. സമരംെചയ്യുന്ന കർഷകരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതിനൊപ്പം വിവാദ നിയമങ്ങളെ പിന്തുണക്കുന്നവരെന്നു പറയുന്ന 'കർഷകരെ' ഡൽഹിയിലെത്തിച്ച് സർക്കാറിനെ പിന്തുണക്കുന്ന മാധ്യമങ്ങളിലൂടെ അത് വ്യാപകമായി പ്രചരിപ്പിക്കുന്ന ദ്വിമുഖ തന്ത്രമാണ് കേന്ദ്ര സർക്കാർ പയറ്റുന്നത്.
മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള സംഘ്പരിവാർ സഹയാത്രികരായ10 കർഷക സംഘടന പ്രതിനിധികൾ തിങ്കളാഴ്ച കിസാൻ കോ ഒാഡിനേഷൻ കമ്മിറ്റി എന്ന പേരിൽ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറെ കണ്ട് വിവാദ നിയമത്തിനു പിന്തുണ അറിയിച്ചു. ഹരിയാനയിൽനിന്നുള്ള ഒരു വിഭാഗം കഴിഞ്ഞയാഴ്ചയും ഉത്തരാഖണ്ഡിൽനിന്നുള്ളവർ ഞായറാഴ്ചയും കൃഷിമന്ത്രിയെ കണ്ട് പിന്തുണ അറിയിച്ചതിെൻറ തുടർച്ചയായിരുന്നു ഇത്. ഇതിനു പിറകെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തോമറും കൂടിക്കാഴ്ചയും നടത്തി. കർഷകസമരത്തിൽ പങ്കാളികളായ ഭാരതീയ കിസാൻ യൂനിയൻ ഭാനുവിഭാഗം തലവൻ ഠാകുർ ഭാനു പ്രതാപ് സിങ് കേന്ദ്ര പ്രതിേരാധമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടതോടെ അദ്ദേഹത്തിെൻറ അനുയായികൾ ഭിന്നിച്ചു. രാജ്നാഥിനെ ഭാനു കണ്ടശേഷം നോയ്ഡയിൽനിന്ന് ഡൽഹിയിലേക്കുള്ള ഹൈവേ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂനിയൻ എടുത്ത നിലപാടിനോട് ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡൻറ് യോഗേഷ് പ്രതാപ് എതിർപ്പ് പ്രകടിപ്പിച്ചു.
വിജയകരമായ ഭാരത് ബന്ദിനുശേഷം നടത്തിയ രണ്ടാമത്തെ രാജ്യവ്യാപക സമരമായിരുന്നു തിങ്കളാഴ്ചത്തേത്. ഒമ്പതു മണിക്കൂർ ഉപവാസ സമരം നടത്തിയ കർഷകനേതാക്കൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും തിങ്കളാഴ്ച ആയിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തിയിലെത്തി. 33 കർഷകസംഘടന നേതാക്കൾ സിംഘുവിലെ പ്രധാന സമരവേദിയിൽ രാവിലെ എട്ടുമണിക്ക് തുടങ്ങിയ ഉപവാസം വൈകീട്ട് അഞ്ചു മണിയോടെ അവസാനിപ്പിച്ചു. ഡൽഹി-ജയ്പുർ ഹൈവേയിൽ രാജസ്ഥാൻ കിസാൻ മഹാപഞ്ചായത്ത് പ്രസിഡൻറ് രാംപാൽ ജാട്ട് ഉപവാസമനുഷ്ഠിച്ചു. ഹരിയാനയിൽനിന്ന് വന്ന കർഷകരെ തടഞ്ഞതിെന തുടർന്ന് ഡൽഹി-ജയ്പുർ ഹൈവേയിൽ തിങ്കളാഴ്ച പൊലീസ് കർഷകരുമായി ഏറ്റുമുട്ടി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും കർഷകരോട് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ഉപവാസം അനുഷ്ഠിച്ചു.
ന്യൂഡൽഹി: കർഷകരുമായി അടുത്ത ചർച്ചക്കുള്ള തീയതി നിശ്ചയിക്കാൻ കർഷക നേതാക്കളുമായി ആേലാചന തുടങ്ങിയെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ.
നിയമങ്ങൾ പിൻവലിക്കാതെ ചർച്ചക്കില്ലെന്ന് പറഞ്ഞ കർഷക സംഘടനകളുമായുള്ള ചർച്ച നടക്കുകതന്നെ ചെയ്യുമെന്നും നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്നും തോമർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.