ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് ശനിയാഴ്ച 57 മണ്ഡലങ്ങളിലെ വോട്ടർമാർ പോളിങ് ബൂത്തിലെത്തും.
ഏഴാം ഘട്ടത്തിൽ ഏഴ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിലെ ഏക ലോക്സഭാ മണ്ഡലത്തിലുമാണ് തെരഞ്ഞെടുപ്പ്. ചൊവ്വാഴ്ച വോട്ടെണ്ണുന്നതോടെ രാജ്യം ഉറ്റുനോക്കുന്ന 18ാം ലോക്സഭയുടെ ജനവിധി അറിയും. ഇന്ന് വൈകീട്ടോടെ എക്സിറ്റ് ഫലങ്ങൾ പുറത്തുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം മൂന്നാമൂഴം നേടുമോ പ്രതിപക്ഷമായ ഇൻഡ്യ സഖ്യം മുന്നേറുമോ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത സഭയാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യം.
പഞ്ചാബ് (13) ഹിമാചൽ പ്രദേശ് (4), ഉത്തർ പ്രദേശ് (13), പശ്ചിമ ബംഗാൾ (9), ബിഹാർ (8), ഒഡിഷ (6), ഝാർഖണ്ഡ് (3) എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 904 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
നരേന്ദ്ര മോദി മൂന്നാമൂഴം തേടുന്ന വാരാണസിയാണ് അവസാനഘട്ടത്തിലെ പ്രധാന മണ്ഡലം. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയാണ് മുഖ്യ എതിരാളി. ലാലുപ്രസാദ് യാദവിന്റെ മകൾ മിസാ ഭാരതിയും മുൻ കേന്ദ്ര മന്ത്രി രാംകൃപാൽ യാദവും ഏറ്റുമുട്ടുന്ന പാടലീപുത്ര, ആപ് പിന്തുണയോടെ മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി ജനവിധി തേടുന്ന ചണ്ഡിഗഢ്, മുൻ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിന്റെ സിറ്റിങ് സീറ്റായ പട്ന സാഹിബ്, കോൺഗ്രസിന്റെ വിക്രമാദിത്യ സിങ്ങും ബി.ജെ.പിയുടെ കങ്കണ റണാവതും മത്സരിക്കുന്ന ഹിമാചൽ പ്രദേശിലെ മണ്ഡി എന്നിവയാണ് അവസാന ഘട്ടത്തിൽ ശ്രദ്ധേയമായ മറ്റു മണ്ഡലങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.