ഹൈദരാബാദ്: ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കുന്നതിനെതിരെ തെലങ്കാനയിലെ ബി.ജെ.പി നേതാവും വിദ്വേഷ പ്രചാരകനുമായ രാജാ സിങ്. വാവർസ്വാമി ദർഗയിലും പള്ളിയിലും അയ്യപ്പഭക്തർ സന്ദർശനം നടത്തരുതെന്ന് തെലങ്കാനയിലെ എം.എൽ.എ കൂടിയായ രാജാസിങ്ങിന്റെ പരാമർശം വിവാദത്തിലായിരിക്കുകയാണ്.
ഹിന്ദുക്കൾ കുഴിമാടങ്ങൾക്കുമുന്നിൽ വണങ്ങുകയോ കൈകൂപ്പുകയോ ചെയ്യാൻ പാടില്ലെന്നാണ് ഹിന്ദുയിസം വ്യക്തമായി പഠിപ്പിക്കുന്നതെന്നത് അയ്യപ്പഭക്തർ മനസ്സിലാക്കണമെന്നാണ് ഇയാളുടെ ഉപദേശം. കടുത്ത വർഗീയ പരാമർശങ്ങളിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും കുപ്രസിദ്ധനായ ഇയാളുടെ പരാമർശത്തിനെതിരെ നിരവധി ഭക്തർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
ശബരിമലയിൽ സന്ദർശനം നടത്തുന്ന ഭക്തർ വാവർ പള്ളിയിൽ സന്ദർശനം നടത്തുന്നത് ദശാബ്ധങ്ങളായി തീർഥാടനത്തിന്റെ പാരമ്പര്യമാണ്. എന്നാൽ, ഈ പാരമ്പര്യം ‘നക്സലൈറ്റുകൾ’, ‘ഇടതുപക്ഷക്കാർ’, ‘കമ്യൂണിസ്റ്റ് പാർട്ടി’ എന്നിവർ ഗൂഢാലോചന വഴി സൃഷ്ടിച്ചെടുത്തതാണെന്നാണ് രാജാ സിങ് വിശദീകരിക്കുന്നത്. വാവർ പള്ളി സന്ദർശിച്ചാൽ മാത്രമേ ശബരിമല സന്ദർശനവും അയ്യപ്പ ദീക്ഷയും പൂർത്തിയാവുകയുള്ളൂ എന്ന് ഇവർ ഗൂഢാലോചനയിലൂടെ ആസൂത്രണം ചെയ്യുകയും ആ ഊഹാപോഹം പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് രാജാ സിങ്ങിന്റെ ‘കണ്ടെത്തൽ’.
തങ്ങളെ വഴിതെറ്റിക്കാനുള്ള പ്രചാരണങ്ങളിൽ അയ്യപ്പ ഭക്തർ വീണുപോയെന്നാണ് ഇയാൾ പറയുന്നത്. ‘പല അയ്യപ്പ സ്വാമി പൂജകളിലും ദർഗ സന്ദർശിക്കുന്നവരെയും അതിൽ വിശ്വസിക്കുന്നവരെയും ക്ഷണിക്കുന്നത് ഞാൻ കാണാറുണ്ട്. ചിലപ്പോൾ മുസ്‍ലിംകളെയും അതിലേക്ക് ക്ഷണിക്കുന്നു. നമ്മളെങ്ങോട്ടാണ് പോകുന്നത്? ആ കെണിയിൽ നമ്മൾ വീഴുകയാണോ? -രാജാ സിങ് ചോദിക്കുന്നു.
വാവർ പള്ളി സന്ദർശിക്കാതെ ശബരിമല തീർഥാടനം പൂർത്തിയാകില്ലെന്നാണ് അയ്യപ്പ ഭക്തരുടെ വിശ്വാസം. ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർ വാവർ പള്ളിയും സന്ദർശിക്കുന്നതാണ് കാലങ്ങളായുള്ള പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.