ഭാര്യ അർബുദത്തെ അതിജീവിച്ച കഥ പറഞ്ഞ് സിദ്ധു​​; കൃത്യമായ ഭക്ഷണക്രമം, സർക്കാർ ആശുപത്രിയിലെ ചികിത്സ...

ഭാര്യ നവ്ജ്യോത് കൗർ സിദ്ധു അർബുദത്തെ തോൽപ്പിച്ച അനുഭവം പങ്കുവെച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ധു. ഭാര്യ പൂർണമായും അർബുദത്തിൽ നിന്നും മോചിതയായെന്ന് സിദ്ധു പറഞ്ഞു. മൂന്ന് ശതമാനം മാത്രം രക്ഷപ്പെടാൻ സാധ്യതയുള്ള അർബുദ​ത്തിന്റെ നാലാം സ്റ്റേജിൽ നിന്നാണ് സിദ്ധുവിന്റെ ഭാര്യ മോചിതയായത്.

രണ്ട് വർഷം മുമ്പായിരുന്നു നവ്ജ്യോത് കൗർ സിദ്ധുവിന് അർബുദം ബാധിച്ചതെന്ന് സിദ്ധു പറഞ്ഞു. ഒരു ശസ്​ത്രക്രിയയെ തുടർന്നാണ് അവർക്ക് അർബുദമാണെന്ന് മനസിലായത്. ഇപ്പോൾ അവർ അർബുദത്തിൽ നിന്നും മോചിതയായെന്ന് പറയുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും സിദ്ധു പറഞ്ഞു.

 

മകന്റെ വിവാഹത്തിന് പിന്നാലെയാണ് ഭാര്യക്ക് അർബുദം സ്ഥിരീകരിച്ചത്. അവൾ തിരിച്ചു വരുമോയെന്ന് ഞങ്ങൾ ഭയപ്പെട്ടു. പക്ഷേ അവൾ പ്രതീക്ഷ കൈവിട്ടില്ല. അർബുദത്തെ ധീരമായി നേരിട്ടു. കഴിഞ്ഞ ഒരു വർഷമായി അവൾ അർബുദവുമായി പോരാട്ടത്തിലായിരുന്നു. ചികത്സകളോട് പൂർണമായും സഹകരിച്ചു. സർക്കാർ ആശുപത്രികളിലാണ് ചികിത്സ നടത്തിയത്. വളരെ കുറഞ്ഞ പണം മാത്രമേ ഇതിന് ചെലവായുള്ളൂവെന്നും സിദ്ധു പറഞ്ഞു.

പണം ഉള്ളത് കൊണ്ടല്ല അവൾ അർബുദത്തെ അതിജീവിച്ചത്. ചിട്ടയായ ജീവിതക്രമത്തിലൂടേയും സർക്കാർ ആശുപത്രികളിലെ ചികിത്സയിലൂടെയുമായിരുന്നു അവളുടെ അതിജീവനം.ഭക്ഷണക്രമത്തിലും അവൾ വലിയ മാറ്റങ്ങൾ വരുത്തി. നാരങ്ങാ നീര്, ആപ്പിൾ സിഡർ വിനഗർ, വേപ്പിന്റെ ഇല, തുളസി എന്നിവയെല്ലാം എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തി. വൈകിട്ട് ആറരക്ക് മുമ്പ് അത്താഴം കഴിക്കുമായിരുന്നു. രാവിലെ പത്ത് മണിക്ക് മുമ്പ് പ്രാതലും കഴിക്കും. അർബുദത്തിന് കാരണമാവുന്ന ഭക്ഷ്യവസ്തുക്കളെല്ലാം ഒഴിവാക്കി. അർബുദ ചികിത്സക്ക് ശേഷം ഭാര്യയുടെ ഭാരം 25 കിലോഗ്രാം കുറഞ്ഞുവെന്നും സിദ്ധു കൂട്ടിച്ചേർത്തു.

Tags:    
News Summary - Navjot Singh Sidhu Shares How His Wife Defeated Stage 4 Cancer With Treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.