ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനം നാളെ. സമാപന പരിപാടിയിൽ 12 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കും. 21 പാർട്ടികളെ ക്ഷണിച്ചിരുന്നുവെങ്കിലും സുരക്ഷ സംബന്ധിച്ച ആശങ്കയുള്ളതിനാൽ ചിലർ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസ്, സമാജ്‍വാദി പാർട്ടി, ടി.ഡി.പി എന്നിവയാണ് വിട്ടുനിൽക്കുന്ന പാർട്ടികൾ. എം.കെ സ്റ്റാലിൻ നയിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം(ഡി.എം.കെ), ശരദ്പവാറിന്റെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻ.സി.പി), തേജസ്വി യാദവ് നയിക്കുന്ന രാഷ്ട്രീയ ജനത ദൾ(ആർ.ജെ.ഡി),നിതീഷ് കുമാറിന്റെ ജനതദൾ(യുനൈറ്റഡ്), ഉദ്ദവ് താക്കറെയുടെ ശിവസേന, സി.പി.എം,സി.പി.ഐ,വിടുതലൈ ചിരുതെയ്കൾ കട്ചി, കേരള കോൺഗ്രസ്, ഫാറൂഖ് അബ്ദുല്ലയുടെ ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ്, മെഹബൂബ മുഫ്തിയുടെ ജമ്മു ആൻഡ് കശ്മീർ പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി(പി.ഡി.പി), ഷിബു സോറന്റെ ഝാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം) എന്നിവ ശ്രീനഗറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ശനിയാഴ്ച ജോഡോ യാത്രക്ക് എത്തിയിരുന്നു. സുരക്ഷ പ്രശ്നങ്ങളാൽ വെള്ളിയാഴ്ച യാത്ര റദ്ദാക്കിയിരുന്നു. യാത്രയിൽ സുരക്ഷ വീഴ്ചയുണ്ടായി എന്ന റിപ്പോർട്ട് പ്രാദേശിക പൊലീസ് തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.