ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഗുജറാത്ത് ഹൈകോടതി 25,000 രൂപ പിഴയിട്ടേതാടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ വിവരങ്ങൾ വീണ്ടും ചർച്ചയിലേക്ക്. തെരഞ്ഞെടുപ്പുസമയത്ത് നാമനിർദേശപത്രികക്കൊപ്പം നൽകിയ വിവരങ്ങൾപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി 1978ൽ ഗുജറാത്ത് സർവകലാശാലയിൽനിന്ന് ഡിഗ്രി പാസായി. 1983ൽ ഡൽഹി സർവകലാശാലയുടെ മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സ് പൂർത്തിയാക്കി.
വിദ്യാഭ്യാസ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് സർവകലാശാലയെ നിർബന്ധിക്കാൻ പാടില്ലെന്ന വാദമാണ് കഴിഞ്ഞ മാസം സോളിസിറ്റർ ജനറൽ തുഷാർ മേത്ത മുന്നോട്ടുവെച്ചത്. പ്രധാനമന്ത്രി നിരക്ഷരനോ ഡോക്ടറേറ്റ് നേടിയ ആളോ ആകട്ടെ, അതിന് ജനാധിപത്യ സംവിധാനത്തിൽ വ്യത്യാസമൊന്നുമില്ല. ഈ വിഷയത്തിൽ പൊതുതാൽപര്യത്തിന്‍റെ പ്രശ്നവുമില്ല.
അതേസമയം, പ്രധാനമന്ത്രിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയം കൂടിയാണിത്. ചിലരുടെ കുട്ടിത്തത്തെയോ നിരുത്തരവാദപരമായ കൗതുകത്തെയോ തൃപ്തിപ്പെടുത്താൻ ഈ വിവരങ്ങൾ ചോദിച്ചുകൂടാ. പൊതുപ്രവർത്തനവുമായി ബന്ധപ്പെട്ടതാകണം വിവരാവകാശനിയമപ്രകാരമുള്ള ചോദ്യങ്ങൾ. ഭക്ഷണത്തെക്കുറിച്ചാണെങ്കിൽ, എന്തു ഭക്ഷണം കഴിച്ചുവെന്ന് ചോദിക്കരുത്. ഭക്ഷണത്തിന് എത്ര മുടക്കിയെന്ന ചോദ്യമാകാം -തുഷാർ മേത്ത പറഞ്ഞു.
എന്നാൽ, തെരഞ്ഞെടുപ്പിലെ നാമനിർദേശപത്രികയിൽ വിദ്യാഭ്യാസ യോഗ്യതകൾ പറയുന്നുണ്ടെന്ന് കെജ്രിവാളിന്‍റെ അഭിഭാഷകൻ വാദിച്ചു. ബിരുദസർട്ടിഫിക്കറ്റാണ്, മോദിയുടെ മാർക്ക് ഷീറ്റല്ല ചോദിക്കുന്നതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. ഈ വാദഗതി തള്ളിയാണ് ഹൈകോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.