മുംബൈ: ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തി സിഖ് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. ഡെൽഹി സിഖ് ഗുരുദ്വാര മാനേജ്മെൻറ് കമ്മിറ്റി പ്രവർത്തകരും ശിരോമണി അകാലിദൾ നേതാക്കളും നൽകിയ പരാതിയിലാണ് മുംബൈയിലെ ഖാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കർഷക സമരത്തെ ബോധപൂർവം ഖലിസ്ഥാൻ മൂവ്മെൻറായി ചിത്രീകരിക്കുകയും മനപൂർവം സിഖ് സമുദായത്തെ സിഖ് തീവ്രവാദികൾ എന്ന് വിളിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. വിവാദ കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളാണ് സിഖ് സമുദായത്തെ ചൊടിപ്പിച്ചത്.
ഏതെങ്കിലും മതിവിഭാഗത്തെ അവഹേളിക്കുന്നതിനെതിരെയുള്ള ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 295 എ പ്രകാരമാണ് കേസെടുത്തതെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. നേരത്തേ, സിഖ് സമുദായംഗങ്ങൾ മഹാരാഷ്ട്ര അഭ്യന്തര മന്ത്രി ദിലീപ് വത്സ പാട്ടീലിനെ കണ്ട് കങ്കണക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.