ഉവൈസിയെ വെടിവെച്ച് കൊല്ലുകയായിരുന്നു ലക്ഷ്യം- പ്രതിയുടെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: ലോക്‌സഭാ എം.പി അസദുദ്ദീൻ ഉവൈസിയുടെ കാറിന് നേരെ വെടിയുതിർത്തത് അദ്ദേഹത്തെ കൊലപ്പെടുത്താനാണെന്ന് വെളിപ്പെടുത്തി പ്രതി സച്ചിൻ. വലിയ രാഷ്ട്രീയ നേതാവാകണമെന്നാണ് തന്‍റെ ആഗ്രഹം. ഉവൈസിയുടെ പ്രസംഗങ്ങൾ തന്നെ അസ്വസ്ഥനാക്കിയെന്നും ഇതാണ് വധ ശ്രമത്തിന് കാരണമെന്നും മുഖ്യപ്രതി സച്ചിൻ പൊലീസിന് മൊഴി നൽകി.

'ഞാൻ ഉവൈസിക്ക് നേരെ വെടി വെച്ചപ്പോൾ അദ്ദേഹം കുനിഞ്ഞു. ആ സമയം താഴത്തേക്കും വെടിയുതിർത്തു. ഉവൈസിക്ക് വെടിയേറ്റു എന്നുതന്നെയാണ് ഞാൻ കരുതിയത്.'- സച്ചിൻ പറഞ്ഞു.

ഉവൈസിയെ കൊല്ലാൻ സച്ചിനും സുഹൃത്തായ ശുഭമും ദിവസങ്ങളായി ആസൂത്രണം നടത്തുകയായിരുന്നു. അതിനായി സമൂഹ മാധ്യമങ്ങൾ വഴി നിരന്തരം എം.പിയുടെ നീക്കങ്ങൾ പിന്തുടർന്നു. അദ്ദേഹം പങ്കെടുക്കുന്ന യോഗങ്ങളിൽ പങ്കെടുത്തിരുന്നു. എന്നാൽ തിരക്ക് കാരണം കൃത്യം നടത്താൻ സാധിച്ചിരുന്നില്ല. അനുയോജ്യമായ അവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും സച്ചിൻ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

എ.ഐ.എം.ഐ.എം തലവനും ലോക്‌സഭാ എം.പിയുമായ അസദുദ്ദീൻ ഉവൈസി ഉത്തർപ്രദേശിലെ മീററ്റിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടി കഴിഞ്ഞ് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് സഞ്ചരിച്ച കാറിന് നേരെ വെടിവെപ്പ് നടന്നത്.

ഉവൈസി ഡൽഹിയിലേക്ക് വരുന്നുണ്ടെന്ന് മനസിലാക്കിയ സച്ചിൻ ഛജാർസി ടോൾ പ്ലാസയിൽ നേരത്തെ എത്തി കാത്തുനിന്നു. കാർ ടോൾ ഗേറ്റിനടുത്തെത്തിയപ്പോൾ പ്രതി വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.  

Tags:    
News Summary - Fired with intention of killing, says man who shot at Owaisi’s car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.