ന്യൂഡൽഹി: സുപ്രീംകോടതിയിൽ കൊളീജിയത്തിന് അറിയുന്നവരെയല്ല, 'യോഗ്യരായവരെ'യാണ് ജഡ്ജിയാക്കേണ്ടതെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു.
നിലവിൽ സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്ന കൊളീജയം സംവിധാനം ദുർഗ്രഹമാണെന്നും മന്ത്രി പറഞ്ഞു. നിയമ സംവിധാനത്തിൽ തീവ്രമായ രാഷ്ട്രീയം ഉണ്ടെന്നും എന്നാൽ ജഡ്ജിമാർ അത് പുറത്തു കാണിക്കുന്നില്ലെന്നേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജുഡീഷ്യറിയിലെ നവീകരണം സംബന്ധിച്ച് ഇന്ത്യ ടുഡേയിലെ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെല്ലായിടത്തും സർക്കാറാണ് ജഡ്ജിമാരെ നിയമിക്കുന്നത്. ഇന്ത്യയിൽ മാത്രമാണ് ജഡ്ജിമാരെ കൊളീജിയം നിയമിക്കുന്നത്. ഞാൻ നിയമ വ്യവസ്ഥയുടെയോ ജഡ്ജിമാരുടെയോ വിമർശകനല്ല, പക്ഷേ, നിലവിലെ ജഡ്ജിമാരുടെ കൊളീജയം സംവിധാനത്തിൽ സംതൃപ്തനല്ല. ഒരു സംവിധാനവും പൂർണമല്ല. നാമെപ്പോഴും അവയെ നവീകരിക്കാനും കൂടുതൽ നന്നാക്കാനും ശ്രമിച്ചുകൊണ്ടിരിക്കണം. സംവിധാനം ശരിയായതല്ലെങ്കിൽ അതിന്റെ ചുമതലപ്പെട്ട മന്ത്രിയല്ലാതെ ആരാണ് അതെ കുറിച്ച് പറയുക എന്നും മന്ത്രി ചോദിച്ചു. കൊളീജിയത്തിലെ ജഡ്ജിമാർ അവർക്ക് അറിയുന്നവരെ മാത്രമേ ശിപാർശ ചെയ്യൂ. അല്ലാത്തവരെ ശിപാർശ ചെയ്യുകയില്ല. യോഗ്യരായവരാണ് നിയമിക്കപ്പെടേണ്ടത് കൊളീജിയത്തിന് അറിയുന്നവരല്ല. -മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.