ഇന്ത്യയെ നടുക്കിയ അഞ്ച് ആശുപത്രി ദുരന്തങ്ങൾ; ചോദ്യചിഹ്നമായി രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നാന്ദഡിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരില്ലാതെയും മരുന്ന് ക്ഷാമത്തെയും തുടർന്ന് 16 നവജാത ശിശുക്കളടക്കം 31 പേരാണ് മരിച്ചത്. സർക്കാർ മെഡിക്കൽ കോളജിലാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം റിപ്പോർട്ട് ചെയ്തത്. ഈ വാർത്ത പുറത്ത് വന്നതോടെ മുമ്പ് ഇത്തരത്തിൽ രാജ്യത്തെ നടുക്കിയ ആശുപത്രി ദുരന്തങ്ങളെക്കുറിച്ച് വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യയിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് ഗൗരവപരമായ ചോദ്യങ്ങളുയർത്തിയ അഞ്ച് സംഭവങ്ങൾ പരിശോധിക്കാം:

1. മഹാരാഷ്ട്ര സർക്കാർ ആശുപത്രി ദുരന്തം (2023) - മരിച്ചത് 16 നവജാത ശിശുക്കളടക്കം 31 പേർ


മഹാരാഷ്ട്ര മറാത്ത് വാഡ റീജണിലെ നാന്ദഡ് ഡോ. ശങ്കർറാവു ചവാൻ സർക്കാർ മെഡിക്കൽ കോളജിലാണ് 16 നവജാത ശിശുക്കളടക്കം 31 പേർ 48 മണിക്കൂറിനിടെ മരണപ്പെട്ടത്. അവശ്യ മരുന്നിന്‍റെയും ഡോക്ടർമാരുടെയും ക്ഷാമമാണ് മരണ കാരണമായി ചൂണ്ടിക്കാട്ടുന്നത്.


കഴിഞ്ഞ ആഗസ്റ്റിൽ മഹാരാഷ്ട്ര താനെ കൽവായി ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിലും രോഗികൾ കൂട്ടത്തോടെ മരണപ്പെട്ടിരുന്നു. 24 മണിക്കൂറിനിടെ 18 പേരാണ് മരിച്ചത്.

2. ഗൊരഖ്പൂർ ആശുപത്രി ദുരന്തം (2017) - മരിച്ചത് 60 നവജാത ശിശുക്കൾ


2017ൽ ഗൊരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ 60 നവജാത ശിശുക്കൾക്കാണ് ജീവൻ നഷ്ടമായത്. ഓക്സിജൻ ക്ഷാമത്തെ തുടർന്നാണ് കൂട്ടമരണം സംഭവിച്ചത്. ഓക്സിജൻ സിലിണ്ടറിന്‍റെ പണം നൽകാത്തതിനെ തുടർന്ന് സപ്ലൈ നിലച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. ആശുപത്രിയിലെ ഡോക്ടർ കഫീൽ ഖാൻ സ്വന്തം കൈയിൽ നിന്ന് പണം നൽകി ഓക്സിജൻ സിലിണ്ടർ എത്തിച്ചത് വാർത്തായിരുന്നു. ഇതേതുടർന്ന് യോഗി ആദിത്യനാഥ് സർക്കാർ സസ്പെൻഡ് ചെയ്ത കഫീൽ ഖാൻ പിന്നീട് അറസ്റ്റിലായി. ഒമ്പത് മാസം ജയിലിൽ കിടന്ന ഖാന് പിന്നീട് ക്ലീൻ ചിറ്റ് നൽകിയെങ്കിൽ 2021ൽ യോഗി സർക്കാർ സർവീസിൽ നിന്ന് പുറത്താക്കി.

3. ഛത്തീസ്ഗഢ് വന്ധ്യംകരണ പ്രചാരണം (2014) -മരിച്ചത് 10 വനിതകൾ


2014 നവംബറിൽ ഛത്തീസ്ഗഢിൽ സർക്കാർ നടത്തിയ കൂട്ട വന്ധ്യംകരണ കാമ്പയിൻ പാളിയതിനെ തുടർന്ന് 10 സ്ത്രീകളാണ് മരിച്ചത്. 15 പേരുടെ നില ഗുരുതരമായി തുടരുകയും ചെയ്തു. കുടുംബ ആസൂത്രണ കേന്ദ്രത്തിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം പിടിപ്പെട്ട അസുഖമാണ് സ്ത്രീകളുടെ മരണത്തിന് വഴിവെച്ചത്. ഗുരുതരമായ അശ്രദ്ധ സംഭവിച്ചെന്നാണ് അന്നത്തെ മുഖ്യമന്ത്രി രമൺ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

3. ഏർവാടി മാനസിക അഭയ കേന്ദ്രത്തിലെ ദുരന്തം (2001) - മരിച്ചത് 25 പേർ


2001ആഗസ്റ്റ് ആറിന് തമിഴ്‌നാട്ടിലെ ഏർവാടിയിലെ മൊയ്തീൻ ബാദുഷ മെന്റൽ ഹോമിലുണ്ടായ തീപിടിത്തത്തിൽ ചങ്ങലയിട്ട 43 രോഗികളെയാണ് അഗ്നിവിഴുങ്ങിയത്. ഇതിൽ 25 പേർ കൊല്ലപ്പെട്ടു. തീപിടിത്തത്തിന് പിന്നാലെ 500 അന്തേവാസികളെയും മാനസികാരോഗ്യ അഭയ കേന്ദ്രത്തിൽ നിന്ന് മോചിപ്പിച്ച് സർക്കാർ പരിചരണത്തിൽ പാർപ്പിക്കുകയും കേന്ദ്രം അടച്ചുപൂട്ടുകയും ചെയ്തു.

4. കൊൽക്കത്തയിലെ ആശുപത്രി ദുരന്തം (2011) - മരിച്ചത് 90 പേർ


2011 ഡിസംബറിൽ കൊൽക്കത്തയിലെ എ.എം.ആർ.ഐ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് ജീവനക്കാർ ഉൾപ്പെടെ 90 പേർ മരിച്ചു. തീപിടിച്ച സമയത്ത് 160 പേർ ആശുപത്രിയിൽ ഉണ്ടായിരുന്നു. പുലർച്ചെ 3.30ന് ആശുപത്രി കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനായി തയാറാക്കിയ സ്ഥലത്ത് പ്രവർത്തിച്ച സംഭരണശാലയിലാണ് തീപിടിത്തമുണ്ടായത്. വേഗത്തിൽ തീപിടിക്കുന്ന വസ്തുക്കളുടെ ശേഖരത്തിനാണ് തീപിടിച്ചത്. ഇന്ത്യൻ എക്‌സ്‌പ്രസിന്‍റെ റിപ്പോർട്ട് പ്രകാരം എസ്‌.ഐ.ടി നടത്തിയ അന്വേഷണത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ കണ്ടെത്തി.

5. ഭുവനേശ്വർ ആശുപത്രിയിൽ തീപിടിത്തം (2016) -മരിച്ചത് 22 രോഗികൾ


2016 ഒക്ടോബർ 18ന് ഒഡീഷയിലെ സം ഹോസ്പിറ്റലിലുണ്ടായ തീപിടിത്തത്തിൽ 22 രോഗികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയുടെ ഒന്നാം നിലയിലെ ഡയാലിസിസ് വാർഡിലുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണം. തീ ഡയാലിസിസ് വാർഡിന് സമീപത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് പടരുകയായിരുന്നു.

Tags:    
News Summary - Five of the worst hospital tragedies in India; the quations to healthcare system of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.