റാഞ്ചി: ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിത്തീറ്റ കുംഭകോണക്കേസില്‍ സി.ബി.ഐ പ്രത്യേക കോടതി ഇന്ന് വിധി പറയും. ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ 1990-97 കാലയളവില്‍ കാലിത്തീറ്റ കുംഭകോണത്തില്‍ 89 ലക്ഷം രൂപ വെട്ടിച്ച കേസിലാണ് ഇന്ന് വിധി പറയുന്നത്. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയയക്കം 20 പേര്‍ കേസില്‍ പ്രതികളാണ്.
മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് കാലിത്തീറ്റ വാങ്ങിയതുമായി ബന്ധപ്പെട്ട് 900 കോടിയോളം രൂപ തട്ടിയ കേസുകളാണ് ലാലുവിനും കൂട്ടര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തത്. പല ട്രഷറികളില്‍ നിന്ന് പലപ്പോഴായി പലതുകയാണ് പിന്‍വലിച്ചത്. ദിയോഗര്‍ ട്രഷറിയില്‍ നിന്നും പണം വെട്ടിച്ച കേസിലാണ് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി വിധി പറയുക.
ഇതില്‍ ആദ്യ കേസില്‍ 2013 ല്‍ വിധി പറഞ്ഞു. അന്ന് അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ചതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. ജയിലില്‍ കിടന്ന ലാലുവിന് പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത് നാല് കേസുകളിലും ലാലുപ്രസാദ് യാദവ് വെവ്വേറെ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഡിസംബര്‍ 13നാണ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്.
‘ടുജി സ്‌പെക്ട്രം, ആദര്‍ശ് ഫ്ലാറ്റ് കേസില്‍ ഉണ്ടായതുപോലെ തനിക്കും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞ ദിവസം ലാലു പ്രതികരിച്ചിരുന്നു. തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട് വിധി എന്തായാലും അത് സ്വീകരിക്കുമെന്നും ലാലു പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.