ന്യൂഡൽഹി: ഡൽഹിയിലെ മരംകോച്ചുന്ന തണുപ്പിന് പോലും തോൽപ്പിക്കാനാകുന്നില്ല കർഷകരുടെ സിരകളിലെ പോരാട്ടവീര്യത്തെ. പൊലീസിനെയും സൈന്യത്തെയും അണിനിരത്തി ആദ്യം തോൽപ്പിക്കാൻ ശ്രമിച്ചു. ബാരിക്കേഡുകൾ നിരത്തിയും വാരിക്കുഴികൾ തീർത്തും വീഴ്ത്താൻ ശ്രമിച്ചു. തീവ്രവാദികളെന്നും ഖലിസ്ഥാനികളെന്നും വിളിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, അതിജീവനത്തിന്‍റെ സമരപാതയിൽ വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമല്ലാതെ മുന്നോട്ടുനീങ്ങുന്ന കർഷകലക്ഷങ്ങളെ എങ്ങിനെ തടുക്കാനാകും. നൂറുകണക്കിന് കർഷകരാണ് പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ഡൽഹി അതിർത്തികളിലേക്ക് കുതിക്കുന്നത്.
രാജസ്ഥാനിൽ നിന്നും പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും കൂടുതൽ കർഷകർ സിംഘുവിലെ സമരഭൂമിയിലെത്തുകയാണ്. മറുവശത്ത് യു.പിയിലെ കർഷകർ നോയിഡ അതിർത്തിയിലും സമാന പ്രക്ഷോഭം തീർക്കുകയാണ്.
'ഒരാൾ നാട്ടിലേക്ക് തിരിച്ചുപോകുമ്പോൾ പുതിയ പത്ത് പേർ സമരത്തിലേക്ക് എത്തുന്നുണ്ട്' -സിംഘുവിലെ പ്രക്ഷോഭത്തിൽ അണിനിരന്ന 25കാരനായ അമൻദീപ് സിങ് പറയുന്നു. കൃഷിയിടങ്ങൾ പരിപാലിക്കാനായാണ് ചിലർ തിരിച്ചുപോകുന്നത്. എന്നാൽ, പത്ത് പേർ തിരിച്ചെത്തും. ഞങ്ങളുടെ ഗ്രാമത്തിൽ തന്നെ നിരവധി പേർ തയാറായി നിൽക്കുകയാണ്. എന്‍റെ പിതാവാണ് നാട്ടിൽ കൃഷി പരിപാലിക്കുന്നത്. ഏതാനും ദിവസങ്ങൾക്കകം അദ്ദേഹവും സമരത്തിനെത്തും -അമൻദീപ് പറഞ്ഞു.
ട്രക്കുകളിലും ട്രാക്ടറുകളിലും ട്രോളികളിലുമായി കൂടുതൽ കർഷകരെത്തുകയാണ്. ഞായറാഴ്ചയോടെ 1500 വാഹനങ്ങൾ സിംഘുവിലെത്തുമെന്നാണ് കരുതുന്നത്.
കർഷക വിരുദ്ധ നിയമങ്ങൾ സർക്കാർ പിൻവലിച്ചില്ലെങ്കിൽ ഞങ്ങൾ എല്ലാവരെയും ഇവിടേക്ക് വിളിച്ചുവരുത്തും -45കാരനായ നാസിബ് സിങ് പറയുന്നു. തന്‍റെ ഭാര്യയും കുട്ടിയും സമരത്തിലുണ്ട്. സഹോദരനോട് സമരത്തിനെത്താൻ നിർദേശിച്ചിട്ടുണ്ട്. അവൻ ഉടൻ അണിചേരും. പഞ്ചാബിലെയും ഹരിയാനയിലെയും അധികൃതരും ഞങ്ങളെ പിന്തുണക്കുകയാണ്. ടോൾ പ്ലാസകളിൽ പണം നൽകാതെയാണ് ഇപ്പോൾ ഇങ്ങോട്ട് വരുന്നത് -നാസിബ് സിങ് പറഞ്ഞു. തന്‍റെ ട്രക്കിൽ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയാണ് ഇദ്ദേഹവും കുടുംബവും കഴിയുന്നത്. ലങ്കറുകളിലേക്ക് പച്ചക്കറിയും കൊണ്ടുവന്നിട്ടുണ്ട്.
കർഷകർ സമരഭൂമിയിലെത്തുമ്പോൾ നാട്ടിൽ കൃഷിഭൂമിയുടെ പരിചരണ ചുമതല സ്ത്രീകൾക്കും കുട്ടികൾക്കുമാണ്. ദിവസങ്ങളോളം കഴിച്ചുകൂട്ടാൻ ആവശ്യമായ വസ്തുക്കളുമായാണ് കർഷകരെത്തുന്നത്. ഇപ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമരത്തിൽ അണിചേരുന്നുണ്ട്.
17,000 കർഷകർ സിംഘുവിലുണ്ടെന്നാണ് ഡൽഹി പൊലീസിന്‍റെ കണക്ക്. തിക്രി അതിർത്തിയിൽ 10,000ത്തോളം കർഷകരാണുള്ളത്. പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായി കൂടുതൽ കർഷകർ സമരത്തിലേക്കെത്തുകയാണ്. രാജസ്ഥാനിലെ കർഷകർ ജെയ്പൂർ-ഡൽഹി പാത ഉപരോധിച്ച് ട്രാക്ടർ മാർച്ച് തുടങ്ങിക്കഴിഞ്ഞു. കൂടുതൽ പേർ എത്തുന്നതോടെ സമരത്തിന്‍റെ രൂപവും ഭാവവും മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.