ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പു വിജയത്തിന് അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് നേതാക്കളും അണികളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ടീം സ്പിരിറ്റോടെ മുന്നോട്ടുനീങ്ങണം. പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച് പരിഹരിക്കാൻ ശ്രമിക്കരുത്.
മോദിസർക്കാർ വീഴ്ചകൾ മറച്ചുവെക്കാൻ വൈകാരിക വിഷയങ്ങൾ ഉയർത്തുമ്പോൾ, കൂട്ടായ പ്രവർത്തനത്തിലൂടെ കോൺഗ്രസ് നേരിടണമെന്ന് ഖാർഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ വിളിച്ച പി.സി.സി പ്രസിഡന്‍റുമാർ, നിയമസഭ കക്ഷി നേതാക്കൾ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഖാർഗെ. വിവിധ സംസ്ഥാനങ്ങളിൽ ഇൻഡ്യ മുന്നണിയിലെ കക്ഷികളുമായി സീറ്റ് നീക്കുപോക്ക് ഉണ്ടാക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ഇതേക്കുറിച്ച് ബന്ധപ്പെട്ടവരിൽനിന്ന് നേരത്തെ അഭിപ്രായം ശേഖരിച്ച സമിതി അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിൽ പിന്നീട് ഖാർഗെക്ക് റിപ്പോർട്ട് കൈമാറി.
10 വർഷത്തെ ഭരണപ്പിഴവുകൾ മറച്ചുവെക്കാൻ വൈകാരിക വിഷയങ്ങൾ ഉയർത്തുന്ന ബി.ജെ.പി, ഏതൊരു വിഷയത്തിലും കോൺഗ്രസിനെ ബോധപൂർവം വലിച്ചിഴക്കാൻ ശ്രമിക്കുക കൂടിയാണെന്ന് ഖാർഗെ നേതൃയോഗത്തിൽ പറഞ്ഞു. ഒന്നിച്ചു നിന്നുകൊണ്ട് തക്ക മറുപടി കൊടുക്കാനാണ് ശ്രമിക്കേണ്ടത്. 2004ൽ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസിന് കഴിഞ്ഞു. അതേ അർപ്പണബോധവും കഠിനാധ്വാനവുമായി പാർട്ടിയെ വിജയത്തിലേക്ക് നയിക്കണം. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യം പേരിനു മാത്രമാണെങ്കിൽ, ഇൻഡ്യ സഖ്യം ഇന്ന് ശക്തമായ പാർട്ടികളുടെ കൂട്ടായ്മയാണ്.
ശക്തമായ അടിത്തറയും ആശയവും ഇൻഡ്യക്കുണ്ട്. രാപ്പകൽ അധ്വാനിച്ച് ബദൽ സർക്കാറുണ്ടാക്കാൻ നമുക്ക് കഴിയും. കഴിഞ്ഞമാസം നടത്തിയ നേതൃ പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ യോഗത്തിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.