കൊൽക്കത്ത: പശ്ചിമബംഗാളിലെ മുൻ എം.എൽ.എയും അന്തരിച്ച സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ സോമൻ മിത്രയുടെ ഭാര്യയുമായ ശിഖ മിത്ര വീണ്ടും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. താൻ ഒരു ഘട്ടത്തിലും തൃണമൂൽ വിട്ട് പോയിട്ടില്ലെന്നായിരുന്നു ശിഖയുടെ പ്രതികരണം.
'ഞാൻ തിങ്കളാഴ്ച തൃണമൂലിൽ ചേരും. ഒരു രാഷ്ട്രീയ വേദിയില്ലാതെ ജനങ്ങളുടെ ക്ഷേമത്തിനായി വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് അനുഭവങ്ങൾ തെളിയിച്ചതോടെയാണ് വീണ്ടും പാർട്ടിയിൽ ചേരാൻ തീരുമാനിച്ചത്' -ശിഖ മിത്ര പറഞ്ഞു.
2014ൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ശിഖ മിത്ര ചൗരംഗീയിലെ തൃണമൂൽ എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു. എന്നാൽ, താൻ പാർട്ടിയിൽനിന്ന് പുറത്തുപോയിരുന്നില്ലെന്നായിരുന്നു ശിഖയുടെ വാദം.
'ഞാൻ തൃണമൂൽ വിട്ടിട്ടില്ല. മറ്റൊരു പാർട്ടിയിലും ചേർന്നിട്ടില്ല. എങ്കിലും ഞാൻ വീണ്ടും പാർട്ടിയിൽ ചേരും, അവർ നാളെ എനിക്ക് പതാക നൽകും. തനിക്കൊപ്പം ചിലരും തൃണമൂൽ കോൺഗ്രസിൽ ചേരും' -ശിഖ പറഞ്ഞു. തൃണമൂലിൽ എന്ത് സ്ഥാനമാകും വഹിക്കുകയെന്ന് വ്യക്തമല്ലെന്നും അവർ പറഞ്ഞു.
2021ലെ ബംഗാൾ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുെട സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിരുന്നു. എന്നാൽ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ താൻ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്നില്ലെന്നും തെൻറ പേര് സമ്മതമില്ലാതെ ഉപയോഗിച്ചതാണെന്നും അവർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.