മുംബൈ: നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുൻ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെക്ക് സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി. 'അമാൻ' എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ആഗസ്റ്റ് 14ന് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശത്തിൽ ''നിങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയാം, നിങ്ങൾ അതിന് കണക്കു പറയേണ്ടിവരും'' എന്നാണ് കുറിച്ചിരുന്നത്. 'നിങ്ങളെ അവസാനിപ്പിക്കും' എന്ന മറ്റൊരു സന്ദേശവും ലഭിച്ചിട്ടുണ്ട്. തുടർന്ന് സമീർ വാങ്കഡെ ഗോരേഗാവ് പൊലീസിൽ പരാതി നൽകി. എന്നാൽ, ഭീഷണി സന്ദേശം വന്ന അക്കൗണ്ടിന് ഫോളോവേഴ്‌സ് ഇല്ലെന്നും വാങ്കഡെയെ ഭീഷണിപ്പെടുത്താൻ വേണ്ടി സൃഷ്ടിച്ചതാണെന്നും സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
2021 ഒക്ടോബറിൽ മുംബൈയിൽ കപ്പലിൽ മയക്കുമരുന്ന് വിരുദ്ധ ഏജൻസി നടത്തിയ റെയ്ഡുകളെ തുടർന്നാണ് എൻ.സി.ബിയുടെ മുംബൈ ഓഫിസിന്റെ മുൻ സോണൽ ഡയറക്ടറായ വാങ്കഡെ വാർത്തകളിൽ ഇടം നേടുന്നത്. തുടർന്ന് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെയും മറ്റ് 19 പേരെയും ഏജൻസി അറസ്റ്റ് ചെയ്യുകയും മയക്കുമരുന്ന് പിടിച്ചെടുത്തതായി അവകാശപ്പെടുകയും ചെയ്തു. ഈ കേസിൽ നിന്ന് പിന്നീട് വാങ്കഡെയെ ഒഴിവാക്കുകയും അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് ആര്യൻ ഖാന് എൻ.സി.ബി ക്ലീൻ ചിറ്റ് നൽകിയിരുന്നു.
സമീർ വാങ്കഡെ മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകുമ്പോൾ, അന്നത്തെ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അദ്ദേഹത്തിനെതിരെ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയതുൾപ്പെടെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വാങ്കഡെ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു
2020 ജൂണിൽ നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണശേഷം, മയക്കുമരുന്ന് ബന്ധങ്ങളെ കുറിച്ചുളള അന്വേഷണത്തിനിടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികളുടെ പേരുകൾ ഉയർന്നപ്പോഴാണ് ഐ.ആർ.എസ് ഉദ്യോഗസ്ഥനായ വാങ്കഡെയെ എൻ.സി.ബിയിലേക്ക് നിയോഗിക്കുന്നത്. ദീപിക പദുക്കോൺ, സാറാ അലി ഖാൻ, രാകുൽപ്രീത് സിങ് തുടങ്ങി നിരവധി സെലിബ്രിറ്റികളെ ബോളിവുഡിലെ മയക്കുമരുന്ന് ബന്ധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതും ഈ കാലയളവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.