ന്യൂഡൽഹി: ദേശീയ ജൂനിയർ ഗുസ്തി ജേതാവായ സാഗർ ധൻകറിനെ കൊലപ്പെടുത്തിയ കേസിൽ ഹരിയാനക്കാരായ നാല് കുറ്റവാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.
മേയ് നാലിന് രാത്രിയിലാണ് ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിന് പുറത്തെ പാർക്കിങ് സ്ഥലത്തായിരുന്നു സംഭവം. കേസിൽ അറസ്റ്റിലായ ഒളിമ്പ്യൻ സുശീൽ കുമാറിെൻറ കൂടെ പിടിയിലായ പ്രതികളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ക്രൂര മർദനത്തിനിരയായ സാഗർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
ഭൂപേന്ദർ (38), മോഹിത് ആസോദ (22), ഗുലാബ് (24), മൻജീത് (29) എന്നിവരാണ് അറസ്റ്റിലായതെന്ന് രോഹിണി ജില്ല ഡി.സി.പി പ്രണവ് തയാൽ പറഞ്ഞു. ഇവരാണ് സംഭവ ദിവസം മോഡൽ ടൗണിലുള്ള ഫ്ലാറ്റിൽ വെച്ച് സാഗറിനെയും സോനുവിനെയും തട്ടിക്കൊണ്ടുപോയതെന്നും ആരോപണമുണ്ട്.
'2011ൽ ഇരട്ട കൊലപാതകക്കേസിൽ അറസ്റ്റിലായ ഭൂപേന്ദർ 2021 ഫെബ്രുവരിയിലാണ് ജയിലിൽ നിന്നിറങ്ങിയത്. ഇതിന് ശേഷം പ്രതികാരം ചെയ്യുന്നതിനായി തെൻറ ഗുണ്ട സംഘത്തെ ഇയാൾ പുനരുജ്ജീവിപ്പിക്കുകയായിരുന്നു'-പ്രണവ് പറഞ്ഞു. ഗുണ്ടാനേതാവായ നവീൻ ബാലിയുടെ അടുത്തയാളാണ് അറസ്റ്റിലായ മോഹിത്. അറസ്റ്റിലായ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
'12 മണിയോടടുത്ത സമയത്താണ് പ്രതികൾ രണ്ട് കാറിലായി സംഭവ സ്ഥലത്തെത്തിയത്. കുറ്റകൃത്യത്തിൽ ഉൾപെട്ട പ്രതികൾ സംഭവം വിശദീകരിച്ചു. പൊലീസ് വാഹനത്തിെൻറ സൈറൺ കേട്ട് രക്ഷപ്പെടുന്നതിനിടെ പ്രതികൾക്ക് വാഹനങ്ങളും ആയുധവും ഉപേക്ഷിക്കേണ്ടി വന്നു'-പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട സുശീലിനെ ഒളിവിൽ കഴിയവെയാണ് കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ പഞ്ചാബിൽ നിന്നും അറസ്റ്റ് ചെയ്തത്. രാജ്യത്തിന് അഭിമാനമായ താരത്തിെൻറ നിലവിലെ അവസ്ഥ കായിക ഇന്ത്യക്കും നാണക്കേടായി. സുശീൽകുമാർ ഗുസ്തി സർക്യൂട്ടിൽ ഭയം സൃഷ്ടിച്ചെടുക്കാനായി ദൃശ്യങ്ങൾ പകർത്തിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.