ബോർഡർ-ഗവാസ്കർ ട്രോഫി മൂന്നാം ദിനം മഴ കൊണ്ട് പോയി. ഇന്ത്യൻ ബാറ്റിങ് തകർച്ച നേരിടുന്നതിനിടെയാണ് മഴ എത്തിയത്. ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ നാല് ബാറ്റർമാർ രണ്ടക്കം കാണാതെ മടങ്ങി. യശ്വസ്വി ജയ്സ്വാൾ (4), ശുഭ്മൻ ഗിൽ (1), വിരാട് കോഹ്ലി (3), ഋഷഭ് പന്ത് (9) എന്നിവരാണ് പുറത്തായ ബാറ്റർമാർ. 33 റൺസുമായി കെ.എൽ. രാഹുലും റൺസൊന്നുമെടുക്കാതെ നായകൻ രോഹിത് ശർമയുമാണ് ക്രീസിലുള്ളത്.
ഇന്നലെ 405റൺസിൽ നിന്നും ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയ 40 റൺസ് കൂടി സ്കോർ ബോർഡിലെത്തിച്ചു. ആദ്യ ദിനം മഴ പൂർണമായി കൊണ്ടുപോയ മത്സരത്തിൽ രണ്ടാം ദിനം ആസ്ട്രേലിയ അറ്റാക്കിങ് ഗെയ്മിലൂടെ റൺസ് അടിച്ചെടുക്കുകയായിരുന്നു. ട്രാവിസ് ഹെഡ് (152), സ്റ്റീവ് സ്മിത്ത് (101), അലക്സ് കാരി (70) എന്നിവരാണ് ആസ്ട്രേലിയക്കായി തിളങ്ങിയത്. ഇന്ത്യൻ ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ ജയ്സ്വാളിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് ആസ്ട്രേലിയക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. പിന്നാലെയെത്തിയ ഗിൽ (1) അനാവശ്യ ഷോട്ട് കളിച്ച് സ്റ്റാർക്കിന് തന്നെ വിക്കറ്റ് നൽകി മടങ്ങി.
വിരാട് കോഹ്ലി വീണ്ടും ഓഫ്സൈഡിന് വെളിയിൽ വരുന്ന പന്തിൽ ബാറ്റ് വെച്ച് പുറത്തായി. ജോഷ് ഹെയ്സൽവുഡിനായിരുന്നു വിക്കറ്റ്. മഴ ഇടക്കിടെ എത്തിയ മത്സരത്തിൽ പന്തിനെ പാറ്റ് കമ്മിൻസും പറഞ്ഞയച്ചതോടെ ഇന്ത്യ പാട്ടിലായി. രണ്ട് ദിവസം ബാക്കിയിരിക്കെ മത്സരം സമനിലയിലെങ്കിലുമെത്തിക്കാനുള്ള ശ്രമത്തിലായിരിക്കും ഇന്ത്യൻ ക്രിക്കറ്റ് ടീം. ആസ്ട്രേലിക്കായി സ്റ്റാർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ കമ്മിൻസും ഹെയ്സൽവുഡും ഓരോ വിക്കറ്റ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.