മുംബൈ: ഇതുവരെയും വിജയം എളുപ്പമായിരുന്ന മഹാരാഷ്ട്രയിലെ ജൽന, ജൽഗാവ്, ബീഡ്, അഹ്മദ്നഗർ, നന്ദുബാർ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് കാര്യങ്ങൾ ഇത്തവണ അത്ര എളുപ്പമാകില്ല. സംസ്ഥാനത്ത് ഈ സീറ്റുകൾ ഉൾപ്പെടെ 11 മണ്ഡലങ്ങളാണ് തിങ്കളാഴ്ചത്തെ നാലാംഘട്ട വോട്ടെടുപ്പിൽ ബൂത്തിലെത്തുന്നത്. 11 ൽ ആറ് സീറ്റുകൾ ബി.ജെ.പിയും രണ്ട് സീറ്റുകൾ ശിവസേനയും ഒന്ന് കോൺഗ്രസും ശേഷിച്ചത് ഉവൈസിമാരുടെ മജ്ലിസ് പാർട്ടിയുമാണ് കഴിഞ്ഞതവണ നേടിയത്.
ജൽനയിൽ തുടർച്ചയായ ആറാം വിജയത്തിന് കച്ചമുറുക്കിയ ബി.ജെ.പിയിലെ കേന്ദ്രമന്ത്രി റാവുസാഹെബ് ദാൻവേക്ക് ഇത്തവണ സ്വന്തം സമുദായമായ മറാത്തകൾതന്നെ വെല്ലുവിളി തീർത്തിരിക്കുകയാണ്. മറാത്ത സംവരണ സമരത്തിന്റെ പ്രഭവകേന്ദ്രമാണ് ജൽന. മറാത്ത സംവരണത്തെ പിന്തുണക്കാത്തവർക്കെതിരെ കൂട്ടമായി വോട്ട് ചെയ്യണമെന്നാണ് സമരനായകൻ മനോജ്ജാരൻഗെ പാട്ടീലിന്റെ ആഹ്വാനം. കോൺഗ്രസിലെ ഡോ. കല്യാൺ കാലേയാണ് ദാൻവേയുടെ മുഖ്യ എതിരാളി. 2009 ലാണ് മുമ്പ് ഇരുവരും ഏറ്റുമുട്ടിയത്. അന്നു നേരിയ ഭൂരിപക്ഷത്തിനായിരുന്നു ദാൻവേയുടെ ജയം. മുമ്പത്തെ പോലെയല്ല മത്സരം കടുത്തതാണെന്ന് ദാൻവേയും സമ്മതിക്കുന്നു. സഖ്യകക്ഷിയായ ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനക്കും ദാൻവേയോട് താൽപര്യമില്ല. കോൺഗ്രസ് സ്ഥാനാർഥി കല്യാൺ കാലേയോടാണ് അവർക്കും താൽപര്യം. എങ്കിലും ദാൻവേ ‘മാനേജ്’ ചെയ്യുമെന്ന് ബി.ജെ.പി കരുതുന്നു.
2019 ൽ നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച ഉമേഷ് പാട്ടീലിനെ മാറ്റി നിയമസഭാ കൗൺസിൽ അംഗം സ്മിത വാഗിനാണ് ബി.ജെ.പി സീറ്റ് നൽകിയത്. ഇതിൽ ക്ഷുഭിതനായി ഉമേഷ് പാട്ടീൽ ഉദ്ധവ് താക്കറെ പക്ഷ ശിവസേനയിലേക്ക് കാലുമാറി. ഉമേഷ് പാട്ടീലിന്റെ വിശ്വസ്തനും മുൻ ബി.ജെ.പി ജില്ല അധ്യക്ഷനുമായ കരൺ പവാറിനാണ് ഉദ്ധവ് പക്ഷം ടിക്കറ്റ് നൽകിയത്. ഇത് ബി.ജെ.പിക്ക് വെല്ലുവിളി തീര്ത്തിയിരിക്കുന്നു. കോൺഗ്രസും ബി.ജെ.പിയും ഒരേപോലെ വാണ മണ്ഡലമാണിത്. നിലവിൽ മുൻകൈ എം.വി.എക്കാണ്.
സിറ്റിങ് എം.പിയായ സഹോദരി പ്രീതം മുണ്ടേക്കു പകരം പങ്കജ മുണ്ടേയേയാണ് ഇത്തവണ ബി.ജെ.പി സ്ഥാനാർഥിയാക്കിയത്. മറാത്ത രോഷത്തിൽ ഒ.ബി.സിക്കാരിയായ പങ്കജയും ആടി ഉയലുകയാണ്. ശരദ് പവാർ പക്ഷ എൻ.സി.പിയിലെ ബജ്റംഗ് സോനാവാനെയാണ് എതിരാളി. മറാത്തയാണ് സോനാവാനെ. മുമ്പെങ്ങും ഇല്ലാത്തവിധമുള്ള മണ്ഡലത്തിലെ സാമൂഹിക വിഭജനം പങ്കജക്ക് ഭീഷണിയാണ്.
വൈകാരികമായി കോൺഗ്രസിന് ഏറെ അടുപ്പമുള്ള മണ്ഡലമാണ് നന്ദുർബാർ. പട്ടികവർഗ സംവരണ മണ്ഡലമാണിത്. ഗാവിത് കുടുബത്തിന്റെ കൂറുമാറ്റത്തോടെ 2014 മുതൽ ബി.ജെ.പിയുടെ കൈവശമാണ്. ഡോ. ഹീനാ ഗാവിതാണ് സിറ്റിങ് എം.പി. മൂന്നാം തവണയും ഹീനക്ക് തന്നെ ടിക്കറ്റ് നൽകിയതിൽ പരമ്പരാഗത ബി.ജെ.പി നേതാക്കൾക്കും പ്രവർത്തകർക്കും എതിർപ്പുണ്ട്. ഷിൻഡെ പക്ഷ ശിവസേനക്കും താൽപര്യമില്ല. ഹൈകോടതി അഭിഭാഷകൻ ഗോവാൽ പദവിയാണ് കോൺഗ്രസ് സ്ഥാനാർഥി. പ്രതിസന്ധികളെ ഹീന ഗാവിത് തന്റെ വ്യക്തിപ്രഭാവംകൊണ്ട് മറികടക്കുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി.
ചത്രപതി സമ്പാജിനഗർ എന്ന് പേരുമാറ്റിയ ഔറംഗാബാദിൽ ഉവൈസിമാരുടെ മജ്ലിസ് പാർട്ടിയും ഉദ്ധവ് പക്ഷ ശിവസേനയും ഷിൻഡെ പക്ഷ ശിവസേനയും തമ്മിൽ ത്രികോണപോരാണ് നടക്കുന്നത്. 2019 ൽ ശിവസേനയിലെ ചന്ദ്രകാന്ത് ഖൈറേയേ 4000 ഓളം വോട്ടിന് തോൽപിച്ചാണ് മജ്ലിസ് പാർട്ടിയുടെ ഇംതിയാസ് ജലീൽ ജയിച്ചത്. അന്ന് ശിവസേനക്ക് വിമതനുണ്ടായിരുന്നു. ഇംതിയാസിന് പ്രകാശ് അംബേദ്കറുടെ വി.ബി.എയുടെ പിന്തുണയും. ഇത്തവണ പ്രകാശിന്റെ വി.ബി.എ കോർപറേറ്റർ അഫ്സർ ഖാനെ മത്സരിപ്പിക്കുന്നത് ജലീലിന് ഭീഷണിയാണ്. ചന്ദ്രകാന്ത് ഖൈറെയാണ് ഉദ്ധവ് പക്ഷ സ്ഥാനാർഥി. സന്ദീപൻറാവു ഭുംരേയാണ് ഷിൻഡെ പക്ഷ സ്ഥാനാർഥി. ശിവസേന വോട്ടുകൾ ഖൈറേക്കും ഭുംരേക്കുമിടയിൽ ഭിന്നിക്കാം. എന്നാൽ, വി.ബി.എ മുൻ പത്രപ്രവർത്തകനായ ജലീലിന് സീറ്റ് നിലനിർത്തുന്നതിന് ഭീഷണിയാണ്.
കോൺഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടുന്ന പുണെ, ഉദ്ധവ്പക്ഷവും ഷിൻഡെ പക്ഷവും കൊമ്പുകോർക്കുന്ന മാവൽ, ശിർദി, അജിത് പവാർ പക്ഷവും ശരദ് പവാർ പക്ഷവും മുഖാമുഖം നിൽക്കുന്ന ശിരൂർ, ബി.ജെ.പിയും പവാർ പക്ഷവും മത്സരിക്കുന്ന അഹ്മദ്നഗർ, രാവേർ എന്നിവയാണ് തിങ്കളാഴ്ച ബൂത്തിലേക്ക് പോകുന്ന മറ്റ് മണ്ഡലങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.