ന്യൂഡല്‍ഹി: കള്ളപ്പണം, കല്‍ക്കരി കുംഭകോണ കേസുകളുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജിക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ സമൻസ്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തിരവനും ഡയമണ്ട് ഹാർബർ എം.പിയുമായ അഭിഷേകിനെ തിങ്കളാഴ്ച ഡൽഹിയിൽ വെച്ച് ഇ.ഡി ഒമ്പത് മണിക്കൂറിലേറെ സമയം ചോദ്യം ചെയ്തിരുന്നു. സെപറ്റംബർ 21ന് ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് അഭിഷേകിന് നിർദേശം നൽകിയതെന്ന് റിപ്പോർട്ടുകളുണ്ട്.
ഏത് തരത്തിലുള്ള അന്വേഷണവും നേരിടാൻ തയാറാണെന്നും തൃണമൂൽ കോൺഗ്രസിനെ രാഷ്ട്രീയമായി നേരിടുന്നതിൽ പരാജയപ്പെട്ട ബി.ജെ.പി, രാഷ്ട്രീയ താൽപര്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും ബാനർജി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കേസിൽ ബാനർജിയുടെ ഭാര്യ രുജിര ബാനര്‍ജിക്കും ഇ.ഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ന്യൂഡൽഹിയിൽ ഹാജരാകാൻ അസൗകര്യമുണ്ടെന്നും കൊൽക്കത്തയിലെ വീട്ടിലെത്തി തന്നെ ചോദ്യംചെയ്യാമെന്നും രുജിര ഇ.ഡിയെ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപായി രുജിരയെ സി.ബി.ഐ. അവരുടെ വീട്ടിലെത്തി ചോദ്യംചെയ്തിരുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്ക്കരിപ്പാടങ്ങളിലെ മോഷണം സംബന്ധിച്ച് 2020 നവംബറിൽ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിെൻറ ചുവടുപിടിച്ചാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നത്.
കേസില്‍ ഫെബ്രുവരി 23ന് രുജിര ബാനര്‍ജിയെയും സഹോദരിയെയും കുടുംബാംഗങ്ങളെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ഇന്ത്യ ലിമിറ്റഡ് കല്‍ക്കരി കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകളിലൊന്നുമായി രുജിരക്ക് ബന്ധമുണ്ടെന്നാണ് സി.ബി.ഐ പറയുന്നത്. രുജിരയുടെ സഹോദരി മേനകാ ഗംഭീറിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
മേനകയുടെ ലണ്ടനിലെയും തായ്ലൻഡിലെയും ബാങ്ക് അക്കൗണ്ടിനെക്കുറിച്ചും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. ലാല എന്ന് വിളിപ്പേരുള്ള അനുപ് മാജിയാണ് മുഖ്യപ്രതി. ഇതേ കേസിൽ കഴിഞ്ഞ മേയിൽ ഇ.ഡി കുറ്റപത്രം നൽകിയിരുന്നു.എന്നാൽ, ആരോപണങ്ങൾ അഭിഷേക് ബാനര്‍ജി നേരത്തെ നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.