ബംഗളൂരു: കർണാടക ധാർവാഡ മെഡിക്കൽ കോളജിൽ 77 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 281 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കോളജിൽ സംഘടിപ്പിച്ച ഫ്രഷേഴ്സ് പാർട്ടിയാണ് കോവിഡ് വ്യാപനത്തിന് കാരണമായത്.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാലത്തലത്തിൽ പുതിയ രോഗികളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നില്ല. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമെ നിലവിലെ കോവിഡ് രോഗികൾക്ക് ഡിസ്ചാർജ് ആകാൻ കഴിയുകയുള്ളൂ.
മൂന്നു ദിവസം നീണ്ടുനിന്ന ഫ്രഷേഴ്സ് പാർട്ടിയാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്നും കോവിഡ് സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും രണ്ട് ഡോസ് കോവിഡ് സ്വീകരിച്ചവരാണെന്നും അധികൃതർ പറഞ്ഞു.
വലിയൊരു ക്ലസ്റ്ററാണ് കോവിഡ് പോസിറ്റീവായി മാറിയതെന്നും വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് സ്ഥിരീകരിച്ചു എന്നത് ആശങ്ക ഉണ്ടാക്കുന്നുവെന്നും വകഭേദം സംഭവിച്ച കോവിഡ് വൈറസാണോ ബാധിച്ചതെന്ന ആശങ്കയുണ്ടെന്നും മണിപ്പാൽ ആശുപത്രി ചെയർമാനും സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്സ് ടീം അംഗവുമായ ഡോ. സുദർശൻ ബല്ലാൽ പ്രതികരിച്ചു.
ജനിതകക്രമം വന്ന വകഭേദമാണോയെന്ന് പരിശോധിക്കാൻ 113 സംപിളുകൾ ബംഗളൂരുവിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഡിസംബർ ഒന്നിന് ജീനോം സീക്വൻസിങ്ങ് പൂർത്തികരിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് കമീഷർ ഡി. രൺദിപ് അറിയിച്ചു.
നവംബർ 17നാണ് കോളജിലെ നവാഗത വിദ്യാർത്ഥികൾക്കായി ഫ്രഷേഴ്സ് പാർട്ടി സംഘടിപ്പിച്ചത്. കോവിഡ് ബാധിതർ കാമ്പസിന് അകത്തു തന്നെ ക്വാറന്‍റൈനിൽ കഴിയുകയാണ്. മുൻകരുതലിന്‍റെ ഭാഗമായി രണ്ട് ഹോസ്റ്റലുകളും സീൽ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.