ന്യൂഡൽഹി: ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ നവംബർ ഒന്ന് മുതൽ നിലവിൽ വരികയാണ്. ഇതിൽ എൽ.പി.ജി സിലിണ്ടർ വിതരണം മുതൽ റെയിൽവേ ടൈംടേബിളിലെ മാറ്റങ്ങൾ വരെ ഉൾപ്പെടുന്നു. നവംബർ ഒന്ന് മുതൽ മാറ്റം വരുന്ന കാര്യങ്ങളെ കുറിച്ച് അറിയാം.
എൽ.പി.ജി വിതരണം
ഒ.ടി.പി അധിഷ്ഠിതമായ എൽ.പി.ജി വിതരണത്തിന് എണ്ണകമ്പനികൾ നവംബർ ഒന്ന് മുതൽ തുടക്കം കുറിക്കുകയാണ്. ഇനി മുതൽ എൽ.പി.ജി സിലിണ്ടർ വീടുകളിൽ ലഭ്യമാവാൻ മൊബൈലിലേക്ക് വരുന്ന ഒ.ടി.പി കൂടി നൽകണം. 100 നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നവംബർ ഒന്ന് മുതൽ ആരംഭിക്കുകയാണ്. വൈകാതെ എൽ.പി.ജി വിതരണത്തിനുള്ള ഒ.ടി.പി സംവിധാനം രാജ്യവ്യാപകമാക്കുമെന്നാണ് എണ്ണകമ്പനികൾ അറിയിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പിൻ സീറ്റ് യാത്രികർക്ക് ഹെൽമറ്റ് നിർബന്ധം
ഇരുചക്ര വാഹനങ്ങളിൽ പിന്നിൽ ഇരിക്കുന്നവർക്ക് ഇനി മുതൽ കേരളത്തിൽ ഹെൽമറ്റ് നിർബന്ധമാണ്. നിയമം ഒരു തവണ ലംഘിച്ചാൽ ശിക്ഷ പിഴയിലൊതുങ്ങുമെങ്കിലും രണ്ടാമതും ലംഘിച്ചാൽ ലൈസൻസ് പോകും.
എൽ.പി.ജി വില
എണ്ണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രുഡോയിൽ വിലക്ക് അനുസരിച്ച് എൽ.പി.ജി വില മാറ്റുന്നത് എല്ലാ മാസവും ഒന്നാം തീയതിയിലാണ്. അതുകൊണ്ട് നവംബർ ഒന്ന് മുതൽ എൽ.പി.ജി വിലയിലും മാറ്റം വന്നേക്കാം.
ഇൻഡേൻ ഗ്യാസ് ബുക്കിങ് നമ്പർ
എൽ.പി.ജി സിലിണ്ടർ ബുക്ക് ചെയ്യാനായി ഇൻഡേൻ കമ്പനി ഉപയോക്താക്കൾ ഉപയോഗിച്ചിരുന്ന നമ്പറുകൾക്ക് ഇനി പ്രാബല്യമുണ്ടാവില്ല. ഇനി ഗ്യാസ് ബുക്ക് ചെയ്യുന്നതിനായിഇൻഡേൻ ഉപയോക്താകൾക്ക് ഒരൊറ്റ നമ്പർ മാത്രമായിരിക്കും ഉണ്ടാവുക. 7718955555 എന്ന നമ്പറിൽ കോളുകളിലൂടേയും എസ്.എം.എസിലൂടേയും ഇൻഡേൻ ഗ്യാസ് ബുക്ക് ചെയ്യാം
ട്രെയിൻ ടൈം ടേബിൾ
ട്രെയിനുകളുടെ ടൈം ടേബിളിൽ ഇന്ത്യൻ റെയിൽവേ മാറ്റം വരുത്തിയിരുന്നു. ഒക്ടോബർ 31 മുതൽ ഇത് നിലവിൽ വരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് അത് നവംബർ ഒന്നിലേക്ക് മാറ്റി. ഡൽഹി-ഛണ്ഡിഗഢ് തേജസ് എക്സ്പ്രസ് നവംബർ ഒന്ന് മുതൽ സർവീസ് പുനഃരഭാരംഭിക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.
റെയിൽവേ ടൈം ടേബിളിലെ മാറ്റം അറിയാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.