മുംബൈ: ചേരിനിവാസികൾ മുതൽ സിനിമ, കായിക, രാഷ്ട്രീയ താരരാജാക്കന്മാർ വരെ വാഴുന്ന പ്രദേശമാണ് മുംബൈ നോർത്ത്-സെൻട്രൽ. ദക്ഷിണ, ഉത്തരേന്ത്യക്കാരടക്കം എല്ലാ മറുദേശക്കാരുടെയും സമുദായങ്ങളുടെയും സാന്നിധ്യവും ശക്തം. ‘ചോട്ടാ മുംബൈ’ എന്നാണ് വിളിപ്പേര്. ഭരണവിരുദ്ധ വികാരം ഭയന്ന് സിറ്റിങ് എം.പി പൂനം മഹാജനെ മാറ്റി ഭീകരവാദ കേസുകളിൽ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വൽ നികമിനാണ് ബി.ജെ.പി ഇത്തവണ ടിക്കറ്റ് നൽകിയത്. മറുപക്ഷത്ത് മുംബൈ കോൺഗ്രസ് അധ്യക്ഷയും ധാരാവി സിറ്റിങ് എം.എൽ.എയുമായ ദലിത് നേതാവ് വർഷ ഗെയിക് വാദും. വർഷയുടെ പിതാവ് അന്തരിച്ച കോൺഗ്രസ് നേതാവ് ഏക്നാഥ് ഗെയിക് വാദ് 2004ൽ വാണ മണ്ഡലമാണിത്. മുംബൈ നഗരത്തിലെ ആറു മണ്ഡലങ്ങളിൽ മത്സരിക്കുന്നവരിൽ ഏക വനിത.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബി.ജെ.പിക്ക് ഇവിടെയും ആയുധം. ഒപ്പം, മുംബൈ ഭീകരാക്രമണ കേസിലെ അജ്മൽ കസബ് അടക്കം 'പാകിസ്താൻ തീവ്രവാദികളെ തൂക്കിലേറ്റിയ രാജ്യസ്നേഹിയായ അഭിഭാഷകനെന്ന' ഉജ്ജ്വൽ നികമിനെ കുറിച്ചുള്ള ചിത്രീകരണവും. മണ്ഡല നിവാസികളെ നേരിൽകണ്ട് ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി രൂപപ്പെടുത്തിയ 'റൂട്ട് മാപ്പു'മായാണ് വർഷയുടെ വോട്ടഭ്യർഥന. കോഓപറേറ്റ് ഹൗസിങ് സൊസൈറ്റികൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി മുഖ്യവിഷയങ്ങളിൽ ഒന്നാണ്. കോൺഗ്രസും ഉദ്ധവ് പക്ഷ ശിവസേനയും ഒറ്റക്കെട്ടായാണ് പ്രചാരണം നടത്തുന്നത്. ഉദ്ധവിന്റെ തട്ടകത്തിൽ ബി.ജെ.പിയെ തോൽപിക്കുക എന്നത് അദ്ദേഹത്തിന്റെ പാർട്ടിയുടെ ആവശ്യംകൂടിയാണ്.
മണ്ഡലത്തിലെ ജനസമൂഹങ്ങളിലെ വൈവിധ്യം വർഷക്ക് അനുകൂലമായേക്കുമെന്ന് മറാത്തി രാഷ്ട്രീയകാര്യ പത്രപ്രവർത്തകൻ പ്രമോദ് ജിൻജുൻവർ പറയുന്നു. അതേസമയം, ഉവൈസിമാരുടെ മജ്ലിസ് പാർട്ടിയും പ്രകാശ് അംബേദ്കറുടെ വി.ബി.എയും മത്സരിക്കുന്നത് ഇൻഡ്യ ബ്ലോക്കിന് ആശങ്ക നൽകുന്നു. പ്രദേശത്തെ പ്രമുഖ കോൺഗ്രസ് നേതാവ് ബാബ സിദ്ദീഖ് അജിത് പവാർപക്ഷ എൻ.സി.പിയിലേക്ക് ചേക്കേറിയതും പ്രതികൂല ഘടകമാണ്. കോൺഗ്രസും ശിവസേനയും മാറിമാറി ജയിച്ച മണ്ഡലമാണിത്. രണ്ടുതവണ കമ്യൂണിസ്റ്റ് പാർട്ടിയും ജയിച്ചിട്ടുണ്ട്. 2014ലെ മോദി തരംഗത്തിൽ കോൺഗ്രസിലെ പ്രിയാദത്തിനെ തോൽപിച്ചാണ് അന്തരിച്ച, ബി.ജെ.പിയുടെ പ്രമുഖ നേതാവ് പ്രമോദ് മഹാജന്റെ മകൾ പൂനം മണ്ഡലം പിടിച്ചത്. 2019ൽ നിലനിർത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.