???? ??????

പച്ചക്കറി മാർക്കറ്റിലെ പി.എച്ച്​.ഡിക്കാരി; റയീസയുടെ ഇംഗ്ലീഷിൽ തെളിഞ്ഞതൊരു അതിശയകഥ

ഇന്ദോർ: നഗരത്തിൽ മാൽവ മില്ലിലെ പഴം-പച്ചക്കറി മാർക്കറ്റിലുണ്ടായിരുന്നവരെല്ലാം ഒരുനിമിഷം അദ്​ഭുത പരതന്ത്രരായി. കോവിഡ്​ മഹാമാരിയെ തുടർന്ന്​ നിരന്തരം ലോക്ഡൗൺ ഏർപെടുത്തുന്നതിനെതിരെ അധികൃതരോട്​ പ്രതികരിക്കുന്ന കച്ചവടക്കാരുടെ കൂട്ടത്തിൽനിന്നാണ്​ ഒഴുക്കുള്ള ഇംഗ്ലീഷിൽ ആ പ്രതിഷേധമുയർന്നത്​. ഒരു സാധാരണ മുസ്​ലിം കച്ചവടക്കാരിയുടെ ഇംഗ്ലീഷ്​ പരിജ്​ഞാനത്തിൽ കോർപറേഷൻ അധികൃതർക്കൊപ്പം മാർക്കറ്റിൽ കൂടിയിരുന്നവരു​ം മറ്റു കച്ചവടക്കാരും അമ്പരന്നു. കൂടുതൽ അന്വേഷിച്ചപ്പോഴാണ്​ അതിശയം ഇരട്ടിച്ചത്​. പ്രതിഷേധമുയർത്തിയ ആ പഴം കച്ചവടക്കാരി പി.എച്ച്​.ഡിക്കാരിയാണ്​. പേര്​ റയീസ അൻസാരി. ഇ​േന്ദാറി​െല ദേവി അഹല്യ യൂനിവേഴ്​സിറ്റിയിൽനിന്നാണ്​ റയീസ പത്തുവർഷം മുമ്പ്​ മെറ്റീരിയൽ സയൻസിൽ ഡോക്​ടറേറ്റ്​ നേടിയത്​. 

സാമൂഹിക മാധ്യമങ്ങളിൽ ആ ദൃശ്യങ്ങൾ വൈറലായി മാറാൻ അധികം സമയം ​േവണ്ടിവന്നില്ല. അവർ പറഞ്ഞത്​ സത്യമാണോയെന്നറിയാനായി പിന്നീട്​ മാധ്യമങ്ങളുടെ ശ്രമം. 2010നു മുമ്പ്​ ഡി.എ.വി.വിയിലെ ഫിസിക്​സ്​ ഡിപാർട്​മ​െൻറിൽ അധ്യാപകനായിരുന്ന ഡോ. രാജ്​കുമാർ ചൗഹാനെ ചാനൽ റി​േപ്പാർട്ടർമാർ സമീപിച്ചപ്പോൾ അദ്ദേഹം അതു സാക്ഷ്യപ്പെടുത്തി. ‘എനിക്കവളെ ഓർമയുണ്ട്​. വളരെ മിടുക്കിയായ വിദ്യാർഥിനിയായിരുന്നു റയീസ. പഠനത്തിൽ കഠിനാധ്വാനം ചെയ്യുന്നവൾ. പച്ചക്കറിക്കടയിൽ ജോലി ചെയ്യാൻ റയീസയെ നിർബന്ധിതമാക്കിയത്​ എന്താണെന്ന്​ എനിക്കറിയില്ല.’

‘ചിലപ്പോൾ മാർക്കറ്റി​​െൻറ ഒരു ഭാഗം മുഴുവൻ അടച്ചിടും. ചില സമയത്ത്​ മറ്റേ വശം അടക്കും. ഇ​േപ്പാൾ വാങ്ങാൻ ആളുകളൊന്നും വരുന്നില്ല. കുടുംബത്തെ പോറ്റാൻ ഞങ്ങൾ എന്തുചെയ്യും?’ -ഇംഗ്ലീഷിൽ അധികൃതർക്കുമുമ്പാകെ റയീസ പൊള്ളുന്ന ചോദ്യമെറിഞ്ഞു. പിതാവിൽനിന്നാണ്​ പഴക്കടയുടെ നടത്തിപ്പ്​ ഇൗ യുവതി ഏറ്റെടുത്തത്. മാർക്കറ്റിലെ കച്ചവടക്കാരിൽ അധികവും തലമുറകളായി ഇവിടെ വ്യാപാരം ചെയ്യുന്നവർ. ജില്ല കലക്​ടറും മുനിസിപ്പൽ കോർപ​റേഷൻ അധികൃതരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊക്കെ നിയന്ത്രണങ്ങൾ കടുപ്പിച്ച്​ തങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന്​ അവർ കുറ്റപ്പെടുത്തുന്നു. 

Full View

ഫിസിക്​സിൽ ബിരുദാനന്തര ബിരുദം എടുത്ത ശേഷമാണ്​ 2011ൽ റയീസ മെറ്റീരിയൽ ഫിസിക്​സിൽ പി.എച്ച്​.ഡി പൂർത്തിയാക്കിയത്​. പി.എച്ച്​.ഡിക്കാരിയായിട്ടും മെച്ചപ്പെട്ട ജോലിക്ക്​ ശ്രമിക്കാതിരു​ന്നത്​  എന്തുകൊണ്ടാണെന്ന ചോദ്യത്തിന്​ അങ്ങനെയൊരു ​േജാലി തരപ്പെട്ടില്ല എന്നായിരുന്നു മറുപടി. ‘ആരാണെനിക്ക്​ ജോലി തരികയെന്നതാണ്​ ആദ്യത്തെ ചോദ്യം. കൊറോണ ​ൈവറസ്​ മുസ്​ലിങ്ങളാ​ണ്​ പടർത്തിയതെന്ന ബോധം ഇവിടെ പൊതുവായുണ്ട്​. എ​​െൻറ പേര്​ റയീസ അൻസാരി എന്നായതുകൊണ്ടുതന്നെ, ഏതെങ്കിലും കോളജോ ഗവേഷണ സ്​ഥാപനങ്ങളോ എനിക്ക്​ ജോലി തരാൻ സന്നദ്ധമായിരുന്നില്ല.’ -അവർ പറഞ്ഞു. 

പത്തു വർഷം മുമ്പ്​ റയീസ ഡി.എ.വി.വിയിൽ വിദ്യാർഥിനിയായിരുന്നുവെന്ന്​ ഫിസിക്​സ്​ ഡിപാർട്​മ​െൻറ്​ തലവനായിരുന്ന ​േഡാ. അശുതോഷ്​ മിശ്രയും സ്​ഥിരീകരിച്ചു. മിടുക്കിയായിരുന്നു അവൾ. എന്നാൽ, മുസ്​ലിമായതുകൊണ്ടാണ്​ തനിക്ക്​ ജോലി കിട്ടാത്തതെന്ന റയീസയുടെ ആരോപണങ്ങളിൽ ഒട്ടും കഴമ്പില്ല. സയൻസ്​ ആൻഡ്​ ടെക്​നോളജി മേഖലയിൽ കഴിവിനല്ലാതെ ജാതിക്കും മതത്തിനുമൊന്നും ഒരു പ്രാധാന്യവുമില്ലെന്നും ഡോ. മിശ്ര പറഞ്ഞു. 

Tags:    
News Summary - Fruit Seller Who Holds a PhD speaks Fluent English Viral -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.