ന്യൂഡൽഹി: ഡൊണാൾഡ് ട്രംപിന്റെ തിരിച്ചുവരവോടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള 2015 ലെ പാരീസ് ഉടമ്പടിയുടെ ഭാവി ‘അങ്ങേയറ്റം കുലുക്കമുള്ളതായെ’ന്ന് കോൺഗ്രസ് നേതാവും മുൻ പരിസ്ഥിതി മന്ത്രിയുമായ ജയറാം രമേശ്. അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് ട്രംപ് നടത്തിയതെന്ന് കോൺഗ്രസ് കമ്യൂണിക്കേഷൻസ് ചുമതലയുള്ള ജനറൽ സെക്രട്ടറി പറഞ്ഞു. എന്നാൽ, പ്രസിഡന്‍റ് ബൈഡന്റെ ഭരണത്തിൽ അമേരിക്ക വീണ്ടും ചേർന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള 2015 ലെ പാരീസ് ഉടമ്പടിയുടെ ഭാവി ഇപ്പോൾ അങ്ങേയറ്റം കുലുക്കമുള്ളതായിരിക്കുന്നു. യു.എസ് വീണ്ടും പിൻമാറിയാൽ അത് വിനാശകരമായിരിക്കും. യു.എസിനും ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്കും ഈ തിരിച്ചുവരവ് എന്താണ് നൽകുകയെന്ന ചോദ്യവും രമേശ് ഉന്നയിച്ചു.
2015 ൽ അംഗീകരിച്ച പാരിസ് ഉടമ്പടിയിൽ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനുള്ള നയങ്ങൾ ഉൾകൊള്ളുന്നു. പാരീസ് ഉടമ്പടിയുടെ ദീർഘകാല ലക്ഷ്യം ആഗോള താപനില വ്യാവസായിക ലോകത്തിനു മുമ്പുള്ള നിലയേക്കാൾ 2 ഡിഗ്രി സെൽഷ്യസിൽ താഴെയായി നിലനിർത്തുകയും വർധന 1.5 ഡിഗ്രി സെൽഷ്യസ് ആയി പരിമിതപ്പെടുത്തുകയും വേണമെന്നതാണ്. 2020ൽ ഈ കരാറിൽ നിന്ന് യു.എസ് പിന്മാറിയെങ്കിലും 2021ൽ ജോ ബൈഡൻ പ്രസിഡന്‍റായിരിക്കെ വീണ്ടും ചേർന്നു. എന്നാൽ, അതിനു മുമ്പുള്ള ട്രംപ് ഭരണകൂടം കരാറിനോട് മുഖം തിരിച്ചുനിന്നു. അതാവർത്തിക്കുമോ എന്ന ആശങ്കയാണ് ജയറാം രമേശ് ഉന്നയിച്ചത്.
ട്രംപിന്റെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ വിജയത്തെ കോൺഗ്രസ് അഭിനന്ദിച്ചു. ‘ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’എന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചുവരവുകളിലൊന്നായി രണ്ടാം തവണയും യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ട്രംപ് വിജയിച്ചിരിക്കുകയാണ്. കടുത്ത പോരാട്ടത്തിൽ തന്റെ ഡെമോക്രാറ്റിക് എതിരാളി കമലാ ഹാരിസിനെ ട്രംപ് മറികടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.