എണ്ണവില കുറഞ്ഞിട്ടും ഗ്യാസ് വില കൂടുന്നതെന്തേ..?

ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വില  കുറഞ്ഞിട്ടും പാചകവാതക വില കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരനെ കൊള്ളയടിക്കുകയാണെന്ന് ലോക്സഭയില്‍ പ്രതിപക്ഷം.  പാചക വാതക വിലയില്‍ നേരിയ വര്‍ധന മാത്രമാണുണ്ടായതെന്നും അതിന്‍െറ പേരില്‍ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. ഇതേച്ചൊല്ലി  ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍, ഇടത് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

ശൂന്യവേളയില്‍ കോണ്‍ഗ്രസ് സഭ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വിഷയം ഉന്നയിച്ചത്. തൃണമൂല്‍, ഇടത് അംഗങ്ങള്‍ പിന്തുണച്ചു. സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് 86 രൂപ വര്‍ധിപ്പിച്ചത് അടുത്ത കാലത്തെ ഏറ്റവും വലിയ വര്‍ധനയാണെന്ന്  ഖാര്‍ഗെ ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാറിന്‍െറ ഭരണകാലം അവശ്യസാധനങ്ങളുടെ വില കൂട്ടിയതിന്‍െറ പേരിലാകും അറിയപ്പെടുക.

2012ല്‍ ക്രൂഡ് ഓയിലിന് 122 ഡോളറുണ്ടായിരുന്നപ്പോള്‍ പാചകവാതകം 345 രൂപക്ക് നല്‍കിയിരുന്നു. ഇന്ന് ക്രൂഡ് ഓയില്‍ വില  54 ഡോളറിലേക്ക് താഴ്ന്നിട്ടും  പാചക വാതകത്തിന് 737യാണ്. സബ്സിഡി ഇല്ലാത്ത സിലിണ്ടറിന്  86 രൂപ കൂട്ടിയത് നാമമാത്രമായ വര്‍ധനയാണെന്നായിരുന്നു  പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ത്കുമാറിന്‍െറ മറുപടി. പാവപ്പെട്ടവരെ അത് ബാധിക്കില്ളെന്നും കുടുതല്‍ സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന 1.1 കോടി ആളുകള്‍ മാത്രമാണ് വര്‍ധിപ്പിച്ച വില നല്‍കേണ്ടി വരുകയെന്നും മന്ത്രി വിശദീകരിച്ചു.  

സബ്സിഡി നിരക്കിലുള്ള പാചകവാതകത്തിനും  മാസം തോറും  രണ്ടു രൂപ വീതം കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഖാര്‍ഗെ മറുപടി നല്‍കി.  അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എല്‍.പി.ജി ഉള്‍പ്പെടെയുള്ളവയുടെ വിലകുറച്ച് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ളെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.

എല്‍.പി.ജി സബ്സിഡി ഉപേക്ഷിച്ച ഒരുകോടിയോളം ജനങ്ങളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് കോണ്‍ഗ്രസ് എം.പി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
മാസം തോറും രണ്ടു രൂപ കൂട്ടാനുള്ള തീരുമാനമെടുത്തത്  2010ലാണെന്നും അതിന്‍െറ ക്രെഡിറ്റ് മന്‍മോഹന്‍ സിങ്ങ് സര്‍ക്കാറിനാണെന്നുമായിരുന്നു മന്ത്രി അനന്ത്കുമാറിന്‍െറ പ്രതികരണം. മന്ത്രിയുടെ മറുപടിയില്‍ ക്ഷുഭിതരായി കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെച്ചു.  പിന്തുണയുമായി തൃണമൂല്‍, ഇടത് അംഗങ്ങളും എഴുന്നേറ്റു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റടങ്കം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

 

Tags:    
News Summary - gas rate in loksabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.