മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുമ്പായി ശിവസേനയിൽ ചേർന്ന് ഗൗരി ലങ്കേഷ് വധക്കേസ് പ്രതിയെ ഏക്നാഥ് ഷിൻഡെ വിഭാഗം പുറത്താക്കി. പ്രതി ശ്രീകാന്ത് പാങ്ഗർകർക്ക് നൽകിയ പാർട്ടി അംഗത്വമാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ റദ്ദാക്കിയത്. ജനരോഷത്തെ തുടർന്നാണ് പ്രതിക്ക് അംഗത്വം നൽകിയ നടപടി ശിവസേന തിരുത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച മുൻ സംസ്ഥാന മന്ത്രി അർജുൻ ഖോട്കറിന്റെ സാന്നിധ്യത്തിലാണ് ശ്രീകാന്ത് പാങ്ഗർകറുടെ പാർട്ടി പ്രവേശനം പ്രഖ്യാപിച്ചത്. കൂടാതെ, ജൽന മണ്ഡലത്തിന്റെ ചുമതലയും നൽകി. പാങ്ഗർകർ മുൻ ശിവ സൈനികനായിരുന്നുവെന്നും പാർട്ടിയിലേക്ക് തിരിച്ചെത്തുക മാത്രമാണ് ചെയ്തതെന്നും ഖോട്കർ വ്യക്തമാക്കിയിരുന്നു.
2017 സെപ്റ്റംബർ അഞ്ചിനാണ് മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. ബംഗളൂരുവിലെ വീടിന് പുറത്തുവെച്ചായിരുന്നു കൊലപാതകം. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ കേസിലെ മുഖ്യപ്രതി അമോൽ കാലെയുടെ അനുയായിയാണ് പാങ്ഗർകറെന്ന് കണ്ടെത്തുകയായിരുന്നു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനും മുമ്പും ശേഷവും പാങ്ഗർകർ അമോൽ കാലെയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. 2001ലും 2006ലും പാങ്ഗർകർ ശിവസേന കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2018 ആഗസ്റ്റിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം സെപ്റ്റംബർ നാലാം തീയതിയാണ് പാങ്ഗർകർ ജാമ്യത്തിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.