ന്യൂഡൽഹി: ഗോവയിൽ കൂറുമാറിയ എം.എൽ.എമാർക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. എം.എൽ.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോൺഗ്രസിന്റെ തിരക്കിട്ട നീക്കം. കൂറുമാറ്റ നിരോധന നിയമപ്രകാരം എം.എൽ.എമാരായ ദിഗംബർ കാമത്ത്, മൈക്കിൾ ലോബോ എന്നിവരെ അയോഗ്യരാക്കാനാണ് നിയമസഭ സ്പീക്കർക്ക് കത്ത് നൽകിയത്. അതേസമയം എട്ട് പേർ കൂറുമാറിയാൽ ഈ നിയമം ബാധകമാവില്ല.
നേരത്തേ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. കൂറുമാറില്ലെന്ന് ഭരണഘടന തൊട്ട് സത്യംചെയ്യിച്ചാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഗോവയിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസം പിന്നിടും മുമ്പേ പാർട്ടിയിൽ വിമതനീക്കങ്ങൾ പൊട്ടിത്തെറിയുടെ വക്കിലെത്തി. എം.എൽ.എമാർക്ക് 40 കോടി രൂപ വീതമാണ് ബി.ജെ.പി ഓഫർ നൽകിയിരിക്കുന്നതെന്ന് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ഗിരീഷ് ചോദാങ്കർ ആരോപിച്ചിരുന്നു.
11 അംഗങ്ങളിൽ ഏഴുപേർ ഇപ്പോൾ കോൺഗ്രസിനൊപ്പമുണ്ടെന്നാണ് റിപ്പോർട്ട്. രാവിലെ നടന്ന പാർട്ടിയോഗത്തിൽ സംബന്ധിച്ചവരുടെ കണക്ക് പ്രകാരമാണിത്. ലോബോ, കാമത്ത്, ലോബോയുടെ ഭാര്യ ദെലീല ലോബോ, കേദാർ നായിക് എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല. കാമത്തും ലോബോയും അടക്കം ആറു കോൺഗ്രസ് അംഗങ്ങൾ ബി.ജെ.പിക്കൊപ്പം ചേർന്നുവെന്നാണ് അഭ്യൂഹം. അതിനിടെ, പ്രതിസന്ധി കൈകാര്യം ചെയ്യാൻ മുതിർന്ന നേതാവ് മുകുൾ വാസ്നികിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഗോവയിലേക്ക് അയച്ചിരുന്നു.
കോൺഗ്രസ് നീക്കത്തിൽ ഞെട്ടിപ്പോയെന്നും ഇത് പാർട്ടിയിൽ വിഭാഗീയതയുണ്ടാക്കുമെന്നുമാണ് മുൻ മന്ത്രികൂടിയായ കാമത്തിന്റെ പ്രതികരണം. 40 എം.എൽ.എമാരുടെ പിന്തുണയോടെയാണ് ഈ വർഷാദ്യം നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരം നിലനിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.