ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളോ വക്രീകരിച്ച ഉള്ളടക്കമോ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങൾക്കും സമൂഹ മാധ്യമങ്ങൾക്കും സർക്കാർ നിർദേശം. വസ്തുത ഉറപ്പു വരുത്താത്തതും പ്രകോപനപരവും വ്യാജവുമായ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് വാർത്താവിതരണ-പ്രക്ഷേപണ കാര്യ മന്ത്രാലയം വിശദീകരിച്ചു.
അങ്ങനെ ചെയ്യുന്നത് സാമുദായിക സൗഹാർദത്തെയും ക്രമസമാധാനത്തെയും ബാധിച്ചെന്നു വരാം. പത്രങ്ങൾ, സ്വകാര്യ ടി.വി ചാനലുകൾ, ആനുകാലിക വാർത്താ പ്രസാധക സ്ഥാപനങ്ങൾ, ഡിജിറ്റൽ മീഡിയ എന്നിവയെല്ലാം ജാഗ്രത പാലിക്കണം. ആധികാരികത ഉറപ്പാക്കണം. ജാതി, സമുദായ പരാമർശങ്ങൾ പ്രകോപനപരമാവാത്ത വിധം സൂക്ഷ്മത പാലിക്കണം. ദേശതാൽപര്യത്തിന് മുന്തിയ പ്രാധാന്യം നൽകണം.
പൊതു അവധിക്കെതിരെ നിയമ വിദ്യാർഥികൾ കോടതിയിൽ
മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠദിനമായ തിങ്കളാഴ്ച മഹാരാഷ്ട്ര സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ നിയമ വിദ്യാർഥികൾ ബോംബെ ഹൈകോടതിയിൽ പൊതു താൽപര്യ ഹരജി നൽകി. ഞായറാഴ്ചതന്നെ ഹരജി പരിഗണിക്കാൻ പ്രത്യേക ബെഞ്ചിനെ നിയോഗിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാറിന്റെ അവധി പ്രഖ്യാപനത്തേയും ഹരജിക്കാർ ചോദ്യം ചെയ്തു. മുംബൈയിലെ മഹാരാഷ്ട്ര നാഷനൽ ലോ യൂനിവേഴ്സിറ്റി, ഗവൺമെന്റ് ലോ കോളജ്, ഗുജറാത്തിലെ ‘നിർമ’ ലോ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാർഥികളായ ശിവാങ്ഗി അഗർവാൾ, സത്യജീത് സാൽവെ, വേദാന്ത് അഗർവാൾ, ഖുഷി ബൻഗിയ എന്നിവരാണ് കോടതിയെ സമീപിച്ചത്. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഇഷ്ടത്തിന് അനുസരിച്ചല്ല പൊതു അവധി പ്രഖ്യാപിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയിലെ സർക്കാർ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹരജിക്കാർ ആവശ്യപ്പെട്ടത്.
ഇറച്ചിക്കടകൾ അടച്ചിടണമെന്ന് താണെ കോർപറേഷൻ
താണെ: അയോധ്യ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠച്ചടങ്ങ് നടക്കുന്ന തിങ്കളാഴ്ച കോർപറേഷൻ പരിധിയിലെ എല്ലാ ഇറച്ചിക്കടകളും അടച്ചിടണമെന്ന് താണെ ജില്ല ഭരണകൂടം നിർദേശിച്ചു. കോഴിയിറച്ചി, ആട്ടിറച്ചി, മീൻ തുടങ്ങിയവ വിൽക്കുന്ന കടകൾ അടച്ചിടാൻ ഭീവണ്ടി നിസാംപുർ സിറ്റി മുനിസിപ്പൽ കോർപറേഷനാണ് നിർദേശിച്ചത്. സസ്യേതര ഭക്ഷണം വിൽക്കുന്ന കടകളും മദ്യക്കടകളും അടച്ചിടണമെന്ന് നേരത്തെ, താണെയിലെ പഡ്ഗ ഗ്രാമപഞ്ചായത്ത് നിർദേശിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിൽ വ്യാജ 500 രൂപ നോട്ടുകൾ
ന്യൂഡൽഹി: അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനൊപ്പം 500 രൂപ നോട്ടുകളിൽ മഹാത്മഗാന്ധിക്കു പകരം ശ്രീരാമന്റെയും ചെങ്കോട്ടക്കു പകരം രാമക്ഷേത്രത്തിന്റെയും ചിത്രം വൈകാതെ കൊണ്ടുവരുമെന്ന് വ്യാജ പ്രചാരണം. ഇത്തരത്തിൽ ചിത്രങ്ങൾ വെച്ച 500 രൂപ നോട്ടിന്റെ മാതൃകകൾ സമൂഹ മാധ്യമങ്ങളിൽ കാവിക്കൊടി വെച്ച ചില ഹാൻഡിലുകളിലൂടെയാണ് പ്രചരിച്ചത്. നോട്ടിലുള്ള കണ്ണടയുടെ രേഖാചിത്രത്തിനു പകരം അമ്പും വില്ലും ഇതിൽ ചേർത്തിരിക്കുന്നു. ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പ്രതിഷേധങ്ങൾ വിലക്കി ടിസ്സ്; പ്രത്യേക പരിപാടികളുമായി ബോംബെ ഐ.ഐ.ടി
മുംബൈ: തിങ്കളാഴ്ച നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെതിരെ കാമ്പസിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് വിലക്കി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസും (ടിസ്) ബോംബെ ഐ.ഐ.ടിയും. പ്രതിഷേധം സംഘടിപ്പിച്ചാൽ പൊലീസ് നടപടി സ്വീകരിക്കുമെന്ന് ‘ടിസ്’ മുന്നറിയിപ്പ് നൽകി.
പ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ച് കാമ്പസിൽ അധികൃതർ നടത്തുന്ന ചടങ്ങുകളോട് വിയോജിച്ചാണ് ബോംബെ ഐ.ഐ.ടിയിലെ ഒരുവിഭാഗം വിദ്യാർത്ഥികൾ രംഗത്തുവന്നത്. ചടങ്ങുകൾ രാഷ്ട്രീയപ്രേരിതമാണെന്ന് വിദ്യാർഥികൾ ആരോപിച്ചു. പ്രതിഷ്ഠച്ചടങ്ങിനെതിരെ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിക്കുമെന്ന സൂചനയെ തുടർന്നാണ് പ്രതിഷേധ സമരങ്ങൾ വിലക്കിയതെന്ന് ടിസ് പുറപ്പെടുവിച്ച നോട്ടീസിൽ പറയുന്നു.
കാമ്പസിലെ സമാധാനാന്തരീക്ഷം പരിപാലിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. സമരത്തിന് പ്രഖ്യാപനമില്ലെന്നിരിക്കെ അധികൃതരുടെ നോട്ടീസ് ഞെട്ടലുണ്ടാക്കിയതായി വിദ്യാർഥികൾ പറഞ്ഞു. നിലവിലെ യു.ജി.സി മാർഗനിർദേശങ്ങൾ മാറ്റിയാണ് പുതിയ നിർദേശങ്ങളെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
അതേസമയം, ‘ശ്രീരാം ദർബാർ ശോഭയാത്രക്ക്’ അനുമതിനൽകിയതിനും തിങ്കളാഴ്ച ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ‘ഗോശാല’ ഉദ്ഘാടനം ചെയ്യുന്നതിനുമെതിരെയാണ് ബോംബെ ഐ.ഐ.ടിയിലെ വിദ്യാർഥി സംഘടനയായ ‘അംബേദ്കർ പെരിയാർ ഫുലെ സ്റ്റഡി സർക്കിളാണ്’ രംഗത്തുവന്നത്.
കാമ്പസിലെ പരിപാടികൾക്ക് രാഷ്ട്രീയ ചായ് വുണ്ടാകില്ലെന്ന അധികൃതരുടെ പ്രഖ്യാപനത്തിനു വിരുദ്ധമാണ് തിങ്കളാഴ്ച നടക്കാനിരിക്കുന്ന പരിപാടികളെന്ന് വിദ്യാർഥികൾ ആരോപിച്ചു. എല്ലാ പരിപാടികളും ഔദ്യോഗികമല്ലെന്ന മറുപടിയാണ് അധികൃതർ നൽകുന്നത്. തകർന്ന ഗോശാല പുനർ നിർമിച്ചതാണെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.