ന്യൂഡൽഹി: വിദേശ സംഭാവന സ്വീകരിക്കുന്ന സന്നദ്ധ സംഘടനയുടെ രജിസ്ട്രേഷന് പ്രധാന ഭാരവാഹികളുടെ ആധാർ നമ്പർ നിർബന്ധമായും നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബിൽ ലോക്സഭയിൽ. പൊതുസേവകർ വിദേശത്തുനിന്ന് സംഭാവന സ്വീകരിക്കാൻ പാടില്ല. ഫണ്ട് ഉപയോഗം സംബന്ധിച്ച പരാതികൾ പരിശോധിച്ച് സംഘടനകൾക്കുമേൽ ഫണ്ട് വിനിയോഗ വിലക്ക് ഏർപ്പെടുത്താനും നിയമഭേദഗതി സർക്കാറിന് അധികാരം നൽകുന്നു. നിയമ ലംഘനം തെളിയിക്കപ്പെട്ടാൽ മാത്രം വിലക്കും നിയന്ത്രണവും ഏർപ്പെടുത്താനാണ് സർക്കാറിന് നിലവിൽ അധികാരം.
വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ബിൽ ആഭ്യന്തര മന്ത്രി നിത്യാനന്ദ് റായിയാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. സന്നദ്ധ സംഘടനകൾക്കും അസോസിയേഷനുകൾക്കും എഫ്.സി.ആർ.എ സർട്ടിഫിക്കറ്റ് സറണ്ടർ ചെയ്യാൻ അനുവാദം നൽകാമെന്ന വ്യവസ്ഥയും നിയമഭേദഗതിയുടെ ഭാഗമാണ്. ഈ നിയമപ്രകാരം വിദേശ സംഭാവന സ്വീകരിക്കുന്നതിന് മതസ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള അനുമതി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ വിവേചനം ഉണ്ടാവില്ല. എന്നാൽ, സ്ഥാപനങ്ങൾ അവരുെട ലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കരുത്. രാജ്യത്തിെൻറ സുരക്ഷക്ക് ഭീഷണിയാകരുത്. സ്വീകരിക്കുന്ന വിദേശ സംഭാവനയിൽ 20 ശതമാനം മാത്രം ഭരണപരമായ ആവശ്യങ്ങൾക്ക് ചെലവിടാമെന്നും ബില്ലിൽ വ്യവസ്ഥ വെച്ചു. 50 ശതമാനമെന്നാണ് നിലവിലെ വ്യവസ്ഥ.
വിദേശ സംഭാവന ദുരുപയോഗിക്കപ്പെടുന്നതാണ് ഭേദഗതിയുടെ ഒരു കാരണമായി സർക്കാർ ബില്ലിൽ വിശദീകരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഇങ്ങനെ 19,000ത്തോളം രജിസ്ട്രേഷനുകൾ റദ്ദാക്കേണ്ടി വന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ വിദേശ സംഭാവന വരവ് ഇരട്ടിച്ചിട്ടുണ്ട്്. രജിസ്റ്റർ ചെയ്ത ആവശ്യങ്ങൾക്കല്ലാതെ ഫണ്ട് ചെലവിടുന്ന പ്രവണത വർധിക്കുകയുമാണ്.
കോൺഗ്രസിലെ മനീഷ് തിവാരി ബില്ലിനെ എതിർത്തു. വിദേശ സംഭാവന നിയന്ത്രണ നിയമ വ്യവസ്ഥകളിൽ ഇളവുകളാണ് യഥാർഥത്തിൽ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസും എതിർത്തു. വിദേശ സംഭാവന നിർത്തലാക്കാനുള്ള നീക്കമാണ് നിയമഭേദഗതിയെന്ന് തൃണമൂൽ എം.പി സൗഗത റോയ് കുറ്റപ്പെടുത്തി. അനാവശ്യ നിയന്ത്രണങ്ങളാണ് ഭേദഗതി വഴി സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.