ഹൈദരാബാദ് നൈസാമിന്റെ പൗത്രൻ നജഫ് അലി ഖാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നപ്പോൾ

ഹൈദരാബാദ് നൈസാമിന്റെ പൗത്രൻ കോൺഗ്രസിൽ ചേർന്നു; നൈസാം കുടുംബത്തിൽനിന്ന് രാഷ്ട്രീയത്തിലെത്തുന്ന ആദ്യത്തെയാൾ

ഹൈദരാബാദ്: ഹൈദരാബാദിലെ ഏഴാമത് നൈസാമിന്റെ പൗത്രനായ നവാബ് മിർ നജഫ് അലി ഖാൻ കോൺഗ്രസിൽ ചേർന്നു. ഏഴാമത് നൈസാമായ മിർ ഉസ്മാൻ അലി ഖാന്റെ പൗത്രനും പ്രിൻസ് ഹഷാം ജാ ബഹാദൂറിന്റെ മകനുമായ നജഫ് അലി ഖാൻ ഞായറാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ ചേർന്നത്.

‘ഞങ്ങളുടെ നാലു തലമുറകൾ ഗാന്ധിമാരുമായി സഹകരിച്ച് പ്രവർത്തിച്ചവരായിരുന്നു. അതിന്റെ തുടർച്ച മാത്രമാണിത്. ഇപ്പോൾ പാർട്ടിയിൽ ചേർന്നതിലൂടെ ഞങ്ങൾ ആ ബന്ധം ഔദ്യോഗികമാക്കിയിരിക്കുന്നു’ -ഖാർഗെക്കു പുറമെ മറ്റു പ്രമുഖ നേതാക്കളും പ​ങ്കെടുത്ത ചടങ്ങിൽ കോൺഗ്രസിൽ ചേർന്ന ശേഷം നജഫ് അലി ഖാൻ പറഞ്ഞു.

നൈസാം കുടുംബത്തിൽനിന്ന് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്ന ആദ്യത്തെയാളാണ് നജഫ് അലി ഖാൻ. ജവഹർലാൽ നെഹ്റു മുതൽ രാഹുൽ ഗാന്ധി വരെയുള്ളവരുടെ കാലത്ത് രാജ്യത്തിനുവേണ്ടി ഒരുപാട് സംഭാവന ചെയ്തവരാണ് നൈസാം കുടുംബമെന്ന് ചടങ്ങിൽ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ചൈനയുമായുള്ള യുദ്ധവേളയിൽ മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർശാസ്ത്രിക്ക് ടൺകണക്കിന് സ്വർണം നൽകിയവരാണ് നൈസാം കുടുംബമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മിർ ഉസ്മാൻ അലി ഖാൻ: ഏറ്റവും ധനികനായിരുന്ന ഹൈദരാബാദ് നൈസാം

1911 മുതൽ 1948 വരെയാണ് മിർ ഉസ്മാൻ അലി ഖാൻ ഹൈദരാബാദ് നൈസാമായി ഭരണം നടത്തിയത്. ഹൈദരാബാദിലെ ഏറ്റവും ധനികനായിരുന്ന നൈസാമായിരുന്നു അദ്ദേഹം. 236 ബില്യൺ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നാണ് കണക്കുകൾ. കോടിക്കണക്കിന് രൂപ വിലയുള്ള അതിവിശിഷ്ടമായ രത്നമാണ് അദ്ദേഹം പേപ്പർവെയ്റ്റായി ഉപയോഗിച്ചിരുന്ന​തത്രെ. അ​ന്നത്തെ കാലത്ത് 50 റോൾസ് റോയ്സ് കാറുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഗോൽകൊണ്ട വജ്ര ഖനികളായിരുന്നു അ​ദ്ദേഹത്തിന്റെ അളവില്ലാത്ത സ്വത്തുക്കളുടെ ഉറവിടം. 1937ൽ ടൈംസ് മാഗസിൻ ‘ഭൂമിയിലെ ഏറ്റവും ധനികനായ മനുഷ്യൻ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു.

മിർ ഉസ്മാൻ അലി ഖാൻ

ധനികൻ എന്നതിനു പുറമെ മികച്ച ഭരണാധികാരിയുമായിരുന്ന മിർ ഉസ്മാൻ അലി ഖാൻ ‘ആധുനിക ഹൈദരാബാദി​ന്റെ ശിൽപി’ എന്നാണ് അറിയപ്പെടുന്നത്. നഗരത്തിന്റെ വികസനത്തിന് അത്രയേ​റെ സംഭാവനകളാണ് അദ്ദേഹം നൽകിയത്. 1918ൽ ഉസ്മാനിയ യൂനിവേഴ്സിറ്റി സ്ഥാപിച്ച അദ്ദേഹമാണ് ഹൈദരാബാദിൽ വൈദ്യുതിയെത്തിച്ചത്. ഉസ്മാനിയ ജനറൽ ഹോസ്പിറ്റൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ബീഗംപേട്ട് എയർപോർട്ട്, ഹൈദരാബാദ് ഹൈക്കോടതി എന്നിവ സ്ഥാപിച്ചു.

നൈസാമായിരിക്കേ അദ്ദേഹം ഹൈദരാബാദിലെ റോഡ്, റെയിൽ വികസനം ത്വരിതപ്പെടുത്തി. നഗരത്തെ പ്രളയത്തിൽനിന്ന് രക്ഷിക്കാൻ ഉസ്മാൻ സാഗർ, ഹിമായത്ത് സാഗർ തടാകങ്ങളും നൈസാം സാഗർ ഡാമും പണിതു. 1950ൽ ഹൈദരാബാദ് ഇന്ത്യയിൽ ലയിച്ച ശേഷം മിർ ഉസ്മാൻ അലി ഖാൻ ഹൈദരാബാദിന്റെ ‘രാജപ്രമുഖ്’ ആയിരുന്നു. 1950 മുതൽ 1956 വരെ ആ പദവിയിൽ അ​ദ്ദേഹം തുടർന്നു. 1967 ഫെബ്രുവരി 24ന് 80-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.

Tags:    
News Summary - Grandson of 7th Nizam of Hyderabad Najaf Ali Khan joins Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.