അഹ്മദബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര യാദവിന്‍റെ പ്രകടനത്തിൽ കേന്ദ്ര ഭരണകൂടം തൃപ്തരല്ല എന്ന രാഷ്ട്രീയ വിശകലനം നടത്തിയതിന് ഗുജറാത്ത് സായാഹ്ന പത്രമായ സൗരാഷ്ട്ര ഹെഡ്ലൈൻസ് എന്ന പത്രത്തിന്‍റെ എഡിറ്റർ അനിരുദ്ധ് നകുമിനെ അറസ്റ്റ് ചെയ്തു. രാജ്കോട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രമാണിത്. സർക്കാരിന്‍റെ അറിവോടെ നടത്തിയ അറസ്റ്റിൽ മാധ്യമങ്ങൾ കടുത്ത പ്രതിഷേധം അറിയിച്ചു.
രാജ്കോട്ട്, സൗരാഷ്ട്ര പ്രദേശങ്ങളിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. ഗുജറാത്തിൽ ഡിസംബറിൽ അസംബ്ലി തെരഞ്ഞടുപ്പ് നടത്താനിരിക്കുകയാണ്. തെരഞ്ഞെടുപ്പടുക്കുമ്പോൾ രാഷ്ട്രീയ വിമർശനങ്ങളും വിശകലനങ്ങളും മാധ്യമങ്ങൾ ചെയ്യുന്നതാണെന്നും മാധ്യമ പ്രവർത്തകരെ ഇത്തരത്തിൽ ക്രൂശിക്കരുതെന്നും അവർ ശബ്ദമുയർത്തി.
"ഗുഡ് ബൈ ഭൂപേന്ദ്രജി, വെൽകം രൂപാല" എന്നായിരുന്നു നകും എഴുതിയ സ്റ്റോറിയുടെ തലക്കെട്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രിയായ ഭൂപേന്ദ്ര പട്ടേലിന്‍റെ പ്രകടനത്തിൽ കേന്ദ്രം അസന്തുഷ്ടരാണെന്നും അദ്ദേഹത്തെ മാറ്റാൻ സാധ്യത ഉണ്ടെന്നും നകും സ്റ്റോറിയിൽ വിവരിക്കുന്നു. ഗുജറാത്ത് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന മാധവ് സിങ് സോളങ്കി 182 അസംബ്ലി സീറ്റുകളിൽ 149ഉം നേടിയാണ് വിജയിച്ചത്. ഈ റെക്കോഡ് മറികടക്കാൻ ഇത്തവണ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഭൂപേന്ദ്രക്ക് പകരം കേന്ദ്ര മന്ത്രിമാരായ പുരുഷോത്തം രുപാലയെയോ മൻസുഖ് മാണ്ഡവ്യയെയോ ആയിരിക്കും സ്ഥാനാർഥിയായി നിർത്താൻ സാധ്യത എന്നാണ് നകും എഴുതിയത്. ഇരുവരും സൗരാഷ്ട്രയിൽ നിന്നുള്ള വ്യക്തികളുമാണ്. ഗ്രാമീണ പശ്ചാത്തലം കൂടുതൽ ഉള്ള രൂപാലക്കാണ് സാധ്യത കൂടുതലെന്നും നകും കുറിച്ചിരുന്നു.
എന്നാൽ ഇതേ വാർത്ത മറ്റ് പത്രങ്ങളും കൊടുത്തിരുന്നെന്നും 'സൗരാഷ്ട്ര ഹെഡ്ലൈൻസ്'ന്‍റെ അത്രയും വ്യക്തമായി മറ്റുള്ളവർ എഴുതിയിരുന്നില്ല എന്നതാണ് വ്യത്യാസമെന്നും പത്രത്തിന്‍റെ മേധാവിയായ ജഗ്ദീഷ് മെഹ്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.